ഫ്രഞ്ച് യുവതാരം ഔറേലിയന്‍ ചുഅമേനി റയല്‍ മാഡ്രിഡിലേക്ക്

മൊണോക്കോയുടെ ഫ്രഞ്ച് യുവതാരം ഔറേലിയന്‍ ചുഅമേനി റയല്‍ മാഡ്രിഡ് ചേക്കേറുന്നതായി 90min വൃത്തങ്ങള്‍ മനസിലാക്കുന്നു. പ്രീമിയര്‍ ലീഗ് കരുത്തന്‍മാരായ ചെല്‍സി, ലിവര്‍പൂള്‍, ഫ്രഞ്ച് ക്ലബായ പി.എസ്.ജി തുടങ്ങിയവര്‍ താരത്തിന് വേണ്ടി നീക്കം നടത്തുന്നതിനിടെയാണ് ഫ്രഞ്ച് താരത്തെ റയല്‍ മാഡ്രിഡ് ടീമിലെത്തിക്കുന്നത്.
തന്റെ ഭാവി ക്ലബിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചുഅമേനിക്ക് മൊണാക്കോ നേരത്തെ അനുമതി നല്‍കിയിരുന്നു. റയല്‍ മാഡ്രിഡും മൊണോക്കോയും തമ്മില്‍ ഇതുവരെ കരാറുകളൊന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലുംറയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനാണ് താരം തീരുമാനിച്ചിരിക്കുന്നതെന്നാണ് 90min വൃത്തങ്ങള്‍ മനസിലാക്കുന്നത്.
ചെല്‍സി, ലിവര്‍പൂള്‍ തുടങ്ങിയ ക്ലബുകള്‍ താരം റയലിലേക്ക് ചേക്കേറുമെന്ന് കരുതുന്നതായി 90min തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് താരം റയലിലേക്ക് ചേക്കേറാൻ തീരുമാനിച്ചിരിക്കുന്നത്.
ഒരുവര്‍ഷക്കാലമായി ചുഅമേനിയെ ക്ലബിലെത്തിക്കാന്‍ ചെല്‍സി ശ്രമങ്ങള്‍ നടത്തിയിരുന്നു. ഈ സമ്മര്‍ വരെ ചുഅമേനിക്ക് വേണ്ടി ചെല്‍സി താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും താരത്തെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ അവർക്ക് വിജയം കാണാനാവില്ല എന്നാണ് മനസിലാക്കുന്നത്.
താരത്തെ ടീമിലെത്തിക്കുന്നതിന് അടുത്തെത്തിയെന്ന് രണ്ടാഴ്ച മുൻപ് ലിവർപൂൾ കരുതിയിരുന്നെങ്കിലും, മറ്റു ടീമുകളെ പിന്തള്ളി റയല്‍ മാഡ്രിഡാണ് ഫ്രഞ്ച് താരത്തെ സ്വന്തമാക്കുന്നത്.
ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയെ ടീമിലെത്തിക്കുന്നതില്‍ പരാജയപ്പെട്ട റയല്‍ മാഡ്രിഡിന് ഫ്രഞ്ച് യുവതാരത്തിന്റെ ടീമിലേക്കുള്ള വരവ് ആത്മവിശ്വാസം നല്‍കും. എംബാപ്പെയെ സ്വന്തമാക്കുന്ന കാര്യം റയല്‍ ഏറെക്കുറെ ഉറപ്പിച്ചിരുന്നെങ്കിലും അവസാനം താരം തീരുമാനം മാറ്റി പി.എസ്.ജിയില്‍ തുടരുകയായിരുന്നു.