മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോച്ചട്ടിനോ മോഹത്തിനു ഭീഷണി, ലാ ലിഗ ക്ലബ് അർജന്റീനിയൻ പരിശീലകനെ ലക്ഷ്യമിടുന്നു


വമ്പൻ താരനിര സ്വന്തമായുണ്ടെങ്കിലും ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിയാത്തതു മൂലം പിഎസ്ജി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോയുടെ ക്ലബിലെ സ്ഥാനം ഭീഷണിയിൽ തുടരുകയാണ്. ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്തുണ്ടെങ്കിലും ലീഗിലും ചാമ്പ്യൻസ് ലീഗിലും ക്ലബിന് ആധികാരികമായ പ്രകടനം നടത്താൻ കഴിയാത്തതിനാൽ ടീമിലെ സൂപ്പർതാരങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവിനെ ആരാധകരിൽ പലരും സംശയത്തോടെയാണ് കാണുന്നത്.
പോച്ചട്ടിനോ പിഎസ്ജി വിട്ടാൽ അദ്ദേഹത്തെ സ്വന്തമാക്കാൻ മുൻനിരയിലുള്ള ക്ലബാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. നിലവിൽ താൽക്കാലിക പരിശീലകനായ റാൾഫ് റാങ്നിക്കിനു പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വം പ്രധാനമായും പരിഗണിക്കുന്നത് പോച്ചട്ടിനോയെയാണ്. എന്നാൽ അദ്ദേഹത്തെ സ്വന്തമാക്കാനുള്ള പ്രീമിയർ ലീഗ് ക്ലബിന്റെ നീക്കങ്ങൾ അത്ര എളുപ്പമാവില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്പാനിഷ് മാധ്യമമായ എൽ ചിരിങ്കുയിറ്റോയുടെ റിപ്പോർട്ടുകൾ പ്രകാരം അടുത്ത സീസണിൽ മൗറിസിയോ പോച്ചട്ടിനോയെ സ്വന്തമാക്കാൻ സ്പാനിഷ് ക്ലബായ അത്ലറ്റികോ മാഡ്രിഡും സജീവമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഈ സീസണിൽ മോശം പ്രകടനം നടത്തുന്നതിനാൽ നിലവിലെ പരിശീലകനായ സിമിയോണിയെ ഒഴിവാക്കി പോച്ചട്ടിനോയെ പകരക്കാരനായി നിയമിക്കാനാണ് അത്ലറ്റികോ മാഡ്രിഡ് ഒരുങ്ങുന്നത്.
കഴിഞ്ഞ സീസണിൽ ബാഴ്സയെയും റയലിനെയും പിന്നിലാക്കി ലാ ലിഗ കിരീടം സ്വന്തമാക്കിയ അത്ലറ്റികോ മാഡ്രിഡ് നിലവിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡിനെക്കാൾ പതിനാറു പോയിന്റ് പിന്നിൽ നാലാം സ്ഥാനത്താണ്. അതിനു പുറമെ ചാമ്പ്യൻസ് ലീഗിൽ രണ്ടാം സ്ഥാനക്കാരായി മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും അവർ നോക്ക്ഔട്ടിലേക്ക് മുന്നേറിയത്. നോക്ക്ഔട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണെന്നു അത്ലറ്റികോയുടെ എതിരാളികൾ.
ഈ സീസണിൽ അത്ലറ്റികോയുടെ പ്രകടനം മെച്ചപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ വർഷങ്ങളായി സ്പാനിഷ് ക്ലബിനൊപ്പമുള്ള സിമിയോണിയുടെ യാത്ര അവസാനിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങിനെയെങ്കിൽ അർജന്റീനിയൻ പരിശീലകന് പകരം മറ്റൊരു അർജന്റീനിയൻ പരിശീലകൻ ടീമിനെ നയിക്കുന്ന സാഹചര്യവും വന്നു ചേർന്നേക്കാം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.