AC Milan News

എസി മിലാനെ സ്വന്തമാക്കാൻ ബഹ്‌റൈൻ ആസ്ഥാനമായുള്ള കമ്പനി രംഗത്ത്

Sreejith N
Bahrain Based Investor In Talks To Buy AC Milan
Bahrain Based Investor In Talks To Buy AC Milan / Visionhaus/GettyImages
facebooktwitterreddit

ഇറ്റാലിയൻ ലീഗിൽ ഇപ്പോൾ ഒന്നാം സ്ഥാനത്തു നിൽക്കുന്ന എസി മിലാൻ സ്വന്തമാക്കാൻ ബഹ്‌റൈൻ ആസ്ഥാനമായുള്ള കമ്പനി രംഗത്ത്. അസോസിയേറ്റ് പ്രസ്സിന് ഒരു വ്യക്തി നൽകിയ വിവരങ്ങൾ പ്രകാരം ഏഴു തവണ യൂറോപ്യൻ കിരീടം നേടിയിട്ടുള്ള എസി മിലാനെ വാങ്ങാൻ ശ്രമിക്കുന്നത് ഓഹരിസംബന്ധമായി പ്രവർത്തിക്കുന്ന കമ്പനിയാണ ഇൻവെസ്റ്റ്കോർപ്പാണ്.

ഏതാണ്ട് ഒരു ബില്യൺ യൂറോയാണ് എസി മിലാനു വേണ്ടി ഇൻവെസ്റ്റ്‌കോർപ്പ് മുടക്കുമെന്നു പ്രതീക്ഷിക്കുന്നത്. എന്നാൽ ചർച്ചകൾ ഈ മാസമേ തുടങ്ങൂ എന്നതിനാൽ ഇതേക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൈമാറ്റം നടന്നാൽ ഇറ്റാലിയൻ ലീഗിലെ ഒരു ക്ലബ്ബിനെ സ്വന്തമാക്കുന്ന ആദ്യത്തെ മിഡിൽ ഈസ്റ്റ് ആസ്ഥാനമായുള്ള കമ്പനിയായി ഇൻവെസ്റ്റ്കോർപ്പ് മാറും.

നേരത്തെ ചൈനീസ് ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് എസി മിലാന്റെ ഉടമകൾ ആയിരുന്നെതെങ്കിലും ലോണിന്റെ ഒരു ഭാഗം തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട സങ്കീർണതകൾ മൂലം 2018 മുതൽ അമേരിക്കൻ കമ്പനിയായ എലിയട്ട് മാനേജ്‌മെന്റിന് ഉടമസ്ഥാവകാശം കൈമാറിയിരുന്നു. അതിനു ശേഷം വെറും നാല് വർഷം പിന്നിടുമ്പോഴാണ് വീണ്ടും പുതിയ ഉടമകൾ ക്ലബിനായി എത്തുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നത്.

ജെനോവക്കെതിരെ നടന്ന കഴിഞ്ഞ സീരി എ മത്സരത്തിലെ വിജയത്തിനു ശേഷം ക്ലബിന്റെ ഡയറക്‌ടറും ഇതിഹാസ താരവുമായ പൗളോ മാൽദിനി എസി മിലാന് പുതിയ ഉടമകൾ എത്താനുള്ള സാധ്യതയുണ്ടെന്ന സൂചന നൽകിയിരുന്നു. ഭാവിയിൽ എസി മിലാന്റെ വിൽപ്പന നടക്കുമെന്നും എന്നാൽ അത് എന്നാണെന്ന് അറിയില്ലെന്നുമാണ് അദ്ദേഹം അറിയിച്ചത്.

ലീഗിൽ അഞ്ചു മത്സരം മാത്രം കളിക്കാൻ ബാക്കിയുള്ള എസി മിലാൻ കിരീടപ്രതീക്ഷയുമായി നിൽക്കുമ്പോഴാണ് ടീമിന് പുതിയ ഉടമകൾ എത്താനുള്ള ചർച്ചകൾ ആരംഭിക്കാൻ ഒരുങ്ങുന്നത്. മിഡിൽ ഈസ്റ്റിൽ നിന്നുള്ള നിക്ഷേപകർ ആയതിനാൽ തന്നെ യൂറോപ്യൻ ഫുട്ബോളിൽ കരുത്തരായി മിലാൻ തിരിച്ചു വരാനുള്ള സാധ്യത വളരെയധികമാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit