Football in Malayalam

ബാലൺ ഡി ഓർ 2021: അറിയേണ്ട വിവരങ്ങളെല്ലാം

Sreejith N
TOPSHOT-FBL-FRA-AWARD
TOPSHOT-FBL-FRA-AWARD / THOMAS SAMSON/Getty Images
facebooktwitterreddit

കോവിഡ് മഹാമാരി മൂലമുള്ള ഒരു വർഷത്തെ ഇടവേളക്കു ശേഷം ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നവംബറിൽ പാരീസിൽ വെച്ചു പ്രഖ്യാപിക്കപ്പെടുകയാണ്. ലോക ഫുട്ബോളിലെ പരമോന്നത പുരസ്‌കാരങ്ങളിൽ ഒന്നായ ബാലൺ ഡി ഓറിന്റെ പുരുഷ വിഭാഗത്തിൽ ഇത്തവണ തുറന്ന മത്സരമാണ് നടക്കുന്നത്. ആരാണ് പുരസ്‌കാരം നേടുകയെന്ന കാര്യം ഇപ്പോഴും ഉറപ്പിക്കാൻ കഴിയാത്തതു കൊണ്ടു തന്നെ ആരാധകർ അതിനു വേണ്ടി ആവേശത്തോടെ കാത്തിരിക്കുന്നു.

സമ്മറിൽ അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയ ലയണൽ മെസി തന്റെ ഏഴാമത്തെ പുരസ്‌കാര നേട്ടത്തിനു വേണ്ടി മുൻപന്തിയിൽ തന്നെയുണ്ട്. ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗും ഇറ്റലിക്കൊപ്പം യൂറോ കിരീടവും നേടിയ ജോർജിന്യോയും മെസിയും തമ്മിലാണ് ഇത്തവണത്തെ ബാലൺ ഡി ഓറിനു വേണ്ടി പ്രധാനമായും മത്സരം ഉണ്ടാവുകയെന്നാണ് കരുതപ്പെടുന്നത്. ഇതിനു പുറമെ റോബർട്ട് ലെവൻഡോസ്‌കി, എൻഗോളോ കാന്റെ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കും പുരസ്‌കാരത്തിനു സാധ്യത കൽപ്പിക്കപ്പെടുന്നു.

അതേസമയം വനിതകളുടെ വിഭാഗത്തിൽ ബാഴ്‌സലോണ താരങ്ങളിൽ ഒരാൾ പുരസ്‌കാരം നേടുമെന്നു തന്നെ ഉറപ്പിക്കാവുന്നതാണ്. കഴിഞ്ഞ സീസണിൽ നേടിയ ട്രെബിൾ കിരീടമാണ് ബാഴ്‌സലോണയുടെ വനിതാ താരങ്ങളെ പുരസ്‌കാരത്തിനുള്ള സാധ്യതകളിൽ മുന്നിൽ നിർത്തുന്നത്.

ബാലൺ ഡി ഓർ പുരസ്‌കാരച്ചടങ്ങ് എവിടെ വെച്ച്?

പാരിസിലെ തീയേറ്റർ ഡു ഷാറ്റലെറ്റിൽ വെച്ച് നവംബർ 29 തിങ്കളാഴ്‌ചയാണ്‌ ബാലൺ ഡി ഓർ പുരസ്‌കാരം പ്രഖ്യാപിക്കുക. 2019ലെ ബാലൺ ഡി ഓർ പുരസ്‌കാരവും ഇതേ വേദിയിൽ വെച്ചാണ് വിതരണം ചെയ്‌തത്‌. അതേസമയം ചടങ്ങിന്റെ കൃത്യമായ സമയം ഇതുവരെയും ഫ്രാൻസ് ഫുട്ബോൾ പുറത്തു വിട്ടിട്ടില്ല.

ബാലൺ ഡി ഓർ മത്സരാർത്ഥികളുടെ അവസാന പട്ടിക പുറത്തു വരുന്നതെപ്പോൾ?

ബാലൺ ഡി ഓർ പുരസ്‌കാരത്തിനു വേണ്ടിയുള്ള അവസാന ഘട്ട മത്സരാർത്ഥികളുടെ പട്ടിക ഒക്ടോബർ 8 തിങ്കളാഴ്‌ചയാണ്‌ പുറത്തു വിടുക. മുപ്പതു പേരുള്ള ഈ പട്ടികക്കു പുറമെ മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി, മികച്ച അണ്ടർ 21 താരത്തിനുള്ള കോപ്പ ട്രോഫി എന്നിവക്കുള്ള താരങ്ങളുടെ പട്ടികയും അതിനൊപ്പം പുറത്തു വിടും.

ബാലൺ ഡി ഓർ 2021 ടിവി ചാനൽ/ സംപ്രേഷണ വിവരങ്ങൾ

ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയുടെ യൂട്യൂബ് ചാനലാണ് ബാലൺ ഡി ഓർ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഇതു സംബന്ധിച്ചുള്ള വിശദമായ വിവരങ്ങൾ ഫ്രാൻസ് ഫുട്ബോൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

2019 ബാലൺ ഡി ഓർ വിജയികൾ

ബാലൺ ഡി ഓർ: ലയണൽ മെസി

ബാലൺ ഡി ഓർ ഫെമിനിൻ: മെഗാൻ റാപിനോവേ

കോപ ട്രോഫി: മാത്തിയാസ് ഡി ലൈറ്റ്

യാഷിൻ ട്രോഫി: അലിസൺ ബക്കർ

2021 ബാലൺ ഡി ഓറിനു സാധ്യതയുള്ള താരങ്ങൾ

കഴിഞ്ഞ സീസണിൽ കോപ്പ ഡെൽ റേ മാത്രം സ്വന്തമാക്കിയ ബാഴ്‌സ മോശം പ്രകടനമാണ് നടത്തിയത് എങ്കിലും മെസി ലീഗിലെ ടോപ് സ്കോററായിരുന്നു. അതിനു പുറമെ കോപ്പ അമേരിക്കയിലും ടോപ് സ്കോററായി കിരീടത്തിലേക്ക് ടീമിനെ നയിച്ച താരത്തിനു തന്നെയാണ് ഇത്തവണ ബാലൺ ഡി ഓറിനു കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ഇതിനു പുറമെ ചെൽസി താരങ്ങളായ ജോർജിന്യോ, എൻഗോളോ കാന്റെ, ബയേൺ താരം റോബർട്ട് ലെവൻഡോസ്‌കി എന്നിവരും പുരസ്‌കാരത്തിനു സാധ്യതയുള്ളവരിൽ മുന്നിലുണ്ട്.

അതേസമയം മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫിക്ക് ഇറ്റലിക്കൊപ്പം യൂറോ കപ്പ് നേടിയ ജിയാൻലൂയിജി ഡോണറുമ്മ, ചെൽസിയെ ചാമ്പ്യൻസ്‌ലീഗ് വിജയത്തിലേക്ക് നയിച്ച എഡ്വേർഡ് മെൻഡി, പ്രീമിയർ ലീഗ് കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്‌സൺ എന്നിവർക്കാണ് കൂടുതൽ സാധ്യത. മികച്ച അണ്ടർ 21 താരത്തിനുള്ള പുരസ്‌കാരത്തിന് പെഡ്രി, ഹാലാൻഡ് എന്നിവർ തമ്മിലായിരിക്കും മത്സരം.

ബാലൺ ഡി ഓർ ഫെമിനിൻ നേടാൻ ബാഴ്‌സലോണ താരങ്ങൾക്കു തന്നെയാണ് ഏറ്റവുമധികം സാധ്യത. അലെക്സിയ പുട്ടല്ലാസ്, കരോളിൻ ഗ്രഹാം ഹാൻസൺ, ഐറ്റാന ബോൺമാറ്റി, ജെന്നി ഹെർമോസ എന്നീ ബാഴ്‌സലോണ താരങ്ങൾക്കൊപ്പം ചെൽസിയുടെ സാം കെറും പോഡിയത്തിലുണ്ടായേക്കും.


facebooktwitterreddit