അത്ലറ്റികോ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള സാധ്യത ഇലവൻ


വാൻഡ മെട്രോപോളിറ്റാനോയിൽ ഇന്നു രാതി നടക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഏറ്റു മുട്ടുമ്പോൾ ഈ സീസണിലെ മോശം ഫോമിനെ മറികടന്ന് ചാമ്പ്യൻസ് ലീഗിൽ ഒരു പടി കൂടി മുന്നോട്ടു വെക്കുകയെന്ന ലഷ്യമായിരിക്കും രണ്ടു ടീമുകൾക്കും ഉണ്ടാവുക. ഗ്രൂപ്പ് എഫിൽ ജേതാക്കളായി മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീ ക്വാർട്ടർ മത്സരത്തിനെത്തിയപ്പോൾ ഗ്രൂപ്പ് ബിയിൽ ലിവർപൂളിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായിരുന്നു അത്ലറ്റികോ മാഡ്രിഡ്.
ടീമിലെ മുന്നേറ്റനിര താരങ്ങളായ ജോവോ ഫെലിക്‌സ്, ലൂയിസ് സുവാരസ് എന്നിവർ വലകുലുക്കിയപ്പോൾ ഒസാസുനയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കഴിഞ്ഞ ലാലിഗ മത്സരത്തിൽ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അത്ലറ്റികോ മാഡ്രിഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ ഇറങ്ങുന്നത്. കഴിഞ്ഞ സീസണിലെ ലീഗ് ജേതാക്കളാണെങ്കിലും നിലവിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന അത്ലറ്റികോ മാഡ്രിഡിന് സീസണിന്റെ രണ്ടാം പകുതിയിൽ ആത്മവിശ്വാസം തിരിച്ചു പിടിക്കാൻ ഈ മത്സരത്തിലെ വിജയത്തിലൂടെ കഴിയും.
അതേസമയം കഴിഞ്ഞ സീസണിൽ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞുവെങ്കിലും ഈ സീസണിൽ ടോപ് ഫോറിനായി പൊരുതുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും കഴിഞ്ഞ മത്സരത്തിൽ മികച്ച വിജയമാണ് സ്വന്തമാക്കിയത്. സൂപ്പർതാരം റൊണാൾഡോ ഗോൾ നേടിയില്ലെങ്കിലും ഹാരി മാഗ്വയർ, ബ്രൂണോ ഫെർണാണ്ടസ്, ഫ്രെഡ്, എലാങ്ക എന്നിവർ വലകുലുക്കിയപ്പോൾ രണ്ടിനെതിരെ നാല് ഗോളുകളുടെ വിജയമാണ് യുണൈറ്റഡ് നേടിയത്. സീസണിൽ അസ്ഥിരമായ പ്രകടനം നടത്തുന്ന യുണൈറ്റഡിന് വലിയ ആത്മവിശ്വാസമാണ് ഈ വിജയം നൽകിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വളരെയധികം കരുത്തു പകരുന്നത്. അത്ലറ്റികോ മാഡ്രിഡിനെതിരെ എല്ലായിപ്പോഴും തന്റെ വിശ്വരൂപം പുറത്തെടുത്തിട്ടുള്ള താരം ഈ മത്സരത്തിലും അതു ചെയ്യുമെന്ന് ആരാധകർ വിശ്വസിക്കുന്നു. അതേസമയം ഇതിനു മുൻപ് ഒരിക്കൽ മാത്രമാണ് അത്ലറ്റികോ മാഡ്രിഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിട്ടിട്ടുള്ളത്. 1991-92ൽ നടന്ന കപ്പ് വിന്നേഴ്‌സ് കപ്പിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ അത്ലറ്റികോ മാഡ്രിഡ് 4-1 എന്ന അഗ്രിഗേറ്റ് സ്‌കോറിൽ വിജയം സ്വന്തമാക്കുകയാണുണ്ടായത്.
അത്ലറ്റികോ മാഡ്രിഡിന്റെ സാധ്യത ഇലവൻ:
ഒബ്ലാക്ക്, വേഴ്‌സൽക്കോ, ഗിമിനിസ്, സാവിച്ച്, റെയ്‌നിൽഡോ, ലോറെൻറെ, കൊക്കെ, കൊണ്ടൊഗ്ബിയ, കൊറേയ, ഫെലിക്‌സ്, സുവാരസ്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാധ്യത ഇലവൻ:
ഡി ഗിയ, ദാലോട്ട്, വരാനെ, മാഗ്വയർ, ലൂക്ക് ഷാ, മാക്ടോമിനായ്, പോഗ്ബ, എലാങ്ക, ഫെർണാണ്ടസ്, സാഞ്ചോ, റൊണാൾഡോ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.