FC Barcelona News

അസാമാന്യപ്രതിഭയുള്ള യുവതാരങ്ങളുടെ ചിറകിൽ ബാഴ്‌സലോണ അടുത്ത സീസണിൽ തിരിച്ചു വരുമെന്ന് ഒബാമയാങ്

Sreejith N
Aubameyang Says Barca Will Do Well Next Season
Aubameyang Says Barca Will Do Well Next Season / Mark Evans/GettyImages
facebooktwitterreddit

ഈ സീസണിൽ നേട്ടങ്ങളൊന്നും സ്വന്തമാക്കാനായില്ലെങ്കിലും അടുത്ത സീസണിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ ബാഴ്‌സലോണക്കു കഴിയുമെന്ന് ടീമിന്റെ മുന്നേറ്റനിര താരമായ പിയറി എമറിക്ക് ഒബാമയാങ്. ഈ സീസണിൽ ഒരു കിരീടവും സ്വന്തമാക്കാൻ കഴിയാതിരുന്ന ബാഴ്‌സലോണ ലീഗിൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്.

"വളരെ മികച്ച അവിശ്വസനീയ പ്രതിഭയുള്ള യുവതാരങ്ങൾ ബാഴ്‌സലോണയിൽ ഇപ്പോഴുണ്ട്. അവർ സ്വയം വിശ്വസിച്ച് മുന്നോട്ടു പോകണം. യുവതാരമായിരിക്കുമ്പോൾ കൂടുതൽ കളിച്ചാൽ കൂടുതൽ ആത്മവിശ്വാസം വരും. അതുകൊണ്ടാണ് ബാഴ്‌സ തിരിച്ചു വരുമെന്ന് പറയുന്നത്. ടീമിൽ അത്രയും പ്രതിഭയുള്ള താരങ്ങളുണ്ട്."

"പെഡ്രി, അൻസു, ഗാവി എന്നിവരിലെല്ലാം എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ട്. ലാ മാസിയയിൽ നിന്നും അവർ നേരിട്ട് ടീമിലേക്ക് വരികയാണ് ചെയ്‌തത്‌. ചെറുപ്പം മുതലേ അവരീ ടീമിനൊപ്പമുണ്ട്, അതു നല്ലതാണ്. അവരെക്കുറിച്ചോർത്ത് അഭിമാനിക്കുക തന്നെ വേണം." ഒബാമയാങ് സ്പോർട്സ് ബാഴ്‌സയോട് പറഞ്ഞു.

പരമാവധി കാലം ബാഴ്‌സലോണയിൽ തന്നെ തുടരാനുള്ള ആഗ്രഹമുണ്ടെന്നും ഒബാമയാങ് പറഞ്ഞു. കൂടുതൽ കഠിനാധ്വാനം നടത്തണമെന്നും ക്ലബിനു വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്നും അടുത്ത സീസൺ മികച്ചതാകുമെന്ന പ്രതീക്ഷയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ജനുവരിയിൽ ടീമിലെത്തിയതിനു ശേഷം ബാഴ്‌സലോണക്കായി 13 ഗോളുകളാണ് ഒബാമയാങ് നേടിയത്. ലാ ലിഗയിൽ പതിമൂന്നു മത്സരങ്ങളിൽ മാത്രം ആദ്യ ഇലവനിൽ ഇറങ്ങി 11 ഗോൾ നേടിയ ഒബാമയാങ് സീസണിൽ ക്ലബിന്റെ സെക്കൻഡ് ടോപ് സ്‌കോറർ കൂടിയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit