'അതിനെ കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല' - റയൽ മാഡ്രിഡിലേക്ക് ചേക്കേറിയതിനെ കുറിച്ച് ഓറേലിയെൻ ചുവമേനി

മറ്റു ക്ലബുകളെ തിരഞ്ഞെടുക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും, റയൽ മാഡ്രിഡിന് തന്നിൽ താത്പര്യം ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഏത് ക്ലബ്ബിലേക്കാണ് ചേക്കേറേണ്ടത് എന്ന കാര്യത്തിൽ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ലെന്ന് ഫ്രഞ്ച് യുവതാരം ഔറേലിയെൻ ചുവമേനി. റയൽ മാഡ്രിഡ് താരമായി അവതരിപ്പിച്ചതിന് ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
"ഇവിടെ വന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. റയൽ മാഡ്രിഡിനായി സൈൻ ചെയ്യുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബാണിത്," ചുവമേനി പറഞ്ഞു.
"ട്രോഫികൾ നേടാനും ഈ ക്ലബ്ബിന്റെ ചരിത്രത്തിലേക്ക് (കൂടുതൽ എഴുതി) ചേർക്കാനും ഞങ്ങൾ കഠിനമായി പരിശ്രമിക്കും. മറ്റ് ക്ലബ്ബുകളെ തിരഞ്ഞെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. എന്നാൽ റയൽ മാഡ്രിഡിന് എന്നോട് താത്പര്യമുണ്ടെന്ന് അറിഞ്ഞപ്പോൾ, എനിക്ക് അതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഈ ഗെയിമിന്റെ ചരിത്രത്തിൽ എന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അതിന് റയൽ മാഡ്രിഡാണ് എനിക്ക് ഏറ്റവും മികച്ച സ്ഥലം. ഈ ഗെയിമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബ്ബാണിത്, മികച്ച കളിക്കാർ ഇവിടെയുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച തീരുമാനമായിരുന്നു ഇത്," താരം കൂട്ടിച്ചേർത്തു.
ഫ്രഞ്ച് ക്ലബായ എഎസ് മൊണാക്കോയിൽ നിന്നാണ് റയൽ മാഡ്രിഡ് 22 വയസുകാരനായ മധ്യനിര താരത്തെ സ്വന്തമാക്കിയത്. ആറ് വർഷത്തെ കരാറിലാണ് ചുവമേനി റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്. റയലിൽ 18ആം നമ്പർ ജേഴ്സിയാകും താരം അണിയുക.