കരാർ പുതുക്കിയില്ലെങ്കിൽ ഡെംബലെക്കെതിരെ ബാഴ്സലോണ കടുത്ത നടപടി സ്വീകരിക്കാൻ സാധ്യത


പെഡ്രി, അൻസുഫാറ്റി എന്നിവർക്ക് ദീർഘകാല കരാർ നൽകിയ ബാഴ്സലോണക്കു മുന്നിൽ ഇനിയുള്ള പ്രധാന ലക്ഷ്യം മുന്നേറ്റനിര താരമായ ഒസ്മാനെ ഡെംബലെയുടെ കരാർ പുതുക്കുകയാണ്. ഈ സീസൺ അവസാനിക്കുന്നതോടെ കരാർ അവസാനിക്കുന്ന ഫ്രഞ്ച് താരം അതു പുതുക്കുമെന്ന ഉറച്ച പ്രതീക്ഷ ബാഴ്സക്കുണ്ടെങ്കിലും അങ്ങിനെ സംഭവിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് ക്ലബ് നേതൃത്വം കടക്കുമെന്നാണ് മാർക്ക റിപ്പോർട്ടു ചെയ്യുന്നത്.
ഒരു വർഷം മാത്രം കരാറിൽ ബാക്കി നിൽക്കെ അതു പുതുക്കാൻ തയ്യാറാവാതെ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാൻ താൽപര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മധ്യനിര താരമായ ഐലക്സ് മൊറീബയെ ബാഴ്സ ഈ സീസണിന്റെ തുടക്കത്തിൽ സീനിയർ ടീമിന്റെ ഭാഗമാക്കാതിരിക്കുകയും മത്സരങ്ങളിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. കരാർ പുതുക്കിയില്ലെങ്കിൽ ഡെംബലെയും സമാനമായ സാഹചര്യം നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
They did the same with Ilaix Moriba in the summer.https://t.co/bJ3N4PolmZ
— MARCA in English (@MARCAinENGLISH) October 26, 2021
"താരം ടീമിനൊപ്പം തുടരണമെന്ന ആഗ്രഹമാണ് ഞങ്ങൾക്കുള്ളത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ടീമിലെ വളരെ നിർണായക ശക്തിയാവാൻ കഴിയുന്ന, നിലവാരമുള്ള താരമാണ് അദ്ദേഹം. താരത്തിന്റെ കരാർ പുതുക്കുക എന്നതു തന്നെയാണ് പ്രധാന ലക്ഷ്യം." ഡെംബലെയുടെ കരാറുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന അനിശ്ചിതത്വങ്ങളെ കുറിച്ച് ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ പറഞ്ഞു.
"താരം കരാർ പുതുക്കാൻ തയ്യാറായില്ലെങ്കിൽ എന്നതാണ് മറ്റൊരു കാര്യം. ക്ലബുമായി സംസാരിച്ച് അതിനെ കൈകാര്യം ചെയ്യാൻ ഏറ്റവും മികച്ചൊരു വഴി തന്നെ കണ്ടെത്തണം. താരം കരാർ പുതുക്കിയില്ലെങ്കിൽ എന്തു ചെയ്യണം എന്നതിനെക്കുറിച്ച് ഞങ്ങൾ ഇതുവരെയും ഒരു കൃത്യമായ പദ്ധതി തയ്യാറാക്കിയിട്ടില്ല." കൂമാൻ വ്യക്തമാക്കി.
താരത്തിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇതുവരെയും കൂടുതൽ മുന്നോട്ടു പോയിട്ടില്ലെങ്കിലും അതു നടക്കുമെന്നു തന്നെയാണ് ക്ലബ് നേതൃത്വം ഉറച്ചു വിശ്വസിക്കുന്നത്. 2025 വരെയാണ് ബാഴ്സലോണ താരത്തിന്റെ കരാർ പുതുക്കാൻ ആലോചിക്കുന്നത്. അതിനിടയിൽ ന്യൂകാസിൽ യുണൈറ്റഡ് ഡെംബലെയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.