ബാഴ്‌സലോണ ട്രാൻസ്‌ഫർ അഭ്യൂഹങ്ങളോടു പ്രതികരിച്ച് ചെൽസി നായകൻ ആസ്പ്ലികുയറ്റ


കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയതു കൊണ്ടു തന്നെ ട്രാൻസ്‌ഫർ മാർക്കറ്റിൽ ഇടപെടുമ്പോൾ ഫ്രീ ഏജന്റായി ലഭിക്കുന്ന താരങ്ങളെയാണ് ബാഴ്‌സലോണ പ്രധാനമായും നോട്ടമിടുന്നത്. അടുത്ത സമ്മറിൽ പ്രതിരോധനിര ശക്തിപ്പെടുത്താൻ ഫ്രീ ഏജന്റാകുന്ന ചെൽസി താരങ്ങളായ സെസാർ ആസ്പ്ലികുയറ്റ, ക്രിസ്റ്റിൻസെൻ എന്നിവരെ ബാഴ്‌സലോണ നോട്ടമിട്ടിട്ടുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
അൽ ഹിലാലിനെതിരായ ക്ലബ് ലോകകപ്പ് മത്സരത്തിനു മുൻപേ മാധ്യമങ്ങളെ കണ്ടപ്പോൾ ആസ്പ്ലികുയറ്റ ബാഴ്‌സലോണയുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങളെക്കുറിച്ച് ചോദ്യങ്ങൾ നേരിടുകയുണ്ടായി. അഭ്യൂഹങ്ങൾ അംഗീകരിക്കാനോ തള്ളാനോ തയ്യാറാകാതിരുന്ന താരത്തിന്റെ വാക്കുകൾ പക്ഷെ ചെൽസി ആരാധകർക്ക് നേരിയ പ്രതീക്ഷ നൽകുന്നതായിരുന്നു.
"ഞാൻ ഭാവിയെക്കുറിച്ച് സംസാരിക്കാൻ പോകുന്നില്ല, ഞങ്ങൾ ക്ലബ് ലോകകപ്പ് സെമി ഫൈനൽ മത്സരത്തിന് ഒരു ദിവസം മാത്രം അകലെയാണ്. ഞാൻ 2012 സമ്മറിൽ ഇവിടെ വരുമ്പോൾ എനിക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. ലണ്ടനിലാണ് എന്റെ കുട്ടികൾ ജനിച്ചത്, ചെൽസിയോട് എനിക്കുള്ള വികാരം നിങ്ങൾക്ക് മനസിലാക്കാനും കഴിയും. പക്ഷെ ഭാവിയെക്കുറിച്ച് ഞാൻ പ്രതികരിക്കുന്നില്ല." താരം വ്യക്തമാക്കി.
ഫ്രഞ്ച് ക്ലബായ മാഴ്‌സയിൽ നിന്നും 2012ൽ ചെൽസിയിലേക്ക് ചേക്കേറിയ സ്‌പാനിഷ് താരം അതിനു ശേഷം ചെൽസി ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു. 2018ൽ ടീമിന്റെ നായകനായി സ്ഥാനമേറ്റെടുത്ത ആസ്പ്ലികുയറ്റ 457 മത്സരങ്ങൾ ചെൽസിക്കായി കളിച്ച് രണ്ടു പ്രീമിയർ ലീഗും ഒരു ചാമ്പ്യൻസ് ലീഗും ഉൾപ്പെടുന്ന കിരീടനേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.
മുപ്പതു കഴിഞ്ഞ താരങ്ങൾക്ക് ദീർഘകാല കരാർ കൊടുക്കാൻ വിമുഖത കാണിക്കുന്ന ക്ലബാണ് ചെൽസി എന്നതിനാൽ സ്‌പാനിഷ് താരം ഈ സീസണു ശേഷം ടീം വിടാനുള്ള സാധ്യത തള്ളാൻ കഴിയില്ല. ആസ്പ്ലികുയറ്റക്കു പുറമെ റുഡിഗർ, ക്രിസ്റ്റൻസെൻ എന്നീ ചെൽസി താരങ്ങളുടെയും കരാർ ഈ സീസണു ശേഷം അവസാനിക്കും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.