Champions League

വാൻഡ മെട്രോപ്പോളിറ്റാനോയിൽ മാഞ്ചസ്റ്റർ സിറ്റി വീഴുമോ? അത്ലറ്റികോ-മാഞ്ചസ്റ്റർ സിറ്റി മത്സരത്തിലെ സാധ്യത ഇലവൻ അറിയാം

Sreejith N
Atletico Madrid Vs Man City Possible Eleven, Time, Telecast In India
Atletico Madrid Vs Man City Possible Eleven, Time, Telecast In India / Soccrates Images/GettyImages
facebooktwitterreddit

എത്തിഹാദിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഒന്നാം പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഡീഗോ സിമിയോണിയുടെ അത്ലറ്റികോ മാഡ്രിഡിന്റെ പ്രതിരോധപ്പൂട്ടു പൊളിച്ച് ഒരു ഗോൾ വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായാണ് മാഞ്ചസ്റ്റർ സിറ്റി രണ്ടാം പാദത്തിനായി ഇറങ്ങുന്നത്. അത്ലറ്റികോ മാഡ്രിഡിന്റെ മൈതാനമായ വാൻഡ മെട്രോപ്പോളിറ്റാനോയിൽ ഇറങ്ങുമ്പോൾ ഒന്നാം പാദത്തിലെ ഫലം ആവർത്തിക്കാൻ അവർക്കു കഴിയുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

ഒരു സ്‌ട്രൈക്കറെ പോലും അണിനിരത്താതെ 5-5-0 എന്ന ശൈലിയിൽ ടീമിനെ ഇറക്കിയാണ് കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ സിമിയോണി പ്രതിരോധിച്ചതെങ്കിലും കെവിൻ ഡി ബ്രൂയ്‌നാണ് മാഞ്ചസ്റ്റർ സിറ്റിയെ ആദ്യപാദത്തിൽ മുന്നിലെത്തിച്ചത്. എന്നാൽ ആദ്യപാദത്തിൽ നിന്നും തീർത്തും വ്യത്യസ്‌തമായ ശൈലിയിലാവും ഇന്നത്തെ മത്സരത്തിൽ സിമിയോണി ടീമിനെ ഇറക്കുകയെന്നതിൽ സംശയമില്ല.

എന്നാൽ നിലവിൽ യൂറോപ്പിൽ തന്നെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ടീമുകളിൽ ഒന്നായ മാഞ്ചസ്റ്റർ സിറ്റി ആദ്യപാദത്തിൽ നേടിയ നേരിയ മുൻതൂക്കം വർധിപ്പിക്കാൻ തുടക്കത്തിൽ തന്നെ ഗോൾ നേടാനാവും ശ്രമിക്കുക. അതിനാൽ തന്നെ സിറ്റിയുടെ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിച്ച് പ്രത്യാക്രമങ്ങൾ വഴി തിരിച്ചടിക്കാനാവും അത്ലറ്റികോ മാഡ്രിഡ് ശ്രമിക്കുക.

കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂളിനെതിരെ സമനില വഴങ്ങിയെങ്കിലും മികച്ച പ്രകടനം നടത്തിയ സിറ്റി പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. അതേസമയം തുടർച്ചയായ ആറു ലാ ലിഗ മത്സരങ്ങളിൽ വിജയം നേടിയിരുന്ന അത്ലറ്റികോ മാഡ്രിഡ് കഴിഞ്ഞ ലീഗ് മത്സരത്തിൽ മയോർക്കയോട് ഒരു ഗോളിന്റെ തോൽവി വഴങ്ങിയാണ് ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിറങ്ങുന്നത്.

സ്വന്തം മൈതാനത്താണ് മത്സരം നടക്കുന്നതെന്നത് അത്ലറ്റികോ മാഡ്രിഡിന് ആശ്വാസം നൽകുന്നു. ലീഗിൽ സ്വന്തം മൈതാനത്ത് അവസാനം നടന്ന മൂന്നു മത്സരങ്ങളിലും വിജയം നേടാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. അതേസമയം ചാമ്പ്യൻസ് ലീഗിൽ സ്വന്തം മൈതാനത്ത് അതെ ഫോം തുടരാൻ സിമിയോണിക്ക് കഴിയുന്നില്ലെന്നത് അവർക്ക് ആശങ്കയും സമ്മാനിക്കുന്നുണ്ട്.

2022 ഏപ്രിൽ 13നു ഇന്ത്യൻ സമയം രാത്രി 12.30നാണു അത്ലറ്റികോയും മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടുന്നത്. സോണി ടെൻ 2, സോണി ടെൻ 2 എച്ച്ഡി എന്നീ ചാനലുകളിലൂടെയും ജിയോ ടിവി, സോണി ലൈവ് എന്നീ ആപ്പുകളിലൂടെയും മത്സരം കാണാം.

അത്ലറ്റികോ മാഡ്രിഡിന്റെ സാധ്യത ഇലവൻ:

ഗോൾകീപ്പർ - യാൻ ഒബ്ലാക്ക്

പ്രതിരോധനിര - സാവിച്ച്, ഫെലിപ്പെ, റെയ്‌നിൽഡോ, വേഴ്സാൽക്കോ

മധ്യനിര: ലോറന്റെ, കൊക്കെ, ലെമർ, ലോദി

മുന്നേറ്റനിര - ഗ്രീസ്‌മൻ, ഫെലിക്‌സ്

മാഞ്ചസ്റ്റർ സിറ്റി സാധ്യത ഇലവൻ:

ഗോൾകീപ്പർ - എഡേഴ്‌സൺ

പ്രതിരോധനിര - വാക്കർ, സ്റ്റോൺസ്, ലപോർട്ടെ, ആക്ക

മധ്യനിര - ഗുൻഡോഗൻ, റോഡ്രി, ഡി ബ്രൂയ്ൻ

മുന്നേറ്റനിര - മഹ്റസ്, ഫോഡൻ, സ്റ്റെർലിങ്

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit