മെസിയുടെ നേട്ടത്തിനൊപ്പമെത്തി ഡെംബലെ, താരം ബാഴ്സലോണയിൽ തന്നെ തുടരണമെന്ന് ഒബാമയാങ്


ഒരിക്കൽ കൂടി ബാഴ്സലോണ ജേഴ്സിയിൽ മികച്ച പ്രകടനം നടത്തുകയും ലെവാന്റക്കെതിരായ മത്സരത്തിൽ ടീമിനെ വിജയിപ്പിക്കാൻ നിർണായക പങ്കു വഹിക്കുകയും ചെയ്ത ഒസ്മാനെ ഡെംബലെ ക്ലബിനൊപ്പം തുടരണമെന്ന ആവശ്യവുമായി സഹതാരം പിയറെ എമറിക്ക് ഒബാമയാങ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ബാഴ്സലോണ ലെവാന്റയെ മറികടന്ന മത്സരത്തിൽ ഒബാമയാങ് നേടിയ ആദ്യത്തെ ഗോളിനു വഴിയൊരുക്കിയത് ഡെംബലെ ആയിരുന്നു.
"ഒസ്മാനെക്ക് എന്നെ നന്നായി അറിയാം. താരം വലതു വശത്തുകൂടി പോകുമ്പോൾ ഞാൻ എല്ലായിപ്പോഴും തയ്യാറായിരിക്കണം. എന്നെക്കുറിച്ച് അറിയാവുന്ന ആളുകൾക്ക് ഇതു സാധാരണ കാര്യമാണ്. എനിക്കിനിയും കൂടുതൽ ചെയ്യാൻ കഴിയും. ആദ്യപകുതിയിൽ ഞാൻ നന്നായി കളിച്ചില്ല. ഞങ്ങൾ കൂടുതൽ തീവ്രത കാണിക്കണമായിരുന്നു."
9 - FC Barcelona's Ousmane Dembélé has provided the most assist in the Top 5 European Leagues in the 2022 year (nine, alongside Lionel Messi). Emergent. pic.twitter.com/YIpuWqAklh
— OptaJose (@OptaJose) April 10, 2022
"ഈ മത്സരത്തിൽ ഞങ്ങൾ വേണ്ടത്ര തീവ്രത പുലർത്തിയില്ല, പ്രത്യേകിച്ചും ആദ്യപകുതിയിൽ. എന്നാൽ രണ്ടാം പകുതിയിൽ ഞങ്ങൾ മെച്ചപ്പെട്ടു. അതങ്ങിനെയൊക്കെയാണെങ്കിലും ഡെംബലെ ക്ലബിനൊപ്പം തുടരണം." ഒബാമയാങ് മത്സരത്തിനു ശേഷം മൂവീസ്റ്റാറിനോട് സംസാരിക്കുമ്പോൾ പറഞ്ഞു.
ഇന്നലത്തെ മത്സരത്തിലും ഒരു ഗോളിന് വഴിയൊരുക്കിയതോടെ 2022 വർഷത്തിൽ യൂറോപ്പിലെ പ്രധാന അഞ്ചു ലീഗുകളിൽ ഏറ്റവുമധികം അസിസ്റ്റെന്ന നേട്ടത്തിനൊപ്പമെത്താൻ ഡെംബലെക്കു കഴിഞ്ഞിട്ടുണ്ട്. ഒൻപത് അസിസ്റ്റുകൾ ഈ വർഷം മാത്രം സ്വന്തമാക്കിയ താരം ഇക്കാര്യത്തിൽ മുൻ ബാഴ്സലോണ നായകനും ഇപ്പോൾ പിഎസ്ജി താരവുമായ ലയണൽ മെസിക്കൊപ്പമാണ് നിൽക്കുന്നത്.
മത്സരത്തിൽ പകരക്കാരായിറങ്ങി മികച്ച പ്രകടനം നടത്തിയ യുവതാരങ്ങളായ പെഡ്രി, ഗാവി എന്നിവരെയും ഒബാമയാങ് പ്രശംസിച്ചു. മത്സരം വളരെ ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും അവർ രണ്ടു പേരും മികച്ച പ്രകടനം നടത്തിയെന്നും ബാഴ്സയെന്ന ഗ്രൂപ്പിൽ വിശ്വാസമുണ്ടെന്നും ഒബാമയാങ് പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.