മൊറാട്ടക്ക് വേണ്ടിയുള്ള നീക്കം പരാജയപ്പെട്ടാൽ ഒബമയാങ്ങിനെ ലക്ഷ്യമിടാൻ ബാഴ്‌സലോണ

Arsenal v Newcastle United - Premier League
Arsenal v Newcastle United - Premier League / Richard Heathcote/GettyImages
facebooktwitterreddit

അത്‌ലറ്റിക്കോ മാഡ്രിഡ് താരം അല്‍വാരോ മൊറാട്ടയെ ടീമിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനുവരിയില്‍ തന്നെ ഒബമയാങ്ങിന് വേണ്ടിയുള്ള ശ്രമം നടത്താൻ ബാഴ്‌സോലണയുടെ നീക്കം. മൊറാട്ടക്ക് വേണ്ടിയുള്ള ശ്രമം പരാജയപ്പെട്ടാലുള്ള ബാഴ്‌സയുടെ പ്ലാൻ ബിയാണിത്.

സാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു ബാഴ്‌സലോണ അല്‍വാരോ മൊറാട്ടക്ക് വേണ്ടി നീക്കങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബാഴ്‌സയും അത്‌ലറ്റിക്കോയും തമ്മിലുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയ അവസ്ഥയാണുള്ളത്.

സെര്‍ജിയോ അഗ്യൂറോയുടെ അപ്രതീക്ഷിത വിരമിക്കലായിരുന്നു ബാഴ്‌സലോണയുടെ പ്രതീക്ഷകളെ തകിടംമറിച്ചത്. കൂടാതെ ഫ്രഞ്ച് താരം ഒസ്മാന്‍ ഡംബലെ താരത്തിന്റെ ഭാവി തീരുമാനിക്കാത്തതും ബാഴ്‌സലോണക്ക് ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരങ്ങളെ ടീമിലെത്തിക്കുന്നതിന് തിരിച്ചടിയായി.

വോള്‍വ്‌സ് മുന്നേറ്റ താരം അദമ ട്രോയറുമായുള്ള കരാര്‍ ബാഴ്‌സലോണ ഏറെക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സീസൺ അവസാനം വരെയുള്ള ലോണിലും, അതിന് ശേഷം സ്ഥിരകരാറിൽ സ്വന്തമാക്കണമെന്ന നിബന്ധനയുള്ള കരാറിലാവും ട്രവോറെ ബാഴ്‌സയിലെത്തുക.

അതേ സമയം, സ്ഥിരകരാറിൽ മൊറാട്ടയെ യുവന്റസ് സ്വന്തമാക്കാൻ സാധ്യത കുറവാണ്. ലോണ്‍ ഫീയായി യുവന്റസ് ഇതിനകം 20 മില്യന്‍ യൂറോ അത്‌ലറ്റിക്കോക്ക് നല്‍കിയിട്ടുണ്ട്. അതിനാൽ തന്നെ, 45 മില്യന്‍ യൂറോ കൂടി നൽകി താരത്തെ സ്ഥിരകരാറിൽ സ്വന്തമാക്കാൻ യുവന്റസ് ശ്രമിച്ചേക്കില്ല.

75 മില്യന്‍ യൂറോ നല്‍കി ഡുസന്‍ വ്ളാഹോവിച്ചിനെ യുവന്റസ് ടീമിലെത്തിക്കുന്നതോടെ മൊറാട്ടയുടെ അവസരം കുറയുമെന്ന കാര്യമുറപ്പാണ്. ഇതോടെ താരത്തിന് മറ്റൊരു ക്ലബിലേക്ക് ചേക്കേറല്‍ നിര്‍ബന്ധമായി വരും.

അതേ സമയം, മൊറാട്ടയുടെ ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ ചര്‍ച്ചക്കായി ബാഴ്‌സലോണ മാനേജ്‌മെന്റ് മാഡ്രിഡിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം. ചര്‍ച്ച പരാജയപ്പെടുകയാണെങ്കില്‍ ഒബമയാങ്ങിനെയാകും ബാഴ്‌സ ലക്ഷ്യം വെക്കുക.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.