ഇറ്റലി ലോകകപ്പിനുണ്ടാകണമായിരുന്നു, ലോകകപ്പ് യോഗ്യത നേടാൻ വേണ്ട നിയമങ്ങൾ മാറ്റണമെന്ന് റോബർട്ടോ ബാഗിയോ


ഈ വർഷം നടക്കാനിരിക്കുന്ന ലോകകപ്പിന് ഇറ്റലി യോഗ്യത നേടാതിരുന്നതോടെ ലോകകപ്പ് യോഗ്യതക്കു വേണ്ട മാനദണ്ഡങ്ങളിൽ ഫിഫ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഇതിഹാസതാരം റോബർട്ടോ ബാഗിയോ. യൂറോ കിരീടം നേടിയ ടീമുകൾക്ക് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
യൂറോ യോഗ്യത ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തിയതിനെ തുടർന്ന് പ്ലേ ഓഫ് കളിക്കേണ്ടി വന്ന ഇറ്റലി നോർത്ത് മാസിഡോണിയയോടു തോൽവി വഴങ്ങിയാണ് ടൂർണമെന്റിൽ നിന്നും പുറത്തായത്. അതിനു പിന്നാലെ കഴിഞ്ഞ ദിവസം നടന്ന ഫിനാലിസിമ പോരാട്ടത്തിൽ അർജന്റീനയോട് മൂന്നു ഗോളിന് തോറ്റത് ഇറ്റലിക്ക് കൂടുതൽ നിരാശ നൽകുകയും ചെയ്തു.
It is 'SHAMEFUL' that Italy were not given automatic World Cup place, claims Roberto Baggio https://t.co/i8AvAiJ0gb
— MailOnline Sport (@MailSport) June 3, 2022
"യൂറോപ്യൻ ചാമ്പ്യൻഷിപ്പ് വിജയിച്ച ഇറ്റലി നേരിട്ട് ലോകകപ്പ് കളിക്കില്ലെന്നത് നാണക്കേടാണ്. ഇത് അപകീർത്തികരമാണ്, വിഡ്ഢിത്തമായാണ് എനിക്കു തോന്നുന്നത്. ഇവർക്ക് എന്തെങ്കിലും പ്രതിഫലം ലഭിച്ചുവെന്ന് കരുതാനാകുമോ? അവരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എങ്ങിനെ പ്രതികരിക്കും എന്നു പോലും അറിയില്ല."
"മനസിലാക്കാൻ പ്രയാസമുള്ള കാര്യമാണിത്, തൊണ്ണൂറു മിനുട്ട് മത്സരത്തിൽ എന്തും സംഭവിക്കാം. എന്തെങ്കിലുമൊന്ന് തെറ്റിയാൽ അവർ വീട്ടിൽ തന്നെ തുടരണമെന്നാണോ?" സ്പാനിഷ് മാധ്യമം മാർക്കയോട് സംസാരിക്കുമ്പോൾ ബാഗിയോ പറഞ്ഞു.
ലോകകപ്പ് യോഗ്യത നേടാൻ കഴിയാതിരുന്നത് ഇറ്റലിയുടെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നും അർജന്റീനക്കെതിരെ തോൽവി വഴങ്ങാൻ അതാണ് കാരണമായതെന്നും ബാഗിയോ പറഞ്ഞു. അതേസമയം നിർണായക മത്സരങ്ങളിൽ തുടർച്ചയായി തോൽവികൾ നേരിട്ടെങ്കിലും മികച്ച പ്രതിഭയുള്ള ടീമിനെ നയിക്കാൻ മാൻസിനിക്ക് അർഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.