ഡെംബലെയോട് ബാഴ്‌സലോണയിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടിരുന്നു, ഹാലൻഡ് ക്ലബിലെത്താനുള്ള സാധ്യതയെക്കുറിച്ചും ഒബാമയാങ്
By Sreejith N

ഈ സീസൺ അവസാനിക്കുന്നതോടെ കരാർ അവസാനിച്ച് ബാഴ്‌സലോണ വിടാനൊരുങ്ങുന്ന ഫ്രഞ്ച് മുന്നേറ്റനിര താരം ഒസ്മാനെ ഡെംബലെയോട് ക്ലബിൽ തന്നെ തുടരാൻ താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിയ പിയറെ എമറിക്ക് ഒബാമയാങ്. താരം ക്ലബിൽ തന്നെ തുടരാനുള്ള സാധ്യതകൾ പൂർണമായും തള്ളിക്കളയാൻ കഴിയില്ലെന്നും ഒബാമയാങ് വ്യക്തമാക്കി.
കരാർ അവസാനിക്കുന്ന ഡെംബലെയോട് ജനുവരിയിൽ തന്നെ ക്ലബ് വിടാൻ ബാഴ്‌സലോണ ആവശ്യപ്പെട്ടെങ്കിലും താരം അതു നിരാകരിച്ച് ക്ലബിനൊപ്പം തുടരുകയായിരുന്നു. മുൻപ് ബൊറൂസിയ ഡോർട്മുണ്ടിൽ ഒരുമിച്ചു കളിച്ച ഒബാമയാങ്ങിന്റെ വരവ് ഫ്രഞ്ച് താരത്തിന് ക്ലബിൽ കൂടുതൽ സന്തോഷവും ആത്മവിശ്വാസവും നൽകുന്നുണ്ടെന്നത് കഴിഞ്ഞ മത്സരങ്ങളിൽ നിന്നും വ്യക്തമായ കാര്യവുമാണ്.
Pierre-Emerick Aubameyang wants Ousmane Dembele to stay at Barcelona ? pic.twitter.com/D7PTSXhEGv
— GOAL (@goal) February 21, 2022
"ഇതു വളരെ പ്രത്യേകതയുള്ള കാര്യമാണ്, കാരണം ഞങ്ങൾ വളരെ മികച്ചൊരു വർഷം ഡോർട്മുണ്ടിൽ പൂർത്തിയാക്കിയിരുന്നു. അവിശ്വസനീയ കളിക്കാരനാണ് ഡെംബലെ. പന്തുമായി വളരെ മികച്ച പ്രകടനം നടത്താൻ കഴിയുന്ന താരം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണ്, ഒരു സ്‌ട്രൈക്കറെ സംബന്ധിച്ച് താരം അവിശ്വസനീയമായ കളിക്കാരനാണ്." ഡെംബലെക്കൊപ്പം വീണ്ടും ഒരുമിക്കുന്നതിനെക്കുറിച്ച് ഒബാമയാങ് സ്പോർട്ടിനോട് പറഞ്ഞു.
"സത്യം പറഞ്ഞാൽ താരം ഇവിടെയുള്ളതിൽ ഞാൻ വളരെ സന്തോഷത്തിലായിരുന്നു. ഇവിടെ വന്നതിനു ശേഷം ഞാൻ ഡെംബലെയോട് 'ഇവിടെത്തന്നെ തുടരണം' എന്നും പറഞ്ഞിരുന്നു." ഒബാമയാങ് വ്യക്തമാക്കി. ഡെംബലെ തുടരാനുള്ള സാധ്യത ഉണ്ടോയെന്ന ചോദ്യത്തിന് "എനിക്കറിയില്ല, പക്ഷെ എനിക്ക് പറയാൻ പറയാൻ കഴിയുന്ന ഒരേയൊരു കാര്യം ജീവിതത്തിൽ എന്തും സാധ്യമാണ്" എന്നായിരുന്നു താരത്തിന്റെ മറുപടി.
നിലവിൽ ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ഹാലൻഡ് അടുത്ത സമ്മറിൽ വരുന്നതിനെക്കുറിച്ചും ഒബാമയാങ് പറഞ്ഞു. "ഞാൻ സഹതാരങ്ങളുമായി ആരോഗ്യകരമായ ഒരു മത്സരത്തിന് എപ്പോഴും തയ്യാറെടുക്കുന്നുണ്ട്. താരം ബാഴ്‌സയിലെത്തിയാൽ ഒപ്പം കളിക്കാൻ കഴിയുന്നത് ഒരു ബഹുമതിയാണ്."
"ഞാനൊരു പരിശീലകനല്ല, പക്ഷെ ഹാലൻഡ് ഒരു താരം തന്നെയാണെന്നു കരുതുന്നു. ഒരുപാട് ഗോളുകൾ അവനു നേടാൻ കഴിയുന്നുണ്ട്. വളരെ മികച്ച ആകാരവും വേഗതയും താരത്തിനുണ്ട്. ചിലപ്പോൾ അതു വിചിത്രമാണ്, വളരെ വലിയ ശരീരമായിട്ടും താരം ഇത്രയധികം ഓടുന്നത്. ഈ പ്രായത്തിൽ തന്നെ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് ഹാലൻഡ്." ഒബാമയാങ് വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.