Football in Malayalam

അച്ചടക്ക ലംഘനം; ഒബമയാങ്ങിനെ ക്ലബ് നായകസ്ഥാനത്ത് നിന്ന് മാറ്റി ആഴ്‌സണൽ

Haroon Rasheed
Manchester United v Arsenal - Premier League
Manchester United v Arsenal - Premier League / Shaun Botterill/GettyImages
facebooktwitterreddit

അച്ചടക്ക ലംഘനം നടത്തിയതിന് പിയറി-എമെറിക്ക് ഒബമയാങ്ങിനെതിരെ നടപടി. താരത്തെ ക്ലബ് നായകസ്ഥാനത്ത് നിന്ന് മാറ്റാനും, തങ്ങളുടെ അടുത്ത മത്സരത്തിനുള്ള ടീമിൽ നിന്ന് പുറത്തിരിത്താനുമാണ് ആഴ്‌സനൽ തീരുമാനിച്ചിട്ടുള്ളത്. ക്ലബ് സ്റ്റേറ്റ്‌മെന്റിലൂടെ ആഴ്‌സനൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ, ആഴ്‌സനല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഒബമയാങ്ങിനെതിരെ അച്ചടക്ക നടപെടിയെടുത്തിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി രണ്ട് ദിവസം മുന്‍പ് നടന്ന സൗതാംപ്ടണെതിരെയുള്ള മത്സരത്തിനുള്ള ആഴ്‌സനൽ ടീമിൽ താരം ഉണ്ടായിരുന്നില്ല. പരിശീലകന്റെയും ക്ലബിന്റെയും അനുമതി പ്രകാരം ഒബമയാങ് പാരിസില്‍ പോയെങ്കിലും ഒരു ദിവസം വൈകിയാണ് എത്തിയത്. ഇതിനെ തുടര്‍ന്നാണ് അര്‍ട്ടേറ്റ താരത്തിനെതിരെ നടപടിയെടുത്തത്.

"ഞങ്ങളുടെ എല്ലാ കളിക്കാരും പ്രത്യേകിച്ച് ഞങ്ങളുടെ ക്യാപ്റ്റന്‍, ഞങ്ങള്‍ നിശ്ചയിച്ചിട്ടുള്ളതും അംഗീകരിച്ചതുമായ നിയമങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, നാളത്തെ മത്സരത്തിലാണ് ഇപ്പോള്‍ ടീമിന്റെ ശ്രദ്ധ," ഒബമയാങ്ങിനെ നായകസ്ഥാനത്ത് നിന്ന് നീക്കം ചെയ്‌തെന്ന് സ്ഥിരീകരിച്ച വാര്‍ത്താ കുറിപ്പില്‍ ആഴ്‌സനല്‍ വ്യക്തമാക്കി.

നാളെ രാത്രി വെസ്റ്റ് ഹാമിനെതിരെയാണ് ആഴ്‌സനലിന്റെ അടുത്ത മത്സരം. 16 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി പ്രീമിയർ ലീഗ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് നിലവിൽ ആഴ്‌സണൽ. വരുന്ന മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത് ആദ്യ നാലിൽ പ്രവേശിക്കാനാവും ആഴ്‌സനൽ ലക്ഷ്യമിടുന്നത്.


facebooktwitterreddit