ഗ്രീസ്മന്റെ ലോൺ കരാർ നീട്ടാൻ അത്ലറ്റികോ മാഡ്രിഡ്, ഫെലിക്സിനെ ബാഴ്സലോണക്കു വിട്ടു കൊടുക്കില്ല


അന്റോയിൻ ഗ്രീസ്മനെ ബാഴ്സലോണയിൽ നിന്നും സ്ഥിരം കരാറിൽ സ്വന്തമാക്കാനുള്ള ഉടമ്പടി അത്ലറ്റികോ മാഡ്രിഡ് ഉടനെ ഉപയോഗിക്കില്ലെന്നു റിപ്പോർട്ടുകൾ. അതിനു പകരം ഫ്രഞ്ച് താരത്തിന്റെ നിലവിലുള്ള ലോൺ കരാർ നീട്ടാനാണ് അത്ലറ്റികോ മാഡ്രിഡ് ഒരുങ്ങുന്നതെന്ന് ഗോൾ റിപ്പോർട്ടു ചെയ്യുന്നു. പോർച്ചുഗൽ താരമായ ജോവോ ഫെലിക്സിനെ ബാഴ്സക്കു വിട്ടുകൊടുക്കാനും അത്ലറ്റികോ മാഡ്രിഡിനു പദ്ധതിയില്ല.
അഞ്ചു വർഷം അത്ലറ്റികോ മാഡ്രിഡിനു വേണ്ടി കളിച്ചതിനു ശേഷം 2019ലാണ് അന്റോയിൻ ഗ്രീസ്മൻ ബാഴ്സയിലേക്ക് ചേക്കേറുന്നത്. എന്നാൽ ബാഴ്സലോണയുടെ ശൈലിയുമായി ഒത്തിണങ്ങാൻ താരത്തിന് കഴിയാതിരിക്കുകയും ക്ലബ് വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും ചെയ്തതോടെ വേതനബിൽ കുറക്കാൻ സമ്മറിൽ ഗ്രീസ്മനെ ബാഴ്സലോണ ലോണിൽ അത്ലറ്റികോ മാഡ്രിഡിനു തന്നെ വിട്ടു നൽകി.
ഈ ഡീലിന്റെ ഭാഗമായി നാൽപതു ശതമാനം വേതനം ഗ്രീസ്മൻ വെട്ടിക്കുറച്ചിരുന്നു. ഇതു കഴിച്ചുള്ള ബാക്കി മുഴുവൻ തുകയും അത്ലറ്റികോ മാഡ്രിഡ് തന്നെയാണ് നൽകുന്നത്. ഈ സമ്മറിൽ നാൽപതു മില്യൺ നൽകി ഗ്രീസ്മനെ സ്വന്തമാക്കാൻ അവസരമുണ്ടെങ്കിലും അതിനു പകരം ലോൺ കരാർ ഒരു വർഷത്തേക്കു കൂടി നീട്ടാനാണ് അത്ലറ്റികോ മാഡ്രിഡിന്റെ തീരുമാനം. അടുത്ത സീസണിൽ ലഭ്യമായതിൽ അമ്പതു ശതമാനം മത്സരങ്ങൾ കളിച്ചാൽ നിർബന്ധമായും താരത്തെ സൈൻ ചെയ്യണം എന്നിരിക്കെ അതപ്പോൾ തീരുമാനിക്കാമെന്ന നിലപാടാണ് അത്ലറ്റികോയുടെത്.
അതേസമയം ബാഴ്സലോണ പ്രസിഡന്റായ ലപോർട്ടയടക്കം താൽപര്യം പ്രകടിപ്പിച്ച അത്ലറ്റികോ മാഡ്രിഡ് താരം ജോവോ ഫെലിക്സിനെ വിട്ടുകൊടുക്കാൻ അവർ തയ്യാറല്ല. 2026 വരെ കരാറുള്ള പോർച്ചുഗൽ താരം ടീമിലെ പ്രധാനിയാണെന്നാണ് പരിശീലകൻ ഡീഗോ സിമിയോണി പറയുന്നത്. 350 മില്യൺ റിലീസ് ക്ളോസ് ഉള്ളതിനാൽ താരത്തെ ഈ സമ്മറിൽ സ്വന്തമാക്കാൻ കഴിയില്ലെന്നുറപ്പാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.