FC Barcelona News

ചെൽസിയുടെ നീക്കങ്ങൾ അട്ടിമറിച്ച് കൂണ്ടെയെ സ്വന്തമാക്കാൻ ബാഴ്‌സലോണ ഒരുങ്ങുന്നു

Sreejith N
Barcelona And Sevilla Reportedly Reached Agreement For Jules Kounde
Barcelona And Sevilla Reportedly Reached Agreement For Jules Kounde / Fran Santiago/GettyImages
facebooktwitterreddit

സെവിയ്യ പ്രതിരോധതാരമായ ജൂൾസ് കൂണ്ടെക്കു വേണ്ടിയുള്ള ചെൽസിയുടെ നീക്കങ്ങളെ അട്ടിമറിക്കാൻ ബാഴ്‌സലോണ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം പ്രസിഡന്റായ ലപ്പോർട്ട ഫ്രഞ്ച് താരത്തെ സ്വന്തമാക്കുന്നതിൽ ബാഴ്‌സലോണ പരാജയപ്പെടാൻ സാധ്യതയുണ്ടെന്നു വെളിപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

റയൽ മാഡ്രിഡിനെതിരായ പ്രീ സീസൺ എൽ ക്ലാസിക്കോ മത്സരത്തിനു വേണ്ടി കഴിഞ്ഞ ദിവസം അമേരിക്കയിലെത്തിയ ലപോർട്ടയോട് മാധ്യമങ്ങൾ കൂണ്ടെക്കു വേണ്ടിയുള്ള ബാഴ്‌സയുടെ നീക്കങ്ങളെക്കുറിച്ച് ചോദിച്ചിരുന്നു. ഫ്രഞ്ച് താരം ചെൽസിയിൽ എത്താനാണ് സാധ്യതയെന്നാണ് ലപോർട്ട ഇതിനു മറുപടിയായി പറഞ്ഞത്.

ഇപ്പോൾ കാറ്റലൻ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ജെറാർഡ് റൊമേരോ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം ബാഴ്‌സയിലേക്കുള്ള കൂണ്ടെയുടെ ട്രാൻസ്‌ഫർ 99 ശതമാനവും പൂർത്തിയായിട്ടുണ്ട്. ക്ലബുകൾ തമ്മിൽ ഇക്കാര്യത്തിൽ ധാരണയിൽ എത്തിയെന്നും അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ സെവിയ്യ പ്രതിരോധതാരം ബാഴ്‌സയിൽ എത്തുമെന്നും അദ്ദേഹം പറയുന്നു.

നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ പ്രകാരം കൂണ്ടേക്കു വേണ്ടി ചെൽസി അൻപത്തിയഞ്ചു മില്യൺ പൗണ്ടാണ് വാഗ്‌ദാനം ചെയ്‌തിരുന്നത്‌. ബാഴ്‌സലോണയും ഇതേ തുകയോ അല്ലെങ്കിൽ അതിനേക്കാൾ കൂടുതലോ നൽകിയാവും ഫ്രഞ്ച് താരത്തെ സ്വന്തമാക്കാൻ ധാരണയിൽ എത്തിയത്.

കൂണ്ടെയെ സ്വന്തമാക്കാൻ ബാഴ്‌സലോണക്ക് കഴിഞ്ഞാൽ ഈ സമ്മറിൽ ചെൽസി ലക്ഷ്യമിട്ട രണ്ടാമത്തെ താരത്തെയാണ് കാറ്റലൻ ക്ലബ് ടീമിലെത്തിക്കുക. നേരത്തെ ചെൽസി സ്വന്തമാക്കാൻ ശ്രമം നടത്തിയ ലീഡ്‌സ് യുണൈറ്റഡ് താരം റഫിന്യയെയും ബാഴ്‌സലോണ സ്വന്തമാക്കിയിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit