Football in Malayalam

'പോസിറ്റീവ് വൈബും, മാന്ത്രികമായ കരങ്ങളുമുള്ള' വിനയ് മേനോന് നന്ദി പറഞ്ഞ് ആസ്പ്ലികുയറ്റ

Sreejith N
Manchester City v Chelsea FC - UEFA Champions League Final
Manchester City v Chelsea FC - UEFA Champions League Final / Visionhaus/Getty Images
facebooktwitterreddit

ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കലാശപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ച് ചെൽസി കിരീടമുയർത്തിയപ്പോൾ അത് ലോകമെമ്പാടുമുള്ള ചെൽസി ആരാധകർക്കൊപ്പം മലയാളികളുടെ അഭിമാനം കൂടി ഉയർത്തുന്നതായിരുന്നു. കേരളത്തിൽ കൊച്ചി സ്വദേശിയും 2009 മുതൽ ചെൽസി ഫുട്ബോൾ ക്ലബിന്റെ വെൽനെസ് കൺസൾട്ടന്റുമായ വിനയ് മേനോന്റെ സാന്നിധ്യവും ഈ കിരീടനേട്ടത്തിനു പുറകിലുണ്ടായിരുന്നു.

ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷം ചെൽസി ആദ്യ ഇലവനിൽ ഉണ്ടായിരുന്ന താരങ്ങളായ ആസ്പ്ലികുയറ്റയും റീസ് ജെയിംസും വിനയ് മേനോനോടൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റു ചെയ്‌തിട്ടുണ്ട്‌. പോസിറ്റീവ് വൈബും മാന്ത്രികമായ കരങ്ങളുമുള്ള വിനയ് മേനോന് നന്ദി പറഞ്ഞ ആസ്പ്ലികുയറ്റ ഇനിയും ഒട്ടേറെ നേട്ടങ്ങൾ വരാനുണ്ടെന്നും സ്റ്റോറിയിൽ കുറിച്ചു. അതേസമയം ടീമിന്റെ നേട്ടത്തിൽ വിനയ് മേനോനും താരമാണെന്നു സൂചിപ്പിക്കുന്നതായിരുന്നു റീസ് ജയിംസിന്റെ സ്റ്റോറി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദമുള്ള വിനയ് മേനോൻ സ്പോർട്സ് സൈക്കോളജിയിൽ എം ഫിലും പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ യോഗ സ്റ്റഡീസും പൂർത്തിയാക്കിയിട്ടുണ്ട്. അതിനു ശേഷം ഹിമാലയാസിലെ റിസോർട്ടുകളിലും ദുബായിലെ ഹോട്ടലുകളിലും ജോലി ചെയ്തതിനു ശേഷമാണ് ചെൽസി ഉടമയായ റോമൻ അബ്രമോവിച്ചിന്റെ പേഴ്‌സണൽ ഹെൽത്ത് കൺസൾട്ടന്റായി അദ്ദേഹം ചുമതലയേൽക്കുന്നത്.

2009ൽ റോമൻ അബ്രമോവിച്ച് ചെൽസി ടീമിന്റെ വെൽനസ് കൺസൾട്ടന്റായി വിനയ് മേനോനെ നിയമിക്കുകയായിരുന്നു. ജോൺ ടെറി, ദ്രോഗ്ബ തുടങ്ങി വമ്പൻ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം 2012ൽ ടീം ചാമ്പ്യൻസ് ലീഗുയർത്തുമ്പോഴും ഒപ്പമുണ്ടായിരുന്നു. കേരള ജൂഡോ ടീം താരമായിരുന്ന വിനയ് ചെൽസിയിൽ എത്തിയപ്പോഴാണ് ഫുട്ബോളുമായി ബന്ധം ആരംഭിച്ചതെന്ന രസകരമായ പ്രത്യേകത കൂടിയുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit