Football in Malayalam

ഗോൾക്ഷാമം പരിഹരിക്കാൻ ബ്രസീലിയൻ സ്‌ട്രൈക്കറെ കണ്ടെത്തി ബാഴ്‌സലോണ, ജനുവരിയിൽ ടീമിലെത്തിക്കാൻ ചർച്ചകൾ നടക്കുന്നു

Sreejith N
FC Basel v Ujpest - UEFA Conference League: Third Qualifying Round Leg Two
FC Basel v Ujpest - UEFA Conference League: Third Qualifying Round Leg Two / Christian Kaspar-Bartke/GettyImages
facebooktwitterreddit

ആക്രമണത്തിലൂന്നി കളിക്കുന്നുണ്ടെങ്കിലും ഗോളുകൾ നേടാൻ കഴിയാതെ പതറുന്ന ബാഴ്‌സലോണ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ സ്‌ട്രൈക്കറെ ടീമിലെത്തിക്കാൻ തയ്യാറെടുക്കുന്നു. സ്‌പാനിഷ്‌ മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം സ്വിസ് ക്ലബായ എഫ്‌സി ബേസലിന്റെ ബ്രസീലിയൻ താരമായ ആർതർ കബ്രാളിനെയാണ് ബാഴ്‌സലോണ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്.

1.86 മീറ്റർ ഉയരവും 90 കിലോയോളം ഭാരവുമുള്ള കായികപരമായി വളരെ മുന്നിൽ നിൽക്കുന്ന കബ്രാൾ പ്രതിരോധതാരങ്ങൾക്ക് മാർക്ക് ചെയ്യാൻ വളരെ പ്രയാസമുള്ള താരമാണെന്നതിനു പുറമെ ഷോട്ടുകൾ ഉതിർക്കാനും മികച്ച കഴിവുണ്ട്. ബോക്സിനുള്ളിൽ അപകടകാരിയ താരത്തിന് ബാഴ്‌സലോണയുടെ ശൈലിക്ക് അനുയോജ്യമായ തരത്തിൽ ലിങ്ക് പ്ലേ നടത്താനും ഇരുകാലുകൾ കൊണ്ട് ഷോട്ടുതിർക്കാനും കഴിയും.

2019ൽ ബ്രസീലിയൻ ക്ലബായ പാൽമീറാസിൽ നിന്നും സ്വിസ് ക്ലബ്ബിലേക്ക് ചേക്കേറിയ കബ്രാൾ ഈ സീസണിൽ തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. 24 മത്സരങ്ങളിൽ നിന്നും 23 ഗോളുകൾ നേടിയ താരം എട്ട് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. 2023ൽ കരാർ അവസാനിക്കും എന്നിരിക്കെ 15 മുതൽ 20 മില്യൺ യൂറോയോളം നൽകിയാൽ താരത്തെ സ്വന്തമാക്കാൻ കഴിയുമെന്നതു ബാഴ്‌സയുടെ താൽപര്യം വർധിപ്പിക്കുന്നുണ്ട്.

മുൻ ബാഴ്‌സലോണ താരമായ ഡെക്കോയാണ് കബ്രാളിൽ കാറ്റലൻ ക്ലബിനു താൽപര്യമുണ്ടാകാനുള്ള വഴി വെച്ചത്. ബാഴ്‌സലോണക്കു വേണ്ടി ബ്രസീലിൽ നിന്നും പോർച്ചുഗലിൽ നിന്നുമുള്ള പ്രതിഭകളെ കണ്ടെത്താനുള്ള ചുമതലയുള്ള ഡെക്കോ കബ്രാളിനെപ്പറ്റി വളരെ മികച്ച റിപ്പോർട്ടുകളാണ് ബാഴ്‌സലോണയുടെ നേതൃത്വത്തിന് നൽകിയിരിക്കുന്നത്.

നിലവിൽ ബാഴ്‌സലോണ നേരിട്ടു കൊണ്ടിരിക്കുന്ന ഗോൾക്ഷാമം മറികടക്കാൻ കബ്രാളിന്റെ വരവോടു കൂടി കഴിയുമെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്. സ്വിസ് ക്ലബുമായി ബാഴ്‌സലോണ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും ബ്രസീലിയൻ താരത്തിനു ബാഴ്‌സയിലെത്താൻ താൽപര്യമുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

facebooktwitterreddit