ഒബ്ലാക്കിനെ അത്ലറ്റികോക്ക് നഷ്ടമായാൽ പകരക്കാരനായി അർജന്റീനിയൻ ഗോൾകീപ്പറെത്തും

Juan Musso
Spal v Udinese - Serie A | Alessandro Sabattini/Getty Images

ചെൽസി നോട്ടമിടുന്ന ഒബ്ലാക്കിനെ നഷ്ടമായാൽ പകരക്കാരനായി സീരി എയിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന അർജന്റീനിയൻ ഗോൾകീപ്പർ യുവാൻ മുസ്സോയെ അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കിയേക്കും. യുഡിനസ് താരത്തെ ഒബ്ലാക്കിന് പകരക്കാരനായി അത്ലറ്റികോ നോട്ടമിടുന്നുണ്ടെന്ന് മുസ്സോയുടെ ഏജൻറ് തന്നെയാണ് വെളിപ്പെടുത്തിയത്.

"ഇറ്റലിയിൽ നിന്നും ഇന്റർമിലാൻ, എസി മിലാൻ, നാപോളി എന്നീ ക്ലബുകൾ മുസ്സോക്കു വേണ്ടി രംഗത്തുണ്ട്. ഇംഗ്ലണ്ടിൽ നിന്നും വാട്ഫോഡാണ് താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഒബ്ലാക്ക് ക്ലബ് വിടുകയാണെങ്കിൽ പകരക്കാരനായി മുസ്സോയെ സ്വന്തമാക്കാൻ അത്ലറ്റികോയും ശ്രമിക്കുന്നുണ്ട്." താരത്തിന്റെ ഏജന്റായ വിൻസെന്റ് മോണ്ടെസ് പറഞ്ഞു.

അർജന്റീനിയൻ ക്ലബായ റേസിങ്ങിൽ ഒരൊറ്റ സീസൺ മാത്രം കളിച്ച പരിചയവുമായാണ് മുസ്സോ 2018ൽ ഇറ്റലിയിലേക്ക് ചേക്കേറുന്നത്. ഇപ്പോൾ ഈ സീസണിൽ സീരി എയിൽ ഏറ്റവുമധികം ക്ളീൻഷീറ്റുകളുള്ള ഗോൾകീപ്പറാണ് അദ്ദേഹം. പതിനാലാം സ്ഥാനത്ത് കിടക്കുന്ന യുഡിനെസിന്‌ വേണ്ടിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

ഈ സീസണിൽ യുഡിനസ് തരം താഴ്ത്തൽ മേഖലയിലേക്ക് പോകാതിരിക്കാനുള്ള ഒരു കാരണം മുസ്സോയാണെന്നതിൽ ഒരു സംശയവുമില്ല. നിലവിൽ 30 ദശലക്ഷം യൂറോയോളം മൂല്യമുള്ള താരം അടുത്ത സീസണ് മുന്നോടിയായി ക്ലബ് വിടാൻ സാധ്യതയുണ്ടെന്ന് തന്നെയാണ് യുഡിനസ് നായകനും അർജന്റീനിയൻ സഹതാരവുമായി ഡി പോൾ പറയുന്നത്.