ഒബമയാങ്ങിന്റെ ബാഴ്സലോണയിലേക്കുള്ള നീക്കം അവതാളത്തിൽ

ആഴ്സനലിന്റെ ഗാബോണ്‍ താരം പിയറി എമറിക് ഒബമയാങ്ങിന്റെ ബാഴ്സലോണയിലേക്കുള്ള നീക്കം നടക്കില്ലെന്ന് റിപ്പോര്‍ട്ട്. താരം മെഡിക്കല്‍ നടപടിക്രമത്തിനായി ബാഴ്സലോണയിൽ എത്തിയിരുന്നെങ്കിലും ശമ്പളത്തിന്റെ കാര്യത്തില്‍ ഇരു പാര്‍ട്ടികളും നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് താരത്തിന്റെ ബാഴ്സലോണയിലേക്കുള്ള ചേക്കേറല്‍ അവതാളത്തിലായത്. ദി അത്ലറ്റിക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അച്ചടക്കലംഘനത്തെ തുടർന്ന് ഡിസംബറിൽ ഒബമയാങ്ങിനെ ആഴ്സനല്‍ അവരുടെ നായകസ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. ഡിസംബർ ഏഴിന് ശേഷം താരം ആഴ്സണലിന് വേണ്ടി കളത്തിലിറങ്ങുകയും ചെയ്തിട്ടില്ല. ഇതോടെയാണ് താരം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.
അല്‍വാരോ മൊറാട്ടയെ സ്വന്തമാക്കാന്‍ കഴിയാത്തതോടെയായിരുന്നു ബാഴ്സലോണ ഒബമയാങ്ങിനെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തിയത്. കാറ്റലൻ ക്ലബിലേക്കുള്ള നീക്കത്തിനായി ഒബമയാങ് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു ബാഴ്സലോണയിലെത്തിയത്.
ഒബമയാങിന് വേണ്ടി ബാഴ്സലോണ ആഴ്സണലിന് നൽകിയ ഫൈനാൻഷ്യൽ പ്രൊപോസലിൽ മാറ്റം വരുത്തിയില്ലെങ്കിൽ, ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ താരം ക്യാമ്പ് നൗവിലേക്ക് ചേക്കേറില്ലെന്ന് ദി അത്ലറ്റിക്കിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സയിലേക്കുള്ള നീക്കം നടന്നില്ലെങ്കിൽ താരം വീണ്ടും ആഴ്സണലിനായി കളിക്കാനുള്ള സാധ്യതകളാണ് ഉരുത്തിരിയുന്നത്. പ്രീമിയർ ലീഗിൽ ആദ്യ നാലിൽ ഫിനിഷ് ചെയ്യാൻ ലക്ഷ്യമിടുന്ന ആഴ്സണലിന് ഒബമയാങ്ങിന്റെ സാന്നിധ്യം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രത്യേകിച്ചും ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഒരു താരത്തെയും ആഴ്സണൽ ഇത് വരെ സ്വന്തമാക്കാത്ത സാഹചര്യത്തിൽ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.