Football in Malayalam

മെസിയില്ലാത്ത ബാഴ്‌സലോണ ലോകത്തിലെ മികച്ച ക്ലബാകുമെന്നു പ്രതീക്ഷിക്കാൻ കഴിയില്ലെന്ന് കൂമാൻ

Sreejith N
Athletic Club v FC Barcelona - La Liga Santander
Athletic Club v FC Barcelona - La Liga Santander / Juan Manuel Serrano Arce/Getty Images
facebooktwitterreddit

ടീമിന്റെ നായകനും പ്രധാന താരവുമായ ലയണൽ മെസി ക്ലബ് വിട്ടതിന്റെയും അതിനെ മറികടക്കാൻ കഴിയുന്ന തരത്തിലുള്ള സൈനിങ്‌ ബാഴ്‌സലോണക്ക് നടത്താൻ കഴിഞ്ഞില്ലെന്നതിലെയും നിരാശ വെളിപ്പെടുത്തി പരിശീലകൻ റൊണാൾഡ്‌ കൂമാൻ. ലയണൽ മെസിയുടെ സാന്നിധ്യം നഷ്ടമായതോടെ ബാഴ്‌സലോണ ലോകത്തിലെ മികച്ച ക്ലബാണെന്നു കരുതാൻ കഴിയില്ലെന്നും ഭാവിയെ മുൻനിർത്തിയാണ് ഇപ്പോൾ ടീമിനെ ഒരുക്കുന്നതെന്നും കൂമാൻ പറഞ്ഞു.

"ഈ ക്ലബ്ബിനെ സ്നേഹിക്കുന്നവരുടെ മാനസികാവസ്ഥ എങ്ങിനെ ആയിരിക്കുമെന്ന് എനിക്കറിയാം, എന്നാൽ ക്ലബിന്റെ സാമ്പത്തിക സ്ഥിതി അതുപോലെയാണ്. ഇതു വളരെ അസ്വസ്ഥതയുണ്ടാക്കുന്നു, പക്ഷെ യാഥാർത്ഥ്യ ബോധമുണ്ടായിരിക്കണം.പിഎസ്‌ജി, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകളോട് സാമ്പത്തികപരമായി പോരാടാൻ ഞങ്ങൾക്കാവില്ല. അത് മനസിലാക്കിയേ മതിയാകൂ."

"പരമാവധി ആഗ്രഹത്തോടെ തുടർന്ന് വിജയിക്കാനുള്ള മനോഭാവം ഉണ്ടാക്കുകയാണു വേണ്ടത്. എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച ടീമായി ഞങ്ങൾക്ക് സ്വയം കരുതാൻ കഴിയില്ല. കാരണം ഞങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ച താരത്തെ നഷ്ടമായതു കൊണ്ടു തന്നെ യാഥാർഥ്യബോധത്തോടെ മുന്നോട്ടു പോണം. ടീം വ്യത്യസ്ഥമായതിനാൽ സാധാരണ ലഭിച്ചിരുന്നത് ഞങ്ങൾക്ക് പ്രതീക്ഷിക്കാൻ കഴിയില്ല."

"ഭാവിയിൽ തിളക്കമാർന്നു നിൽക്കാൻ കഴിയുന്ന ഒരു ടീമിനെയാണ് ഞങ്ങൾ നിർമിച്ചു കൊണ്ടിരിക്കുന്നത്, പക്ഷെ ക്ഷമ ഉണ്ടാവണം. ഇപ്പോൾ പതിനെട്ടു വയസുള്ള പെഡ്രി ഇരുപത്തിനാലാം വയസിൽ ഇങ്ങിനെയായിരിക്കില്ല. നികോ ഗോൺസാലസും മറ്റുള്ളവരും അങ്ങിനെ തന്നെ. ഞങ്ങൾ കെട്ടിപ്പടുത്തു കൊണ്ടിരിക്കയാണ്, അതിനു സമയമെടുക്കും." സ്പോർട്ടിനോട് കൂമാൻ പറഞ്ഞു.

ലാലിഗയിലെ മൂന്നാമത്തെ മത്സരത്തിൽ ഇന്നു രാത്രി ഗെറ്റാഫയെ നേരിടാനിരിക്കയാണ് ബാഴ്‌സലോണ. സീസണിലെ ആദ്യത്തെ മത്സരം വിജയിച്ച ബാഴ്‌സലോണ രണ്ടാമത്തെ മത്സരത്തിൽ അത്‌ലറ്റിക് ബിൽബാവോയോട് സമനില വഴങ്ങി. കഴിഞ്ഞ മത്സരത്തിൽ ചുവപ്പുകാർഡ് നേടിയ എറിക് ഗാർസിയ ഇന്നത്തെ മത്സരത്തിനുള്ള ടീമിലുണ്ടാകില്ല.

facebooktwitterreddit