മാനേ ചുവപ്പുകാർഡ് അർഹിച്ചിരുന്നു, റഫറിയുടെ തീരുമാനത്തെ വിമർശിച്ച് ടുഷെലും ആസ്പ്ലികുയറ്റയും

Chelsea v Liverpool - Premier League
Chelsea v Liverpool - Premier League / Catherine Ivill/GettyImages
facebooktwitterreddit

ചെൽസിയും ലിവർപൂളും തമ്മിൽ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ സാഡിയോ മാനേക്ക് ചുവപ്പുകാർഡ് നൽകാത്ത റഫറിയുടെ തീരുമാനത്തെ വിമർശിച്ച് ചെൽസി പരിശീലകൻ തോമസ് ടുഷെലും പ്രതിരോധതാരം സെസാർ ആസ്പ്ലികുയറ്റയും. മത്സരത്തിൽ പന്തിനു വേണ്ടി ചാടിയപ്പോൾ മാനേയുടെ കൈമുട്ട് സ്‌പാനിഷ്‌ താരത്തിന്റെ മുഖത്തു കൊണ്ടിരുന്നെങ്കിലും റഫറി മഞ്ഞക്കാർഡ് മാത്രമാണ് നൽകിയത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നടന്ന ഈ സംഭവത്തിൽ റഫറി ചുവപ്പുകാർഡ് നൽകാതിരുന്ന തീരുമാനത്തെയാണ് ഇരുവരും വിമർശിച്ചത്. അതിനു ശേഷം മാനെ ലിവർപൂളിനെ മുന്നിലെത്തിക്കുകയും ചെയ്‌തിരുന്നു. സലാ പിന്നീട് ലീഡ് ഉയർത്തിയെങ്കിലും ആദ്യപകുതിയിൽ തന്നെ കോവാസിച്ച്, പുലിസിച്ച് എന്നിവർ നേടിയ ഗോളിലൂടെ ചെൽസി സമനില നേടിയെടുക്കുകയായിരുന്നു.

"അത് വ്യക്തമായും റെഡ് കാർഡ് തന്നെയാണ്. മത്സരത്തിന്റെ അഞ്ചു സെക്കൻഡ് പിന്നിട്ടപ്പോഴാണ് അതുണ്ടായതെന്നു ഞാൻ കണക്കാക്കുന്നില്ല. മാനെ പന്തു കണ്ടതു പോലുമില്ല, കൈമുട്ടുമായി മുന്നിലേക്ക് വരികയാണ് താരം ചെയ്‌തത്‌. എനിക്കത് മനസിലായതേ ഇല്ല. അത് ചുവപ്പുകാർഡ് തന്നെയാണ്. ഞങ്ങൾക്കെതിരെയുള്ള ഈ തീരുമാനമാണ് മത്സരത്തിന്റെ ഗതി തന്നെ മാറ്റിയത്." ആസ്പ്ലികുയറ്റ സ്കൈ സ്പോർട്സിനോട് പറഞ്ഞു.

സ്‌പാനിഷ്‌ താരത്തിന്റെ വിമർശനത്തെ പരിശീലകനും ശരി വെച്ചു. "നേരത്തെ തന്നെ റെഡ് കാർഡ് നൽകുന്നതിനെ ഞാൻ അനുകൂലിക്കുന്നില്ല. മാനെ വളരെ മികച്ച താരവും നല്ല വ്യക്തിയും ആയതിനാൽ എനിക്കിതു പറയാൻ മടിയുണ്ട്. പക്ഷെ അതൊരു ചുവപ്പുകാർഡ് തന്നെയാണ്. കൈമുട്ട് മുഖത്തിടിച്ചാൽ മത്സരം ഇരുപതു സെക്കൻഡാണോ ഇരുപതു മിനുട്ടാണോ പിന്നിട്ടതെന്നു നോക്കേണ്ടതില്ല." ടുഷെൽ വ്യക്തമാക്കി.

ചെൽസി താരത്തിന്റെയും പരിശീലകന്റെയും വിമർശനം ന്യായമാണെങ്കിലും ആ ചുവപ്പുകാർഡ് നൽകാതിരുന്നതു കൊണ്ട് ഈ സീസണിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. ആദ്യം ലിവർപൂളും അതിനു ശേഷം ചെൽസിയും ആധിപത്യം സ്ഥാപിച്ച മത്സരം മികച്ച മുന്നേറ്റങ്ങൾ കൊണ്ടും തീവ്രത കൊണ്ടും വളരെ ആവേശകരമായിരുന്നു. മത്സരം സമനിലയിൽ പിരിഞ്ഞതോടെ ചെൽസി രണ്ടാം സ്ഥാനത്തും ലിവർപൂൾ മൂന്നാമതും തുടരുകയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.