Football in Malayalam

എൽ ക്ലാസിക്കോയിലെ ഫലം ലാലീഗാ കിരീടപ്പോരാട്ടത്തിൽ നിർണായകമാകില്ലെന്ന് റൊണാൾഡ് കൂമാൻ

Gokul Manthara
Real Sociedad v FC Barcelona - La Liga Santander
Real Sociedad v FC Barcelona - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

ഇന്ന് രാത്രി നടക്കാനിരിക്കുന്ന എൽ ക്ലാസിക്കോയുടെ മത്സരഫലം ഇത്തവണത്തെ ലാലീഗ കിരീടപ്പോരാട്ടത്തിൽ നിർണായകമാകില്ലെന്ന് ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ. എന്നാൽ ഈ മത്സരത്തിൽ വിജയിക്കുന്ന ‌ടീമിന്റെ മനോവീര്യം വർധിക്കുമെന്നും അത് മുന്നോട്ടുള്ള യാത്രയിൽ പ്രധാനമാകുമെന്നും ഇതിനൊപ്പം അദ്ദേഹം ചൂണ്ടിക്കാട്ടി. റയൽ മാഡ്രിഡിനെതിരായ ലാലീഗ പോരാട്ടത്തിന് (എൽക്ലാസിക്കോ) മുൻപായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാഴ്സലോണ പരിശീലകൻ.

എൽക്ലാസിക്കോയിലെ മത്സരഫലം ലാലീഗയിലെ കിരീടപ്പോരാട്ടത്തിൽ നിർണായകമാകില്ലെന്ന് പറയുന്ന കൂമാൻ, റയലിനെതിരായ മത്സരത്തിന് ശേഷവും തങ്ങൾക്ക് നിരവധി മത്സരങ്ങൾ കളിക്കാനുണ്ടെന്നും ഏത് ടീമിനായാലും എല്ലാ മത്സരങ്ങളും ജയിക്കുന്നത് ഏറെ പ്രയാസകരമായ കാര്യമാണെന്നും ചൂണ്ടിക്കാട്ടി. എൽ ക്ലാസിക്കോയിൽ വിജയിക്കുന്ന ടീമിന് പക്ഷേ തങ്ങളുടെ മനോവീര്യം കൂടുതൽ വർധിപ്പിക്കാൻ കഴിയുമെന്നും സംസാരത്തിനിടെ കൂമാൻ ഓർമ്മിപ്പിച്ചു.

ക്ലാസിക്കോ മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം വളരെ വ്യത്യസ്തമായ മത്സരമാണെന്നാണ് കൂമാൻ പറയുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ബാഴ്സലോണ മികച്ച പ്രകടനങ്ങളാണ് കാഴ്ച വെക്കുന്നതെന്ന് ഇതിനൊപ്പം വ്യക്തമാക്കിയ അദ്ദേഹം സമീപകാലത്തായി റയൽ മാഡ്രിഡിന് ഒട്ടേറെ അനാവശ്യ വിമർശനങ്ങൾ നേരിടേണ്ടി‌ വന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

"മാഡ്രിഡിന് വളരെയധികം വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് ; അവർ ചാമ്പ്യൻസ് ലീഗിലുള്ള ടീമാണ്. ലാലീഗയ്ക്ക് വേണ്ടി പോരാടുന്നുണ്ട്. അവരെ വിമർശിക്കുന്നവരുടെ പിന്തുണക്കാരനല്ല ഞാൻ. റയലിന് മികച്ച താരങ്ങളുണ്ട്. ഇതൊരു മികച്ച മത്സരമായിരിക്കും. ഇരു ടീമുകൾക്കും ഇവിടെ വിജയിക്കുന്നതിന്റെ പ്രാധാന്യം അറിയാം.‌" കൂമാൻ പറഞ്ഞു നിർത്തി.

അതേ‌ സമയം ഈ സീസണിൽ ഇതിന് മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡ് വിജയം നേടുകയായിരുന്നു. ബാഴ്സലോണയുടെ തട്ടകമായ ക്യാമ്പ്‌നൗവിൽ നടന്ന പോരാട്ടത്തിൽ വൽ വർഡെ, റാമോസ്, ലൂക്കാ മോഡ്രിച്ച് എന്നിവർ റയലിനായി വല കുലുക്കിയപ്പോൾ അൻസു ഫാറ്റിയായിരുന്നു കറ്റാലൻ ക്ലബ്ബിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

facebooktwitterreddit