ഖത്തർ ലോകകപ്പിനു ശേഷം വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് ഗാരെത് ബേൽ

Bale Says He Will Stay With LAFC More Than One Year
Bale Says He Will Stay With LAFC More Than One Year / Kevork Djansezian/GettyImages
facebooktwitterreddit

ഖത്തർ ലോകകപ്പിനു ശേഷം വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് വെയിൽസ്‌ താരം ഗാരെത് ബേൽ. റയൽ മാഡ്രിഡ് കരാർ അവസാനിച്ച് എംഎൽഎസ് ക്ലബായ ലോസ് ഏഞ്ചൽസ് എഫ്‌സിയിലേക്ക് ചേക്കേറിയ താരം 2024 വരേക്കു നീട്ടാമെന്ന ഉടമ്പടിയിൽ ഒരു വർഷത്തെ കരാറാണ് ഒപ്പിട്ടതെങ്കിലും ഒന്നിലധികം വർഷങ്ങൾ ക്ലബിൽ തുടരുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കി.

റയൽ മാഡ്രിഡ് താരമായിരിക്കുമ്പോൾ തന്നെ ഗാരെത് ബേൽ വിരമിക്കുന്നതിനെ ചൊല്ലിയുള്ള വാർത്തകൾ ശക്തമായിരുന്നു. വെയിൽസ്‌ ലോകകപ്പിനു യോഗ്യത നേടിയതോടെ ഖത്തർ ലോകകപ്പിൽ ടീമിനെ നയിച്ചതിനു ശേഷം താരം വിരമിക്കും എന്ന അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും അതിനെയെല്ലാം കഴിഞ്ഞ ദിവസം താരം പൂർണമായും നിഷേധിച്ചു.

"ഇവിടെയാകുമ്പോൾ എനിക്ക് വെയിൽസ്‌ സ്‌ക്വാഡിൽ ഇടം നേടാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്കൊരിക്കലും പറയാൻ കഴിയില്ല, ചിലപ്പോൾ ഒന്നിലധികം തവണ. എനിക്കിനിയും നിരവധി വർഷങ്ങൾ വരാനിരിക്കുന്നു. ആറോ പന്ത്രണ്ടോ മാസങ്ങൾ ഇവിടെ തുടരാനല്ല ഞാൻ വന്നത്. ഇവിടെ പരമാവധി കാലം തുടരാൻ ശ്രമിക്കുന്നതിനു വേണ്ടിയാണ്."

"എനിക്കതു ചെയ്യണം, അതിനു കഴിയുകയും ചെയ്യും. ലീഗിലും ടീമിലും എന്റെ അടയാളം സ്ഥാപിക്കണം. ഞാൻ ഭാവിയിലേക്കാണ് ഉറ്റുനോക്കുന്നത്. ഇതു ചെറിയ കാലത്തേക്കുള്ളതല്ല. അടുത്ത യൂറോ കപ്പിൽ പങ്കെടുക്കാനുള്ള അവസരമിതു നൽകും, ചിലപ്പോൾ അതിലുമധികം." ബേൽ ലോസ് ഏഞ്ചൽസ് എഫ്‌സി താരമായതിനു ശേഷമുള്ള ആദ്യത്തെ പത്രസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി എംഎൽഎസിന്റെ നിലവാരം വർധിച്ചുവെന്നും ഗാരെത് ബേൽ അഭിപ്രായപ്പെട്ടു. യൂറോപ്പിലുള്ള ആളുകൾ ചിന്തിക്കുന്നതു പോലെയല്ല എംഎൽഎസ് എന്നും റിട്ടയർമെന്റ് ലീഗായി അതിനെ ആളുകൾ കാണുന്നില്ലെന്നും പറഞ്ഞ ബേൽ ക്ലബിന്റെ ഭാഗമാവാൻ കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.