La Liga

ലാ ലിഗ കിരീടം നേടിയ റയൽ മാഡ്രിഡിന് ഗാർഡ് ഓഫ് ഓണർ നൽകാൻ അത്ലറ്റികോ മാഡ്രിഡ് താരങ്ങൾക്ക് താൽപര്യമില്ല

Sreejith N
Atletico Madrid Players Against Giving Guard Of Honour To Real Madrid
Atletico Madrid Players Against Giving Guard Of Honour To Real Madrid / Quality Sport Images/GettyImages
facebooktwitterreddit

ഇന്നലെ എസ്‌പാന്യോളിനെതിരെ നടന്ന ലാ ലിഗ മത്സരത്തിൽ വമ്പൻ വിജയം നേടിയതോടെ തങ്ങളുടെ മുപ്പത്തിയഞ്ചാം ലീഗ് കിരീടമാണ് റയൽ മാഡ്രിഡ് നേടിയത്. കാർലോ ആൻസലോട്ടി പരിശീലകനായി എത്തിയ ഈ സീസണിൽ വലിയ ഭീഷണി ഒന്നും നേരിടാതെ ആധികാരികമായ പ്രകടനം നടത്തിത്തന്നെയായിരുന്നു റയൽ മാഡ്രിഡിന്റെ കിരീടധാരണം.

എസ്പാന്യോളിനെതിരായ മത്സരത്തിനു മുൻപു തന്നെ റയൽ മാഡ്രിഡ് കിരീടം നേടാനുള്ള സാധ്യതയെക്കുറിച്ചും അതിനു ശേഷം വരുന്ന ലീഗ് മത്സരത്തിൽ റയലിനെ നേരിടുന്ന അത്ലറ്റികോ മാഡ്രിഡ് അവർക്ക് ഗാർഡ് ഓഫ് ഓണർ നൽകുമോ എന്നതിനെക്കുറിച്ചും ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ റയൽ മാഡ്രിഡിന് ഗാർഡ് ഓഫ് ഓണർ നൽകാൻ അത്ലറ്റികോ മാഡ്രിഡ് താരങ്ങൾക്ക് താല്പര്യമില്ലെന്നാണ് മാർക്ക നൽകുന്ന സൂചനകൾ.

അത്‌ലറ്റിക് ക്ലബിനെതിരെ ഇന്നലെ നടന്ന ലീഗ് മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ തോൽവി വഴങ്ങിയതിനു ശേഷം അത്ലറ്റികോ മാഡ്രിഡ് പ്രതിരോധതാരമായ ജോസ് മരിയ ഗിമിനസ് പറഞ്ഞത് ഗാർഡ് ഓഫ് ഓണർ നൽകാൻ താൽപര്യമില്ലെന്നു തന്നെയാണ്. റയൽ മാഡ്രിഡിന് അഭിനന്ദനങ്ങൾ നേരുന്നുവെന്നു വ്യക്തമാക്കിയ അദ്ദേഹം പക്ഷെ തങ്ങളുടെ ആരാധകരോട് ബഹുമാനമുണ്ടെന്നും പറഞ്ഞു.

വ്യക്തിപരമായി ഒരു ടീമിനും ഗാർഡ് ഓഫ് ഓണർ നൽകാനോ, ആരിൽ നിന്നും ഗാർഡ് ഓഫ് ഓണർ സ്വീകരിക്കാനോ തനിക്ക് താല്പര്യമില്ലെന്നാണ് അത്ലറ്റികോ മാഡ്രിഡ് ഗോൾകീപ്പർ യാൻ ഒബ്ലാക്ക് പറഞ്ഞത്. എന്നാൽ ക്ലബാണ് അതിൽ തീരുമാനം എടുക്കുകയെന്നും അതിനനുസരിച്ച് ടീമിലെ താരങ്ങൾ വേണ്ടത് ചെയ്യുമെന്നും ഒബ്ലാക്ക് അതിനൊപ്പം കൂട്ടിച്ചേർത്തു.

ക്ലബിന്റെ തീരുമാനം വന്നാൽ അതിനനുസരിച്ച് നിൽക്കാൻ അത്ലറ്റികോ മാഡ്രിഡ് താരങ്ങൾ നിർബന്ധിതരാകും. എന്നാൽ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത അത്ലറ്റികോ മാഡ്രിഡിന് ഉറപ്പിക്കാൻ മാഡ്രിഡ് ഡെർബി നിർണായകമാണ് എന്നതിനാൽ ഭൂരിപക്ഷം ആരാധകരും ഗാർഡ് ഓഫ് ഓണറിനു എതിരാണെന്നതു പരിഗണിച്ച് ക്ലബും താരങ്ങൾക്കൊപ്പം നിൽക്കാൻ സാധ്യതയുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit