Football in Malayalam

ബാഴ്‌സലോണക്കും അർജന്റീനക്കും തിരിച്ചടി, അഗ്യൂറോ മൂന്നു മാസം പുറത്ത്

Sreejith N
Rayo Vallecano v FC Barcelona - La Liga Santander
Rayo Vallecano v FC Barcelona - La Liga Santander / Denis Doyle/GettyImages
facebooktwitterreddit

ഡിപോർറ്റീവോ അലാവസിനെതിരെ നടന്ന ലീഗ് മത്സരത്തിനിടെ ഹൃദയാസ്വാസ്ഥ്യം വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സെർജിയോ അഗ്യൂറോ മൂന്നു മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്ന് ബാഴ്‌സലോണ സ്ഥിരീകരിച്ചു. ഹൃദയമിടിപ്പിന്റെ ക്രമത്തിൽ വ്യത്യാസം വരുന്ന അസുഖം കണ്ടെത്തിയതിനെ തുടർന്നാണ് താരത്തിന് ഇത്രയും കാലം വിശ്രമം നിർദേശിച്ചിരിക്കുന്നത്.

അലാവസിനെതിരെ ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയിരുന്ന അഗ്യൂറോക്ക് നാൽപതു മിനുട്ട് പിന്നിട്ടപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട താരത്തിന് കൂടുതൽ പരിശോധനകൾ നടത്തിയപ്പോഴാണ് അസുഖം കണ്ടെത്തിയത്. മൂന്നു മാസത്തോളമാണ് വിശ്രമം നിർദേശിച്ചിരിക്കുന്നത് എങ്കിലും ചികിത്സയുടെ പുരോഗതി അനുസരിച്ച് അതിൽ മാറ്റം വന്നേക്കാം.

"ഞാൻ സുഖമായിരിക്കുന്നു, ചികിത്സാപ്രക്രിയ കൃത്യമായി മുന്നോട്ടു കൊണ്ടു പോകാൻ ഞാൻ തയ്യാറായിരിക്കയാണ്. നിങ്ങൾ സ്നേഹത്തോടെ, പിന്തുണ നൽകുന്നതിനായി അയച്ച എല്ലാ സന്ദേശങ്ങൾക്കും ഞാൻ നന്ദി പറയുന്നു. അതെന്റെ ഹൃദയത്തെ കൂടുതൽ കരുത്തുറ്റതാക്കിയിട്ടുണ്ട്." അഗ്യൂറോ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ നിരവധി താരങ്ങളാണ് അഗ്യൂറോക്ക് തങ്ങളുടെ പിന്തുണ അറിയിച്ചത്. മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ അയ്മെറിക് ലപോർട്ടെ, മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡി ഗിയ, ബാഴ്‌സലോണ താരങ്ങളായ പിക്വ, പെഡ്രി എന്നിവരെല്ലാം താരത്തിനു പിന്തുണയുമായി രംഗത്തു വന്നിരുന്നു.

സീസൺ ആരംഭിച്ചതു മുതൽ പരിക്കേറ്റു പുറത്തിരുന്നിരുന്ന അഗ്യൂറോ അടുത്തിടെയാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. ബാഴ്‌സലോണ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയത്താണ് താരത്തിനു മൂന്നു മാസം നഷ്ടമാവുന്നതെന്നത് വലിയ തിരിച്ചടി തന്നെയാണ്. ഈ മാസം ബ്രസീലിനെ നേരിടാനിരിക്കുന്ന അർജന്റീന ടീമിലും അഗ്യൂറോ ഉണ്ടാവില്ല.

facebooktwitterreddit