അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബാഴ്സലോണ താരം ഒബാമയാങ്


ഗാബോൺ ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബാഴ്സലോണ സ്ട്രൈക്കർ പിയറി എമറിക്ക് ഒബാമയാങ്. ദേശീയ ടീമിന്റെ നായകനായിരുന്ന ഒബാമയാങ് 72 മത്സരങ്ങൾ അവർക്കായി കളിച്ച് മുപ്പതു ഗോളുകൾ നേടിയിട്ടുണ്ട്. ക്ലബ് കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് 32 വയസുള്ള ഒബാമയാങ് ദേശീയ ടീമിനോട് വിട പറഞ്ഞത്.
പതിമൂന്നു വർഷങ്ങളോളം അഭിമാനത്തോടെ ദേശീയ ടീമിനെ പ്രതിനിധാനം ചെയ്തതിനു ശേഷം വിരമിക്കാനുള്ള തീരുമാനം എടുക്കുകയാണെന്ന് താരം ഗാബോൺ ആരാധകർക്ക് എഴുതിയ തുറന്ന കത്തിൽ വ്യക്തമാക്കുന്നു. തന്റെ നല്ല സമയത്തും മോശം സമയത്തും പിന്തുണച്ച ഗാബോണിലെ ജനങ്ങളോട് വളരെയധികം നന്ദിയുണ്ടെന്നും താരം വ്യക്തമാക്കി.
Pierre-Emerick Aubameyang has announced his retirement from international football with Gabon.
— GOAL News (@GoalNews) May 18, 2022
Aubameyang represented his nation for over 10 years and wore the captain's armband ?? pic.twitter.com/3akgB4Of6H
ഈ വർഷത്തിന്റെ തുടക്കത്തിൽ നടന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസായിരുന്നു ദേശീയ ടീമിൽ ഒബാമയാങ്ങിന്റെ അവസാനത്തെ ടൂർണമെന്റ് ആകേണ്ടിയിരുന്നതെങ്കിലും കോവിഡ് ബാധിച്ചതു മൂലം താരത്തിനതിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഒബാമയാങ്ങിന്റെ അഭാവത്തിലും അവസാന പതിനാറിൽ ഇടം പിടിക്കാൻ കഴിഞ്ഞ ഗാബോൺ ബുർക്കിന ഫാസോയോട് തോറ്റാണ് പുറത്താകുന്നത്.
ദേശീയ ടീമിന്റെ ടോപ് സ്കോററായ ഒബാമയാങ് ഇക്കഴിഞ്ഞ ജനുവരി ജാലകത്തിൽ ആഴ്സണൽ പരിശീലകൻ അർടെട്ടയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്ന് ബാഴ്സലോണ ടീമിലേക്ക് ചേക്കേറിയിരുന്നു. ബാഴ്സലോണക്കു വേണ്ടി മികച്ച പ്രകടനം നടത്തുന്ന താരം ജനുവരിയിലാണ് എത്തിയതെങ്കിലും 16 മത്സരങ്ങളിൽ നിന്നും 11 ഗോളുകൾ നേടി ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോററാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.