സൗത്താംപ്ടനെതിരെ മാഞ്ചസ്റ്റർ സിറ്റി ബുദ്ധിമുട്ടിയതിന്റെ കാരണം വ്യക്തമാക്കി അയ്മെറിക്ക് ലപോർട്ടെ


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സൗത്താംപ്ടനെതിരെ മാഞ്ചസ്റ്റർ സിറ്റി സ്വാഭാവികമായ പ്രകടനം നടത്താൻ ബുദ്ധിമുട്ടിയതിന്റെ കാരണം വ്യക്തമാക്കി ടീമിലെ പ്രതിരോധതാരമായ അയ്മെറിക്ക് ലപോർട്ടെ. ആദ്യപകുതിയിൽ ഒരു ഗോളിനു മുന്നിലെത്തിയ സൗത്താംപ്ടനെതിരെ അവസരങ്ങൾ തുറന്നെടുക്കാൻ പ്രയാസപ്പെട്ട മാഞ്ചസ്റ്റർ സിറ്റി രണ്ടാം പകുതിയിൽ ലപോർട്ട നേടിയ ഗോളിൽ സമനില നേടുകയായിരുന്നു.
മത്സരത്തിൽ വിജയം കൈവിട്ടതോടെ ഒക്ടോബറിൽ ആരംഭിച്ച, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പന്ത്രണ്ടു മത്സരങ്ങളിൽ വിജയമെന്ന മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പിനു കൂടിയാണ് അവസാനമായത്. എങ്കിലും 23 മത്സരങ്ങളിൽ നിന്നും 57 പോയിന്റ് സ്വന്തമായുള്ള മാഞ്ചസ്റ്റർ സിറ്റി 21 മത്സരങ്ങൾ കളിച്ച് രണ്ടാം സ്ഥാനത്തു നിൽക്കുന്ന ലിവർപൂളിനെക്കാൾ പന്ത്രണ്ടു പോയിന്റ് മുന്നിലാണ്.
"The pitch is small - for us it's a little bit more difficult."
— Sky Sports Premier League (@SkySportsPL) January 22, 2022
Aymeric Laporte reacts to #MCFC's draw at Southampton, insisting they will quickly move on to the next match. pic.twitter.com/L7MjlZynJM
"ഞങ്ങൾ വളരെ നല്ല രീതിയിൽ കളിച്ചുവെന്നാണ് ഞാൻ കരുതുന്നത്. കൂടുതൽ അർഹിച്ചിരുന്നുവെങ്കിലും ഒരു ഗോളിലധികം നേടിയില്ലെങ്കിൽ കാര്യങ്ങൾ ദുഷ്കരം തന്നെയാണ്." മത്സരത്തിനു ശേഷം സ്കൈ സ്പോർട്സിനോട് സംസാരിക്കുമ്പോൾ ലപോർട്ടെ പറഞ്ഞു.
"മൈതാനം ചെറുതായിരുന്നു, അത് ഞങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഞങ്ങൾ കൂടുതൽ അർഹിച്ചിരുന്നെങ്കിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടു പോകേണ്ടതുണ്ട്. ഞങ്ങൾ കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ ചെയ്തതിനു സമാനമായ പ്രകടനം തുടർന്നു പോകേണ്ടതുണ്ട്, അത് വളരെ മികച്ചതായിരുന്നു. ഇനി അടുത്ത മത്സരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്." ലപോർട്ടെ വ്യക്തമാക്കി.
Well thanks for the souvenir lol pic.twitter.com/okzDpDytXt
— Aymeric Laporte (@Laporte) January 22, 2022
മത്സരം തനിക്കൊരു ഓർമ സമ്മാനിച്ചുവെന്നും ലപോർട്ടെ പറഞ്ഞു. ട്വിറ്ററിൽ മത്സരത്തിനിടെയുണ്ടായ ഫൗളിൽ തന്റെ ഇടതുകാലിനു മുറിവു പറ്റിയതിന്റെ ചിത്രം ട്വിറ്ററിൽ പോസ്റ്റു ചെയ്ത് "ഈ സ്മരണികക്ക് നന്ദി" എന്നാണു താരം തമാശരൂപത്തിൽ ട്വിറ്ററിൽ കുറിച്ചത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.