ആൻഫീൽഡിൽ വെച്ചു നടക്കുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് അത്ലറ്റികോ മാഡ്രിഡ് വിറ്റഴിച്ചത് ഇരുനൂറു ടിക്കറ്റുകൾ മാത്രം


ലിവർപൂളുമായി ആൻഫീൽഡിൽ വെച്ചു നടക്കുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ തങ്ങളുടെ ആരാധകർക്കായി അത്ലറ്റികോ മാഡ്രിഡ് ഏറ്റെടുത്തു വിൽപ്പന നടത്തിയത് ഇരുനൂറു ടിക്കറ്റുകൾ മാത്രം. കൊറോണവൈറസിന്റെ ഡെൽറ്റ വകഭേദം പടരുന്ന സാഹചര്യത്തിൽ യുകെയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ ആരാധകർക്കുള്ള ആശങ്കയാണ് ഇതിനു കാരണം.
ഇരുടീമുകളും ആൻഫീൽഡിൽ കണ്ടുമുട്ടിയ അവസാന ചാമ്പ്യൻസ് ലീഗ് മത്സരം വളരെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. കൊറോണ വൈറസ് മൂലം ആഗോളവ്യാപകമായി ലോക്ക്ഡൗൺ വരുന്നതിനു മുൻപ് ആരാധകരെ പങ്കെടുപ്പിച്ചു നടത്തിയ അവസാനത്തെ ഫുട്ബോൾ പോരാട്ടങ്ങളിൽ ഒന്നായിരുന്ന ആ മത്സരത്തിൽ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് മോഹം അവസാനിപ്പിച്ച് അത്ലറ്റികോ മാഡ്രിഡ് ജയിച്ചു കയറിയിരുന്നു.
? NEW: Atletico Madrid have taken up only 200 of their allocated tickets for Wednesday’s Champions League clash at Anfield, with supporters anxious about travelling in the coronavirus climate. #awlive [mail] pic.twitter.com/pVlx5iQEBk
— Anfield Watch (@AnfieldWatch) November 1, 2021
ആ മത്സരത്തിനുണ്ടായിരുന്ന അൻപതിനായിരത്തിലധികം കാണികളിൽ മൂവായിരത്തോളം പേർ അത്ലറ്റികോ മാഡ്രിഡ് ആരാധകർ ആയിരുന്നു. അതിനു പിന്നാലെ ബ്രിട്ടനിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. ഈ മത്സരവുമായി ബന്ധപ്പെട്ടുണ്ടായ കോവിഡ് വ്യാപനത്തിൽ 37 മുതൽ 41 ആളുകൾ മരണപ്പെട്ടുവെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.
വൈറസിന്റെ ഡെൽറ്റ വകഭേദം വ്യാപിച്ച സാഹചര്യത്തിൽ 2020ലെ മത്സരത്തിന്റെ കൂടി പശ്ചാത്തലം കണക്കിലെടുത്താണ് അത്ലറ്റികോ മാഡ്രിഡ് ആരാധകർ ടീമിനെ പിന്തുണക്കാൻ പോകുന്നതിൽ നിന്നും പിന്മാറിയത്. ബ്രിട്ടനിലേക്കു പ്രവേശനം നേടാനുള്ള നിയന്ത്രണങ്ങൾ അവിടുത്തെ ഗവണ്മെന്റ് കടുപ്പിച്ചതും ഇതിനു കാരണമായിട്ടുണ്ട്.
കഴിഞ്ഞ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയ ലിവർപൂളിന് ലാ ലിഗ ചാമ്പ്യന്മാർക്കെതിരെ ഇരട്ടവിജയം നേടാനുള്ള അവസരമാണ് ഈ പോരാട്ടം. അതേസമയം ഗ്രീസ്മനു രണ്ടാം പകുതിയിൽ ലഭിച്ച ചുവപ്പുകാർഡ് കഴിഞ്ഞ മത്സരത്തിന്റെ വിധി എഴുതിയതിനെ ഇത്തവണ മറികടക്കാമെന്ന് അത്ലറ്റികോ പ്രതീക്ഷിക്കുന്നു.