Football in Malayalam

ബാലൺ ഡി ഓർ 2021: ഇന്ത്യയിലെ ടെലിവിഷൻ സംപ്രേഷണമടക്കമുള്ള മുഴുവൻ വിവരങ്ങളും

Sreejith N
TOPSHOT-FBL-FRA-AWARD
TOPSHOT-FBL-FRA-AWARD / THOMAS SAMSON/GettyImages
facebooktwitterreddit

കോവിഡ് മഹാമാരി മൂലം 2020 വർഷത്തെ ബാലൺ ഡി ഓർ അവാർഡ് പ്രഖ്യാപിക്കപ്പെട്ടില്ലെങ്കിലും 2021 വർഷത്തിലെ ഫുട്ബോൾ ലോകത്തെ സമുന്നത പുരസ്‌കാരത്തിന്റെ പ്രഖ്യാപനം ഇന്നു നടക്കാനിരിക്കെയാണ്‌. ലയണൽ മെസി കരിയറിൽ ഏഴാമത്തെ തവണയും പുരസ്‌കാരം നേടുമെന്ന റിപ്പോർട്ടുകൾ സജീവമാണെങ്കിലും റോബർട്ട് ലെവൻഡോസ്‌കി, കരിം ബെൻസിമ, ജോർജിന്യോ തുടങ്ങിയ താരങ്ങൾ അർജന്റീനിയൻ നായകനു വെല്ലുവിളി ഉയർത്തുന്നുണ്ട്. അവാർഡ് ഇന്നു രാത്രി പ്രഖ്യാപിക്കും എന്നിരിക്കെ അതേക്കുറിച്ച് പ്രധാന വിവരങ്ങൾ...

ബാലൺ ഡി ഓർ പുരസ്‌കാരം പ്രഖ്യാപിക്കപ്പെടുന്ന സമയം:

യൂറോപ്യൻ സമയമനുസരിച്ച് നവംബർ 29 തിങ്കളാഴ്‌ച രാത്രി 7.30നാണ് ഈ വർഷത്തെ ബാലൺ ഡി ഓർ പ്രഖ്യാപിക്കപ്പെടുക. ഇന്ത്യയിലുള്ളവർക്ക് നവംബർ 30 പുലർച്ചെ ഒരു മണിക്ക് പുരസ്‌കാരത്തിന്റെ പ്രഖ്യാപനം കാണാൻ കഴിയും. പാരീസിലെ തീയേറ്റർ ഡു ഷാറ്റലൈറ്റിലാണ് പുരസ്‌കാരം പ്രഖ്യാപിക്കപ്പെടുക. ഇതുമായി ബന്ധപ്പെട്ട യഥാർത്ഥ സമയം ഫ്രാൻസ് ഫുട്ബോൾ വെളിപ്പെടുത്തിയിട്ടില്ല എന്നതിനാൽ തന്നെ ചെറിയ മാറ്റങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്.

2021 ബാലൺ ഡി ഓറിനു നാമനിർദ്ദേശം ലഭിക്കപ്പെട്ടവർ (പുരുഷ വിഭാഗം)

റിയാദ് മഹ്റെസ് (മാഞ്ചസ്റ്റർ സിറ്റി, അൾജീരിയ)

എൻഗോളോ കാന്റെ (ചെൽസി, ഫ്രാൻസ്)

ഏർലിങ് ഹാലാൻഡ്‌ (ബൊറൂസിയ ഡോർട്മുണ്ട്, നോർവേ)

ലിയനാർഡോ ബൊനുച്ചി (യുവന്റസ്, ഇറ്റലി)

മേസൺ മൗണ്ട് (ചെൽസി, ഇംഗ്ലണ്ട്)

ഹാരി കേൻ (ടോട്ടനം ഹോസ്‌പർ, ഇംഗ്ലണ്ട്)

ജിയാൻലൂയിജി ഡോണറുമ്മ (എസി മിലാൻ/പിഎസ്‌ജി, ഇറ്റലി)

കരിം ബെൻസിമ (റയൽ മാഡ്രിഡ്, ഫ്രാൻസ്)

റഹീം സ്റ്റെർലിങ് (മാഞ്ചസ്റ്റർ സിറ്റി, ഇംഗ്ലണ്ട്)

നിക്കോളോ ബാരെല്ല (ഇന്റർ മിലാൻ, ഇറ്റലി)

ലയണൽ മെസി (ബാഴ്‌സലോണ/പിഎസ്‌ജി, അർജന്റീന)

ബ്രൂണോ ഫെർണാണ്ടസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്, പോർച്ചുഗൽ)

പെഡ്രി (ബാഴ്‌സലോണ, സ്പെയിൻ)

ലൂക്ക മോഡ്രിച്ച് (റയൽ മാഡ്രിഡ്, ക്രൊയേഷ്യ)

ജോർജിയോ കില്ലിനി (യുവന്റസ്, ഇറ്റലി)

കെവിൻ ബ്രൂയ്ൻ (മാഞ്ചസ്റ്റർ സിറ്റി, ബെൽജിയം)

നെയ്‌മർ (പിഎസ്‌ജി, ബ്രസീൽ)

റൂബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി, പോർച്ചുഗൽ)

ലൗടാരോ മാർട്ടിനസ് (ഇന്റർ മിലാൻ, അർജന്റീന)

സിമോൺ ക്യാർ (എസി മിലാൻ, ഡെന്മാർക്ക്)

റോബർട്ട് ലെവൻഡോസ്‌കി (ബയേൺ മ്യൂണിക്ക്, പോളണ്ട്)

ജോർജിന്യോ (ചെൽസി, ഇറ്റലി)

മൊഹമ്മദ് സലാ (ലിവർപൂൾ, ഈജിപ്‌ത്‌)

സെസാർ ആസ്പ്ലികുയറ്റ (ചെൽസി, സ്പെയിൻ)

റൊമേലു ലുക്കാക്കു (ഇന്റർ മിലാൻ/ചെൽസി, ബെൽജിയം)

ക്രിസ്റ്റ്യാനോ റൊണാൾഡോ (യുവന്റസ്/മാഞ്ചസ്റ്റർ യുണൈറ്റഡ്, പോർച്ചുഗൽ)

ജെറാർഡ് മൊറേനോ (വിയ്യാറയൽ, സ്പെയിൻ)

ഫിൽ ഫോഡൻ (മാഞ്ചസ്റ്റർ സിറ്റി, ഇംഗ്ലണ്ട്)

കെയ്‌ലിയൻ എംബാപ്പെ (പിഎസ്‌ജി, ഫ്രാൻസ്)

ലൂയിസ് സുവാരസ് (അത്ലറ്റികോ മാഡ്രിഡ്, യുറുഗ്വായ്)

ബാലൺ ഡി ഓർ പുരുഷ വിഭാഗത്തിനു പുറമെ വനിതാ വിഭാഗം പുരസ്‌കാരവും മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫിയും മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫിയും ഇതിനൊപ്പം പ്രഖ്യാപിക്കപ്പെടും.

ബാലൺ ഡി ഓർ ടിവി സംപ്രേഷണം:

ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയുടെ യൂട്യൂബ് ചാനലിൽ ബാലൺ ഡി ഓർ പുരസ്‌കാരവിതരണത്തിന്റെ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കും. ഇന്ത്യയിൽ സ്റ്റാർ സ്പോർട്സ് സെലെക്റ്റ് വൺ, സ്റ്റാർ സ്പോർട്സ് സെലക്റ്റ് എച്ച്ഡി വൺ ചാനലുകളിൽ രാത്രി ഒരു മണി മുതൽ ബാലൺ ഡി ഓർ അവാർഡ് ദാനച്ചടങ്ങിന്റെ സംപ്രേഷണം ഉണ്ടായിരിക്കും.

പുരസ്‌കാരങ്ങൾ നേടാൻ സാധ്യതയുള്ള താരങ്ങൾ:

2019ലാണ് അവസാനമായി ബാലൺ ഡി ഓർ പുരസ്‌കാരം സമ്മാനിക്കപ്പെട്ടത്. അന്ന് മെസി സ്വന്തമാക്കിയ അവാർഡിന് ഈ വർഷവും താരം തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നത്. ഇതിനു പുറമെ ലെവൻഡോസ്‌കി, ബെൻസിമ, ജോർജിന്യോ, കാന്റെ തുടങ്ങിയ താരങ്ങൾക്കും സാധ്യത കൽപ്പിക്കുന്നുണ്ട്.

ബാലൺ ഡി ഓർ വനിതാ വിഭാഗത്തിൽ ബാഴ്‌സലോണ താരം തന്നെയാണ് അവാർഡ് സ്വന്തമാക്കുക എന്നുറപ്പാണ്. അലെക്‌സിയ പുട്ടല്ലാസ്, കരോളിൻ ഗ്രഹാം ഹാൻസൻ, ഐറ്റാനാ ബോൺമാറ്റി, ജെന്നി ഹെർമോസ എന്നീ ബാഴ്‌സ താരങ്ങൾക്കൊപ്പം ചെൽസിയുടെ സാം കെറിനും സാധ്യത കൽപ്പിക്കപ്പെടുന്നു.

അതേസമയം മികച്ച ഗോൾകീപ്പർക്കുള്ള അവാർഡിൽ ഇറ്റലിയുടെ ജിയാൻലൂയിജി ഡോണറുമ്മ, എഡ്‌വേഡ്‌ മെൻഡി, എഡേഴ്‌സൺ എന്നിവർക്കാണ് സാധ്യതയുള്ളത്. യുവതാരത്തിനുള്ള കോപ്പ ട്രോഫി ബാഴ്‌സയുടെ പെഡ്രിയോ ഡോർട്മുണ്ടിന്റെ എർലിങ് ഹാലാൻഡോ സ്വന്തമാക്കും.

facebooktwitterreddit