Football in Malayalam

എതിരാളികളുടെ മൈൻഡ് ഗെയിമിനെ തകർത്ത തന്ത്രം, ചെൽസിയെ ക്ലബ് ലോകകപ്പ് വിജയത്തിലെത്തിച്ചത് ആസ്പ്ലികുയറ്റയുടെ ബുദ്ധി

Sreejith N
Chelsea v Palmeiras: Final - FIFA Club World Cup UAE 2021
Chelsea v Palmeiras: Final - FIFA Club World Cup UAE 2021 / Francois Nel/GettyImages
facebooktwitterreddit

ക്ലബ് ലോകകപ്പ് ഫൈനലിൽ ആവേശം നീണ്ട പോരാട്ടത്തിൽ ബ്രസീലിയൻ ക്ലബായ പാൽമിറാസിനെ കീഴടക്കിയാണ് ചെൽസി തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ കിരീടം സ്വന്തമാക്കിയത്. നിശ്ചിതസമയത്ത് രണ്ടു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട കളിയിൽ കായ് ഹാവേർട്സ് പെനാൽറ്റിയിലൂടെ നേടിയ ഗോളാണ് ചെൽസിക്ക് വിജയം സമ്മാനിച്ചത്.

മത്സരത്തിലെ വിജയാഘോഷങ്ങൾക്കൊപ്പം ചെൽസി നായകനായ ആസ്പ്ലികുയറ്റ പ്രയോഗിച്ച ഒരു തന്ത്രമാണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത്. എക്‌സ്ട്രാ ടൈമിൽ ചെൽസിക്കു പെനാൽറ്റി ലഭിച്ചപ്പോൾ എതിർടീം താരങ്ങളുടെ മൈൻഡ് ഗെയിമിനെ മറികടക്കാൻ സ്‌പാനിഷ്‌ താരം നടത്തിയ നീക്കം ക്ലബിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചുവെന്ന് ആരാധകർ ഒന്നടങ്കം വിലയിരുത്തുന്നു.

ചെൽസിക്ക് അനുകൂലമായി റഫറി പെനാൽറ്റി അനുവദിച്ചപ്പോൾ പാൽമിറാസ് ഗോൾകീപ്പറും മറ്റു താരങ്ങളും പരാതിപ്പെടുന്ന സമയത്ത് പന്തെടുത്ത് പെനാൽറ്റി സ്പോട്ടിൽ ചെന്നു നിന്നത് ആസ്പ്ലികുയറ്റയായിരുന്നു. താനാണ് പെനാൽറ്റി എടുക്കാൻ പോകുന്നതെന്ന രീതിയിലുള്ള താരത്തിന്റെ നിൽപ്പു കണ്ട് എതിർ ടീം താരങ്ങൾ മനസ്സാന്നിധ്യം തെറ്റിക്കാനുള്ള വാക്കുകൾ ഉപയോഗിക്കുകയും ചെയ്‌തു.

അതിനു ശേഷം പാൽമിറാസ് താരങ്ങൾ ബോക്‌സ് വിട്ടതോടെ ഏവരെയും അത്ഭുതപ്പെടുത്തി ആസ്പിലികുയറ്റ പന്തു നേരെ ഹാവെർട്സിനു കൈമാറുകയായിരുന്നു. എതിരാളികളുടെ മൈൻഡ് ഗെയിമിനു വിധേയനാകാത്തതിനാൽ തന്നെ യാതൊരു വിധ സംഭ്രമവുമില്ലാതെ ജർമൻ താരം അതു ഗോളാക്കി മാറ്റി ചെൽസിക്ക് ആദ്യത്തെ ക്ലബ് ലോകകപ്പ് കിരീടം സ്വന്തമാക്കി നൽകുകയും ചെയ്‌തു.

മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ അതേക്കുറിച്ച് താരം വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു. പാൽമിറാസ് താരങ്ങൾ പെനാൽറ്റിയെടുക്കുന്നയാളെ അസ്വസ്ഥമാക്കാൻ വേണ്ടതു ചെയ്യുമെന്ന് തനിക്കറിയാമായിരുന്നുവെന്നും അതിനാലാണ് അവരുടെ ശ്രദ്ധ തെറ്റിക്കാൻ വേണ്ടി താൻ പെനാൽറ്റി എടുക്കാൻ പോകുന്നതു പോലെ കാണിച്ചതെന്നുമാണ് താരം പറഞ്ഞത്.

ആസ്പിലികുയറ്റയുടെ ബുദ്ധിപരമായ നീക്കത്തെ ഏവരും പ്രശംസിക്കുമ്പോൾ ചെൽസി ആരാധകരുടെ ആശങ്ക തങ്ങളുടെ നായകനെ ഈ സീസണു ശേഷം നഷ്‌ടപ്പെടുമോ എന്നതു കൂടിയാണ്. സമ്മറിൽ കരാർ അവസാനിക്കുന്ന സ്‌പാനിഷ്‌ താരം ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ചെൽസി പുതിയ കരാർ വാഗ്‌ദാനം ചെയ്യുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit