ബേലിന്റെ തിരിച്ചു വരവ് റയൽ മാഡ്രിഡിലെ ബ്രസീലിയൻ താരങ്ങളിലൊരാൾ പുറത്തുപോകാൻ കാരണമാകും


കാർലോ ആൻസലോട്ടി പരിശീലകനായി തിരിച്ചെത്തിയത് റയൽ മാഡ്രിഡ് ടീമിൽ ഗാരെത് ബേലിന്റെ തിരിച്ചു വരവിനു കൂടിയാണ് വഴിയൊരുക്കിയത്. സിദാന്റെ പദ്ധതികളിൽ ഇടമില്ലാത്തതിനാൽ കഴിഞ്ഞ സീസണിൽ ടോട്ടനം ഹോസ്പറിലേക്ക് ലോണിൽ ചേക്കേറിയ താരം ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. അതിനു ശേഷം യൂറോ കപ്പിൽ വെയിൽസിനു വേണ്ടിയും സമാനമായ തലത്തിൽ തന്നെ താരം കളിക്കുകയുണ്ടായി.
ബേലിന്റെ തിരിച്ചു വരവ് അനിവാര്യമാണെന്ന റിപ്പോർട്ടുകൾ പക്ഷെ തിരിച്ചടിയാവുക റയൽ മാഡ്രിഡ് ടീമിലെ ബ്രസീലിയൻ താരങ്ങൾക്കാണ്. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ നിയമങ്ങൾ പ്രകാരം യൂറോപ്പിൽ നിന്നല്ലാതെയുള്ള മൂന്നു താരങ്ങളെ മാത്രമേ ഒരു ടീം സ്ക്വാഡിൽ ഉൾപ്പെടുത്താൻ കഴിയുകയുള്ളൂ. അതുകൊണ്ടു തന്നെ ബേൽ തിരിച്ചെത്തിയാൽ അതു വിനീഷ്യസ്, റോഡ്രിഗോ, എഡർ മിലിറ്റാവോ എന്നീ താരങ്ങളിൽ ഒരാളുടെ സീനിയർ ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തും.
Real Madrid 'must choose between registering Rodrygo, Vinicius or Eder Militao thanks to Gareth Bale's return' https://t.co/nLpuR1mpcl
— MailOnline Sport (@MailSport) July 17, 2021
വെയിൽസ് ഒരു യൂറോപ്യൻ രാജ്യം തന്നെയാണെങ്കിലും യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ പുറത്തു വന്നതാണ് സ്ഥിതിഗതികളെ സങ്കീർണമാക്കുന്നത്. കഴിഞ്ഞ സീസണിൽ ബ്രിട്ടനിലെ രാജ്യങ്ങളിൽ നിന്നുള്ളവരെ യൂറോപ്യൻ താരങ്ങളായി അംഗീകരിച്ചെങ്കിലും ഇത്തവണ അതുണ്ടാകില്ലെന്നാണ് സ്പാനിഷ് മാധ്യമമായ എഎസ് വെളിപ്പെടുത്തുന്നത്. റയലിനു മാത്രമല്ല, അത്ലറ്റികോ മാഡ്രിഡിന്റെ താരമായ കീറോൺ ട്രിപ്പിയറിന്റെ കാര്യത്തിലും സമാനമായ അവസ്ഥ നിലനിൽക്കുന്നുണ്ട്.
മാഴ്സലോ, കസമീറോ എന്നിവരുൾപ്പെടെയുള്ള താരങ്ങൾക്ക് സ്പാനിഷ് പൗരത്വമുള്ളതിനാൽ ഈ പ്രതിസന്ധി അവരെ ബാധിക്കില്ല. അതേസമയം എഎസ് തന്നെ നൽകുന്ന സൂചനകൾ പ്രകാരം റയൽ മാഡ്രിഡിൽ നിന്നും റോഡ്രിഗോയാണ് പുറത്തു പോകാൻ സാധ്യതയുള്ളത്. എന്നാൽ റോഡ്രിഗോയെ ലോണിൽ വിടാൻ റയൽ മാഡ്രിഡ് തയ്യാറാകില്ലെന്നും സ്പെയിനിലെ മൂന്നാം ഡിവിഷനിൽ കളിക്കുന്ന റയലിന്റെ കാസ്റ്റില്ലയിലേക്ക് താരം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.