Football in Malayalam

ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ; ഒബാമയാങിന് ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ കളിക്കാൻ അനുമതി നിഷേധിച്ചു

Sreejith N
Leicester City v Arsenal - Premier League
Leicester City v Arsenal - Premier League / James Williamson - AMA/GettyImages
facebooktwitterreddit

ആഴ്‌സണൽ നായകനായിരുന്ന പിയറി എമറിക്ക് ഒബാമയാങ് ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. അച്ചടക്കലംഘനം നടത്തിയതിനെ തുടർന്ന് ആഴ്‌സണൽ നായകസ്ഥാനത്തു നിന്നും ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട താരം ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ കളിക്കുന്ന ഗാബോൺ ടീമിനൊപ്പമാണ് ഉള്ളതെങ്കിലും ടൂർണമെന്റിലും താരത്തിന് കളിക്കാൻ കഴിയില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പൊൾ പുറത്തു വരുന്നത്.

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ഗാബോൺ ആദ്യ മത്സരം കളിക്കുന്നതിനു മുൻപ്‌ തന്നെ കോവിഡ് അണുബാധ കണ്ടെത്തിയതിനാൽ ഒബാമയാങ് ടീമിൽ നിന്നും പുറത്തായിരുന്നു. ഇപ്പോൾ കോവിഡ് ഭേദമായെങ്കിലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ താരത്തിനുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് ഘാനക്കെതിരായ മത്സരത്തിൽ താരമടക്കം മൂന്നു പേരെ കളിപ്പിക്കാൻ കഴിയില്ലെന്ന് കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ (സിഎഎഫ്) വ്യക്തമാക്കിയിരുന്നു.

"സിഎഎഫിന്റെ മെഡിക്കൽ കമ്മീഷൻ പ്രകാരം പിയറി എമറിക്ക് ഒബാമയാങ്, ആക്സെൽ മെയെ, മരീനോ ലെമിനെ എന്നിവർ കോവിഡിൽ നിന്നും മുക്തരായെങ്കിലും ഈ മത്സരം കളിക്കാൻ കഴിയുകയില്ല. പരിശോധനയിൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ കാണുന്നുണ്ട്. സിഎഎഫ് ഇക്കാര്യത്തിൽ ഒരു സാഹസത്തിനും മുതിരാൻ തയ്യാറല്ല." പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.

കളിക്കാരുടെ നിലവിലെ സാഹചര്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും കോവിഡ് ബാധയേറ്റതിന്റെ അനന്തരഫലങ്ങൾ കൊണ്ടുണ്ടായ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ആയിരിക്കുമിതെന്നാണ് ആരാധകർ കരുതുന്നത്. അതല്ലെങ്കിൽ താരത്തിന്റെ കരിയറിനെ തന്നെ ഇതു ബാധിക്കാൻ സാധ്യതയുണ്ട്. അടുത്തിടെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അർജന്റീനിയൻ താരം സെർജിയോ അഗ്യൂറോ ഫുട്ബോളിൽ നിന്നും വിരമിച്ചിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit