Football in Malayalam

വേതനം കുറക്കുന്ന കാര്യത്തിൽ താരങ്ങളുമായി ചർച്ച തുടർന്ന് ബാഴ്സലോണ; ഇനിയുള്ള രണ്ടാഴ്ച അതി പ്രധാനം

Gokul Manthara
FC Barcelona v Villarreal CF - La Liga Santander
FC Barcelona v Villarreal CF - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

സ്പാനിഷ് വമ്പന്മാരായ എഫ് സി ബാഴ്സലോണ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇതിൽ നിന്ന് പുറത്തു കടക്കുന്നതിന്റെ ഭാഗമായി താരങ്ങളോട് ശമ്പളം വെട്ടിക്കുറക്കാൻ കറ്റാലൻ ക്ലബ്ബ് ആവശ്യപ്പെട്ടെങ്കിലും കളികാരുടെ ഭാഗത്ത് നിന്ന് ഇതു വരെ ശുഭപ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ടീമുകളുടെ ക്യാപ്റ്റന്മാരുടേയും, സ്ക്വാഡിലുള്ള മറ്റുള്ളവരുടേയും കരാറുകൾ ലാലീഗക്ക് സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13 ആയതിനാൽ വേതനം വെട്ടിക്കുറക്കുന്ന കാര്യത്തിൽ അതിന് മുൻപ് കളികാരുമായി ധാരണയിലെത്തേണ്ടത് ബാഴ്സലോണക്ക് അനിവാര്യമാണ്.

പുതിയ സീസണ് മുൻപായി താരങ്ങൾക്ക് കരാർ നൽകുന്നതിന് ക്ലബ്ബുകൾക്ക് നൽകിയിരിക്കുന്ന‌ സമയപരിധി ഓഗസ്റ്റ് പതിമൂന്നോടെ അവസാനിക്കുകയാണ്‌. ഈ സമയത്തിനുള്ളിൽ പുതിയ കരാർ ലഭിച്ച താരങ്ങൾക്ക് മാത്രമേ അടുത്ത സീസൺ ലാലീഗയിൽ കളിക്കാനാവൂ. മറിച്ച് കരാർ ലഭിക്കാത്തവർക്ക് ലീഗിൽ കളിക്കാനുള്ള അനുമതി ലഭിക്കില്ല. ഇത് കൊണ്ടു തന്നെ വരുന്ന രണ്ടാഴ്ചക്കാലം ബാഴ്സലോണക്ക് വളരെ പ്രധാനമായിരിക്കും.

നിലവിൽ സെർജി റോബർട്ടോ, സെർജിയോ ബുസ്ക്വെറ്റ്സ്, ജോർഡി ആൽബ, ജെറാർഡ് പിക്വെ എന്നിവരുമായി ശമ്പളം കുറക്കുന്ന കാര്യത്തിൽ ബാഴ്സലോണ തിരിക്കുപിടിച്ച് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഈ കളികാരുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും സമയപരിധിക്ക് മുൻപ് കരാർ കാര്യത്തിൽ ധാരണയിലെത്താൻ തങ്ങൾക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് ബാഴ്സലോണ

എല്ലാ കളികാർക്കും, വ്യത്യസ്ത കരാറുകളായതിനാലും, അവരുടെ കരാർ സാഹചര്യങ്ങൾ വ്യത്യസ്തമായതിനാലും വളരെയധികം ബഹുമാനത്തോടെയും, തന്ത്രപ്രധാനമായും അവ കൈകാര്യം ചെയ്യാനാണ് കറ്റാലൻ ക്ലബ്ബ് ശ്രമിക്കുന്നത്. ഇതു വരെയുള്ള ചർച്ചകളിൽ കളികാർ ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതി മനസിലാക്കിയതായും, ഈ സാഹചര്യത്തിൽ ക്ലബ്ബിനെ സഹായിക്കാൻ അവരുടെ പങ്ക് വഹിക്കാൻ തയ്യാറാകുമെന്നുമാണ് കരുതപ്പെടുന്നത്. അത്തരത്തിൽ വേതനം വെട്ടിക്കുറച്ച് മറ്റ് താരങ്ങൾക്ക് ഇവർ (പിക്വെ, റോബർട്ടോ, ബുസ്ക്വെറ്റ്സ്, ആൽബ) മാതൃകയാകുമെന്നും ക്ലബ്ബ് വിശ്വസിക്കുന്നു.

എന്നാൽ വേതനം കുറക്കുന്ന കാര്യത്തിൽ എത്രയും വേഗം താരങ്ങളുമായി ധാരണയിലെത്തേണ്ടത് നിലവിൽ ബാഴ്സലോണക്ക് അനിവാര്യമാണ്. ഓഗസ്റ്റ് 13 ന് മുൻപ് അതിന് സാധിച്ചില്ലെങ്കിൽ ക്ലബ്ബിന് അത് ഒട്ടേറെ പ്രത്യാഘാതങ്ങൾ നൽകും. ചുരുക്കിപ്പറഞ്ഞാൽ ഓഗസ്റ്റ് 13 ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ഒരു ഡെഡ് ലൈൻ ദിവസമാണ്.

facebooktwitterreddit