വാംഅപ്പ് ചെയ്ത ഹസാർഡിനോട് ബെഞ്ചിലേക്കു തന്നെ മടങ്ങാൻ ആൻസലോട്ടി നിർദേശിച്ചപ്പോൾ ചിരിക്കുന്ന ബേലിന്റെ ദൃശ്യം വൈറൽ


റയൽ മാഡ്രിഡ് ആരാധകരെ സംബന്ധിച്ച് വളരെയധികം നിരാശ നൽകിയ ഒരു ദിവസമായിരുന്നു ഇന്നലെ. ആൻസലോട്ടി പരിശീലകനായി സ്ഥാനമേറ്റെടുത്തതിനു ശേഷം ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുകയായിരുന്ന ടീമിനു ട്രിബിൾ കിരീടസാധ്യത കൽപ്പിക്കപ്പെട്ടിരുന്നെങ്കിലും അതിലെ ഒരു കിരീടമായ കോപ്പ ഡെൽ റേയിൽ അത്ലറ്റിക് ബിൽബാവോയോടു തോറ്റ് റയൽ മാഡ്രിഡ് ക്വാർട്ടർ ഫൈനലിൽ തന്നെ പുറത്തു പോവുകയായിരുന്നു.
2014നു ശേഷം ഇതുവരെയും കോപ്പ ഡെൽ റേ വിജയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത റയൽ മാഡ്രിഡിന്റെ ആരാധകർക്ക് ഇന്നലത്തെ മത്സരത്തിലെ തോൽവിയുടെ നിരാശക്കൊപ്പം കൂടുതൽ അസ്വസ്ഥത നൽകുന്ന രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പടർന്നു പിടിക്കുന്നത്. മത്സരത്തിനിടെ റയൽ മാഡ്രിഡ് താരം ഹസാർഡിനെ കളിക്കാൻ ഇറക്കുന്നില്ലെന്ന ആൻസലോട്ടിയുടെ തീരുമാനം കേൾക്കുമ്പോൾ ചിരിക്കുന്ന സഹതാരം ബേലിന്റെ ദൃശ്യങ്ങളാണത്.
Gareth Bale didn't even get on the pitch himself, but he found it hilarious when the Belgian was told to sit down after warming up all 2nd half. Savage... ? https://t.co/7yEnDXwwXR
— SPORTbible (@sportbible) February 4, 2022
മത്സരത്തിനിടെ ഹസാർഡിനോട് വാംഅപ്പ് ചെയ്യാൻ ആൻസലോട്ടി ആവശ്യപ്പെട്ടിരുന്നു. ബെൽജിയൻ താരം അതു ചെയ്തതിനു ശേഷം മത്സരത്തിന് ഇറങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിൽ നിൽക്കെ ബെഞ്ചിലേക്ക് തന്നെ മടങ്ങാനാണ് ആൻസലോട്ടി പറഞ്ഞത്. വാം അപ്പ് ചെയ്ത താരത്തെ മത്സരത്തിന് ഇറക്കുന്നില്ലെന്ന തീരുമാനം ആൻസലോട്ടി എടുത്തതോടെയാണ് ഹസാർഡിനെ നോക്കി ബേൽ ചിരിച്ചത്.
ഈ രണ്ടു താരങ്ങൾക്കും ആൻസലോട്ടിയുടെ കീഴിൽ റയൽ മാഡ്രിഡിൽ അവസരങ്ങൾ വളരെ കുറവാണ്. ഇന്നലത്തെ മത്സരത്തിലും ഇരുവരെയും പരീക്ഷിക്കാൻ ഇറ്റാലിയൻ പരിശീലകൻ തയ്യാറായില്ല. അതേപ്പറ്റി മാധ്യമങ്ങൾ ചോദിച്ചപ്പോൾ അവസരം കിട്ടാത്ത മറ്റു താരങ്ങളെക്കുറിച്ച് ചോദിക്കാതെ ഇവരെക്കുറിച്ച് മാത്രം എന്തുകൊണ്ട് സംസാരിക്കുന്നുവെന്നാണ് ആൻസലോട്ടി ചോദിച്ചത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.