ഡെംബലെ ജനുവരിയിൽ ക്ലബ് വിടാതിരുന്നതിനു പിന്നിൽ രണ്ടു ക്ലബുകളാണെന്ന സംശയത്തിൽ ബാഴ്സലോണ


ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ ടീമിൽ നിന്നും ഒഴിവാക്കാനുറപ്പിച്ച താരമാണ് ഒസ്മാനെ ഡെംബലെ. ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്ന താരം അതു പുതുക്കാൻ തയ്യാറാവുന്നില്ലെങ്കിൽ ജനുവരിയിൽ ക്ലബ് വിടണമെന്ന് നേതൃത്വം വ്യക്തമാക്കുകയും ചെയ്തതാണ്. എന്നാൽ വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ വന്ന ഓഫറുകളെല്ലാം തള്ളി ബാഴ്സക്കൊപ്പം തുടരുകയാണ് ഡെംബലെ ചെയ്തത്.
സ്പാനിഷ് മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഡെംബലെ സ്വീകരിച്ച സമീപനത്തിൽ ബാഴ്സലോണയുടെ നേതൃത്വത്തിന് വളരെയധികം അമർഷമുണ്ട്. ജനുവരിയിൽ ഓഫറുകൾ ഇല്ലാതിരുന്നിട്ടല്ല, മറിച്ച് വന്ന ഓഫറുകളെല്ലാം നിരസിച്ചാണ് താരം ബാഴ്സയിൽ തുടരുന്നത്. ചെൽസി, പിഎസ്ജി, ടോട്ടനം ഹോസ്പർ എന്നീ ക്ലബുകളാണ് താരത്തിനായി ഓഫർ നൽകിയതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Barcelona believe Juve or Man United are behind Dembele no-deal https://t.co/kcOJp8vB77
— SPORT English (@Sport_EN) February 1, 2022
ഈ ഓഫറുകളെല്ലാം ഡെംബലെ തഴയാൻ കാരണം മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ് എന്നീ ക്ലബുകളിലൊന്നിന്റെ ഇടപെടൽ ആണെന്നു ബാഴ്സ വിശ്വസിക്കുന്നതായും സ്പോർട്ടിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റായി ഈ രണ്ടു ക്ലബുകളിൽ ഒന്നിലേക്ക് ചേക്കേറാൻ താരം ധാരണയിൽ എത്തിയിട്ടുണ്ടെന്നും അതുകൊണ്ടാണ് ജനുവരിയിൽ ക്ലബ് വിടാൻ താരം തയ്യാറാവാത്തതെന്നുമാണ് ബാഴ്സലോണ നേതൃത്വം കരുതുന്നത്.
ജനുവരിയിൽ ക്ലബ് വിട്ടില്ലെങ്കിൽ ഡെംബലെ ബാഴ്സലോണ ടീമിൽ കളിക്കില്ലെന്ന് സാവി വ്യക്തമാക്കിയിട്ടും താരത്തിന്റെ ട്രാൻസ്ഫറിനായി സജീവമായ ഇടപെടൽ നടത്താൻ ഏജന്റായ മൂസ സിസോക്കോ തയ്യാറായിട്ടില്ല. ഇതാണ് മറ്റു ക്ലബുമായി താരം പ്രീ കോണ്ട്രാക്റ്റ് ഒപ്പിട്ടിട്ടുണ്ടെന്ന ബാഴ്സലോണയുടെ സംശയം ബലപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ബാഴ്സലോണ പ്രസിഡന്റ് ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു.
കഴിഞ്ഞ രണ്ടു സമ്മർ ട്രാൻസ്ഫർ ജാലകങ്ങളിലും ഡെംബലെക്കു വേണ്ടി രംഗത്തു വന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനായി ജനുവരിയിൽ ഓഫറുകളൊന്നും നൽകിയില്ലെന്നതും ഇതിനൊപ്പം ചേർത്തു വായിക്കാവുന്നതാണ്. അതേസമയം കരാർ പുതുക്കാതെ ബാഴ്സലോണയിൽ തുടരുന്ന ഡെംബലെ ഇനി കളിക്കുമോ, അതോ സ്ക്വാഡിൽ നിന്നും പുറത്താകുമോ എന്നതാണ് ആരാധകർ ഉറ്റു നോക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.