മാഞ്ചസ്റ്റർ സിറ്റി വിട്ട് സ്പെയിനിലേക്ക് പോകാൻ ലപ്പോർട്ടെക്ക് ആഗ്രഹം, ഇക്കാര്യം താരം ക്ലബ്ബിനെ അറിയിച്ചതായും സൂചന

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റി വിട്ട്, ലാലീഗയിലേക്ക് പോകാൻ സ്പാനിഷ് പ്രതിരോധ താരം അയ്മെറിക് ലപ്പോർട്ടെ ആഗ്രഹിക്കുന്നതായും ഇക്കാര്യം ക്ലബ്ബിനെ അദ്ദേഹം അറിയിച്ചതായും സൂചന. റൂബൻ ഡയസിന്റേയും, ജോൺ സ്റ്റോൺസിന്റേയും വരവോടെ മാഞ്ചസ്റ്റർ സിറ്റിയിൽ തന്റെ സ്ഥാനം നഷ്ടമായത് ക്ലബ്ബ് വിടാൻ ലപ്പോർട്ടെയെ പ്രേരിപ്പിച്ചതായും ഇംഗ്ലീഷ് ക്ലബ്ബ് വിട്ടാലും സ്പെയിനിലേക്ക് പോകാൻ മാത്രമാണ് അദ്ദേഹം താല്പര്യപ്പെടുന്നതെന്നുമാണ് 90Min ന് ലഭിക്കുന്ന സൂചന.
സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനും, ബാഴ്സലോണക്കും ലപ്പോർട്ടയിൽ കണ്ണുണ്ടെന്നും, താരത്തിന്റെ ഇപ്പോളത്തെ ട്രാൻസ്ഫർ അവസ്ഥയെക്കുറിച്ച് അറിയാൻ ഇരു ക്ലബ്ബുകളും മാഞ്ചസ്റ്റർ സിറ്റിയെ ബന്ധപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ഇക്കുറി ടീമിലെത്തിക്കാൻ റയലും, ബാഴ്സയും മുൻഗണന നൽകുന്ന താരങ്ങളിൽ ലപ്പോർട്ടയുമുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്.
ഈ സമ്മറിൽ സെർജിയോ റാമോസും, റാഫേൽ വരാനെയും ക്ലബ്ബ് വിട്ടതോടെ റയൽ മാഡ്രിഡിന്റെ സെന്റർ ബാക്ക് സ്ഥാനം അല്പം ദുർബലപ്പെട്ടിട്ടുണ്ട്. ഇവരിൽ ഒരാൾക്ക് പകരക്കാരനായി ഡേവിഡ് അലാബ വന്നെങ്കിലും മറ്റൊരു സ്ഥാനത്ത് ഇപ്പോളും ആളെത്തിയിട്ടില്ല. ഈ സ്ഥാനത്തേക്ക് ലപ്പോർട്ടയെ കൊണ്ടു വരാനാണ് റയലിന്റെ ശ്രമം.
ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിന് മുന്നേ ക്ലെമന്റ് ലെങ്ലറ്റ്, സാമുവൽ ഉംറ്റിറ്റി എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കാൻ ബാഴ്സലോണ ശ്രമിക്കുന്നുണ്ട്. ഇവർ പോകുന്ന ഒഴിവിൽ മികച്ചൊരു സെന്റർ ബാക്ക് താരത്തെ ക്ലബ്ബിലേക്ക് കൊണ്ടു വരുന്നതിനും അവർ ആഗ്രഹിക്കുന്നു. അയ്മെറിക്ക് ലപ്പോർട്ടയെയാണ് കറ്റാലൻ ക്ലബ്ബും ഈ സ്ഥാനത്തേക്ക് നോട്ടമിടുന്നത്.
Despite their financial issues, FC Barcelona are reportedly still pushing to sign Manchester City defender Aymeric Laporte.
— Kick Off (@KickOffMagazine) August 3, 2021
Read more ➡️ https://t.co/J2OM7sRrcd pic.twitter.com/krO5hqzmV7
റൂബൻ ഡയസും, ജോൺ സ്റ്റോൺസും മാഞ്ചസ്റ്റർ സിറ്റിയുടെ തന്ത്രങ്ങളിലെ പ്രധാനികളായി മാറിയതോടെ ക്ലബ്ബിന്റെ ഓട്ടോമാറ്റിക്ക് സ്റ്റാർട്ടർ എന്ന സ്ഥാനം തിരിച്ചു പിടിക്കുക ലപ്പോർട്ടക്ക് ഇനി കഠിനമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ക്ലബ്ബ് വിടാൻ തീരുമാനിച്ച കാര്യം മാഞ്ചസ്റ്റർ സിറ്റിയെ അറിയിച്ചു കഴിഞ്ഞ അദ്ദേഹത്തിന് അനുകൂല പ്രതികരണമാണ് ക്ലബ്ബിൽ നിന്ന് ലഭിച്ചിരിക്കുന്നതും. എന്നാൽ മികച്ചൊരു ഓഫർ വരാതെ അദ്ദേഹത്തെ വിട്ടു കളയാൻ ഇംഗ്ലീഷ് ക്ലബ്ബ് തയ്യാറാകില്ലെന്നാണ് കരുതപ്പെടുന്നത്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റി ആഗ്രഹിക്കുന്ന തരത്തിലൊരു ഓഫർ ലപ്പോർട്ടക്കായി എത്തിയില്ലെങ്കിൽ അദ്ദേഹം ക്ലബ്ബിൽ തുടരാനുള്ള സാധ്യതകൾ അത് കൊണ്ടു തന്നെ വളരെ കൂടുതലാണ്.