FC Barcelona News

200 മില്യൺ യൂറോയുടെ പുതിയ കരാറൊപ്പിടാൻ ധാരണയിലെത്തി ബാഴ്‌സലോണ

Sreejith N
Barcelona Close To Finalise 200 Million BLM Deal
Barcelona Close To Finalise 200 Million BLM Deal / Quality Sport Images/GettyImages
facebooktwitterreddit

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണ വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിനെ ശക്തിപ്പെടുത്താൻ വേണ്ടി നിരവധി നിക്ഷേപകരുമായി ചർച്ച നടത്തുകയാണ്. ക്ലബ്ബിലേക്ക് ഫണ്ടുകൾ എത്തിച്ചാൽ മാത്രമേ പുതിയ താരങ്ങളുമായി കരാർ ഒപ്പിടാൻ കഴിയൂവെന്നതാണ് ബാഴ്‌സലോണയെ ഈ നീക്കങ്ങൾക്കു പ്രേരിപ്പിക്കുന്നത്.

ഇപ്പോൾ ക്ലബിന്റെ ആസ്‌തികളിൽ ചിലതു വിറ്റ് ഇരുനൂറു മില്യൺ യൂറോ സമാഹരിക്കാനുള്ള കരാറിന് ബാഴ്‌സലോണ ധാരണയിൽ എത്തിയിട്ടുണ്ടെന്നാണ് 2പ്ലേബുക്കിനെ അധികരിച്ച് മാർക്ക വെളിപ്പെടുത്തുന്നത്. ബാഴ്‌സ ലൈസൻസിങ് മെർക്കന്റൈസിന്റെ 49 ശതമാനം ഓഹരികൾ വിറ്റാണ് ഈ തുക ക്ലബ് നേടുക.

ഈ ഇരുനൂറു മില്യൺ യൂറോ ലഭിക്കുന്നതോടെ അടുത്ത സീസണു മുന്നോടിയായി ക്ലബിന്റെ സാമ്പത്തിക കണക്കുകൾ കൃത്യമാക്കാൻ ബാഴ്‌സലോണക്ക് കഴിയും. ബാഴ്‌സലോണ അംഗങ്ങളുടെ സ്‌പെഷ്യൽ അസംബ്ലിയിൽ ഇതിനു സമ്മതം വാങ്ങണം എന്നതിനാൽ ജൂൺ 30 ശേഷമാകും ഡീൽ മുഴുവനാക്കി പ്രഖ്യാപനം നടത്തുക.

ബാഴ്‌സലോണ നേരത്തെ ആവശ്യപ്പെട്ടതിലും കുറഞ്ഞ തുകക്കാണ് ഈ ഡീൽ നടപ്പിലാക്കുന്നത്. ഈ കരാറിൽ നിലവിൽ വിറ്റ ഓഹരികൾ വീണ്ടും വാങ്ങാനുള്ള ഉടമ്പടി വേണമെന്ന് ബാഴ്‌സ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ലബ് പ്രസിഡന്റായ യോൻ ലപോർട്ട ഇക്കാര്യം ആഴ്ചകൾക്കു മുൻപ് സ്ഥിരീകരിച്ചിരുന്നു.

ഇതിനു പുറമെ സിവിസി കരാർ ഒപ്പിടാനുള്ള നീക്കങ്ങളും ബാഴ്‌സ നടത്തുന്നുണ്ട്. ഇതുവഴി കൂടുതൽ വരുമാനം വരുമെന്നതിനാൽ ബാഴ്‌സയുടെ പ്രതിഫലബില്ലിൽ മാറ്റം വരികയും ക്ലബ്ബിലേക്ക് വരുന്ന സമ്മറിൽ കൂടുതൽ താരങ്ങളെ എത്തിക്കാൻ കഴിയുകയും ചെയ്യും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit