Football in Malayalam

യൂറോ കപ്പിന് ശേഷം റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിപ്പിച്ച്, ഫുട്ബോൾ കരിയറിനോട് ബെയിൽ വിടപറഞ്ഞേക്കും

Sreejith N
Tottenham Hotspur v Aston Villa - Premier League
Tottenham Hotspur v Aston Villa - Premier League / Richard Heathcote/Getty Images
facebooktwitterreddit

യൂറോ കപ്പിനു ശേഷം ഫുട്ബോൾ കരിയറിനോട് വിട പറയാൻ ഗാരെത് ബെയിൽ തയ്യാറെടുക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ സജീവമാകുന്നു. റയൽ മാഡ്രിഡിൽ നിന്നും ടോട്ടനം ഹോട്സ്പറിൽ ലോണിൽ കളിക്കുന്ന ബെയിൽ കഴിഞ്ഞ ദിവസം തന്റെ ഭാവിയെക്കുറിച്ച് വ്യക്തത വരുത്താൻ വിസമ്മതിച്ചു പറഞ്ഞ വാക്കുകളാണ് താരം യൂറോക്കു ശേഷം വിരമിക്കുമെന്നുള്ള റിപ്പോർട്ടുകൾ ശക്തമാകാൻ കാരണമായത്.

ലൈസ്റ്റർ സിറ്റിയുമായി നടന്ന അവസാന പ്രീമിയർ ലീഗ് മത്സരത്തിൽ രണ്ടു ഗോളുകൾ നേടി ടോട്ടനത്തിനു കോൺഫറൻസ് ലീഗിലേക്ക് യോഗ്യത നേടിക്കൊടുത്തതിനു ശേഷം ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുമ്പോൾ വെയിൽസ്‌ ടീമിനൊപ്പം യൂറോ കപ്പിൽ പങ്കെടുക്കുന്നതു മാത്രമാണ് താൻ നിലവിൽ ചിന്തിക്കുന്നതെന്നു പറഞ്ഞ ബെയിൽ, തന്റെ പദ്ധതികളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും എന്നാൽ ഇപ്പോഴതു പറയുന്നത് ഒരുപാട് കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെ സ്‌പാനിഷ്‌ മാധ്യമമായ എബിസിയാണ് താരം തന്റെ കരിയർ അവസാനിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്നും യൂറോ കപ്പിനു ശേഷം റയൽ നേതൃത്വവുമായി കരാർ അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടത്തുമെന്നും വെളിപ്പെടുത്തിയത്. ബെയിൽ അദ്ദേഹത്തിന്റെ കുടുംബവുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയെന്നും സ്‌പാനിഷ്‌ തലസ്ഥാനം വിടാൻ തന്റെ അവസാന വർഷത്തെ പ്രതിഫലത്തിന്റെ പകുതിയോളം ത്യജിക്കാൻ തയ്യാറാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആഴ്ചയിൽ ആറു ദശലക്ഷം പൗണ്ടും സീസണിൽ 15 മില്യൺ പൗണ്ടിലധികവും റയൽ മാഡ്രിഡിൽ നിന്നും പ്രതിഫലമായി കൈപ്പറ്റാൻ കരാറുള്ള താരം 7.5 മില്യൺ പൗണ്ട് ലഭിച്ചാൽ കരാർ പൂർണമായും ഒഴിവാക്കും. അതേസമയം ഈ സീസണിൽ 16 ഗോളുകൾ നേടിയ താരത്തിന്റെ ലോൺ കരാർ നീട്ടാനോ സ്ഥിരം കരാറിൽ സ്വന്തമാക്കാനോ ആണ് ടോട്ടനം താൽപര്യപ്പെടുന്നത്.

റയലിന് നിരവധി നേട്ടങ്ങൾ സ്വന്തമാക്കി നൽകിയിട്ടുള്ള താരമാണെങ്കിലും ആരാധകർക്ക് ബെയിൽ അത്ര സ്വീകാര്യനല്ല. ഫുട്ബോളുമായി ബന്ധപ്പെട്ട വിവാദങ്ങൾ തന്റെ കുടുംബത്തെ ബാധിക്കാതിരിക്കാനാണ് താരം റിട്ടയർ ചെയ്യാനുള്ള തീരുമാനമെടുത്തതെന്നും, അതല്ല താരത്തിന് ഗോൾഫിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇതിനു മുതിരുന്നതെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


facebooktwitterreddit