Football in Malayalam

സ്വന്തമാക്കിയ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ കഴിയില്ല, സമാനതകളില്ലാത്ത പ്രതിസന്ധിയിൽ ബാഴ്‌സലോണ

Sreejith N
FC Barcelona Sign Sergio Aguero
FC Barcelona Sign Sergio Aguero / David Ramos/Getty Images
facebooktwitterreddit

സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ബാഴ്‌സലോണ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നാണ് സ്പെയിനിൽ നിന്നും പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ സീസണിൽ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു വീണ ടീമിന് ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കിയ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ പോലും കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് ഗോൾ റിപ്പോർട്ടു ചെയ്യുന്നത്.

ക്ലബിലെ താരങ്ങളുടെ വേതനബില്ലാണ്‌ ബാഴ്‌സലോണയെ ബുദ്ധിമുട്ടിലാക്കുന്ന പ്രധാന ഘടകം. യൂറോപ്പിൽ തന്നെ ഏറ്റവുമധികം തുക താരങ്ങൾക്കു പ്രതിഫലമായി നൽകുന്ന ക്ലബിന്റെ വേതനവ്യവസ്ഥകൾ ഇപ്പോൾ പരമാവധിയിൽ എത്തിയിരിക്കുന്നു. അതുകൊണ്ടു തന്നെ ലാ ലിഗ നിയമപ്രകാരം അടുത്ത സീസണിലേക്കായി പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യണമെങ്കിൽ നിലവിലുള്ള താരങ്ങളുടെ വേതനം കാറ്റലൻ ക്ലബ് വെട്ടിക്കുറക്കണം.

ഒൻപതു മില്യൺ യൂറോ മാത്രം ചിലവാക്കി അടുത്ത സീസണിലേക്കായി ഇതുവരെ നാലു താരങ്ങളെയാണ് ബാഴ്‌സലോണ ടീമിലെത്തിച്ചിരിക്കുന്നത്. ഫ്രീ ട്രാൻസ്ഫറിൽ എത്തിയ മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ സെർജിയോ അഗ്യൂറോ, എറിക് ഗാർസിയ, ലിയോൺ താരം മെംഫിസ് ഡീപേയ് എന്നിവർക്കു പുറമെ ഒൻപതു മില്യണിലധികം നൽകി എമേഴ്‌സണെയും ഇതുവരെ രജിസ്റ്റർ ചെയ്യാൻ ക്ലബിന് കഴിഞ്ഞിട്ടില്ല.

പുതിയതായി സ്വന്തമാക്കിയ താരങ്ങളെ ടീമിന്റെ ഭാഗമാക്കുന്നതിനു വേണ്ടി നിലവിലുള്ള താരങ്ങളെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ ആരംഭിച്ചിട്ടുണ്ട്. ഫ്രാൻസിസ്‌കോ ട്രിൻകാവോ വോൾവ്‌സിലേക്ക് ലോൺ കരാറിൽ ചേക്കേറിയതിനു പുറമെ കോൺറാഡ് ഡി ലാ ഫ്യൂവന്റെ മാഴ്‌സയിലുമെത്തി. ജൂനിയർ ഫിർപ്പോ ലീഡ്‌സിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ ഒരുങ്ങിയിരിക്കുകയാണ്.

ബ്രസീലിയൻ മധ്യനിര താരമായ മത്തേയൂസ് ഫെർണാണ്ടസിന്റെ കരാർ അവസാനിപ്പിച്ച ബാഴ്‌സലോണ ഉംറ്റിറ്റി, പ്യാനിച്ച് എന്നിവരുടെ കാര്യത്തിലും സമാനമായ നീക്കങ്ങൾ നടത്തിയെങ്കിലും ഇരുവരും അതിനു തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതിനു പുറമെ കുട്ടീന്യോ, ഗ്രീസ്മാൻ എന്നിവരുടെ ട്രാൻസ്ഫറും ബാഴ്‌സ പരിഗണിക്കുന്നുണ്ട്.

വേതനബിൽ വെട്ടിക്കുറച്ചില്ലെങ്കിൽ മെസിയുടെ കരാർ പുതുക്കൽ നടക്കില്ലെന്ന പ്രതിസന്ധിയും ബാഴ്‌സക്ക് മുന്നിലുണ്ട്. മെസിക്ക് വേണ്ടി യാതൊരു വിട്ടുവീഴ്‌ചയും നൽകില്ലെന്ന് ലാ ലിഗ പ്രസിഡന്റ് ടെബാസും വ്യക്തമാക്കിയതോടെ സമീപകാലത്തൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത വലിയൊരു കടമ്പയാണ് ബാഴ്‌സയ്ക്ക് അടുത്ത സീസണു മുൻപ് മറികടക്കേണ്ടത്.

facebooktwitterreddit