മാത്യൂസ് ക്യൂന അത്ലറ്റിക്കോ മാഡ്രിഡിലേക്ക്; കരാർ കാര്യത്തിൽ ഹെർത്താ ബെർലിനുമായി ധാരണയിലെത്തിയതായി സൂചന

നിലവിൽ ഹെർത്താ ബെർലിന്റെ കളികാരനായ ബ്രസീലിയൻ മുന്നേറ്റ താരം മാത്യൂസ് ക്യൂന, ലാലീഗ ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിലെത്തും. ഏകദേശം മുപ്പത് മില്ല്യൺ യൂറോ മുടക്കിയാകും മാഡ്രിഡ് സംഘം താരത്തെ ടീമിലെത്തിക്കുകയെന്നും, കരാർ കാര്യത്തിൽ ഇരു കൂട്ടരും തമ്മിൽ ധാരണയിൽ എത്തിയെന്നുമാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.
തങ്ങളുടെ മുന്നേറ്റ നിര ശക്തമാക്കുന്നതിന്റെ ഭാഗമായി ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്കം മുതൽ ശ്രമങ്ങൾ നടത്തുന്ന അത്ലറ്റിക്കോ മാഡ്രിഡ്, ഫിയോറന്റീനയുടെ ദുസാൻ വ്ലാഹോവിച്ചിനെ ടീമിലെത്തിക്കാൻ നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും ഇറ്റാലിയൻ ക്ലബ്ബ് താല്പര്യം കാണിക്കാതിരുന്നതിനാൽ ആ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് സ്പാനിഷ് ക്ലബ്ബിന്റെ ശ്രദ്ധ ക്യൂനയിലേക്ക് തിരിഞ്ഞത്.
ക്യൂനയെ ടീമിലെത്തിക്കാനുള്ള താല്പര്യവുമായി ഹെർത്തെ ബെർലിനെ സമീപിച്ച അത്ലറ്റിക്കോ മാഡ്രിഡിന് വളരെ എളുപ്പത്തിൽ താരത്തിന്റെ കരാർ കാര്യത്തിൽ ജർമൻ ക്ലബ്ബുമായി ധാരണയിലെത്താൻ കഴിഞ്ഞതായും, താരത്തിനായി സമർപ്പിച്ച 26 മില്ല്യൺ + ബോണസ് എന്ന ബിഡ് ഹെർത്തെ ബെർലിൻ സ്വീകരിക്കാൻ തയ്യാറാവുകയായിരുന്നുവെന്നുമാണ് സ്കൈ ജർമനിയുടെ മാക്സ് ബിൽഫെൽഡ് റിപ്പോർട്ട് ചെയ്യുന്നത്.
Agreement in principle between Hertha BSC and Atlético Madrid for a transfer of Matheus Cunha!
— Max Bielefeld (@Sky_MaxB) August 23, 2021
Hertha accepted 30m€ plus bonuses - nothing is signed though.
Everton tried to hijack the deal in the last hours, but the player prefers a move to Spain!#TransferUpdate
ഇരുപത്തിരണ്ടുകാരനായ ക്യൂനയെ ടീമിലെത്തിക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബായ എവർട്ടണും താല്ലര്യമുണ്ടായിരുന്നുവെങ്കിലും, അവരുടെ നീക്കം പരാജയപ്പെടുകയായിരുന്നുവെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലേക്ക് പോകുന്നതിനേക്കാൾ സ്പെയിനിലേക്ക് ചേക്കേറാൻ ക്യൂന താല്ലര്യപ്പെടുന്നുണ്ടെന്നതും ഇതിനോട് കൂട്ടി വായിക്കണം. ക്യൂന മുന്നോട്ടു വെക്കുന്ന വ്യക്തിപരമായ നിബന്ധനകൾ കൂടി അത്ലറ്റിക്കോ അംഗീകരിക്കുന്നതോടെ കരാർ യാഥാർത്ഥ്യമാകുമെന്നാണ് കരുതപ്പെടുന്നത്.
ബ്രസീലിന്റെ ഭാവി സൂപ്പർ താരങ്ങളിലൊരാളായ ക്യൂന, ഇക്കഴിഞ്ഞ സീസണിൽ 27 ബുണ്ടസ്ലീഗ മത്സരങ്ങളായിരുന്നു ഹെർത്ത ബെർലിനായി കളിച്ചത്. ഈ മത്സരങ്ങളിൽ നിന്ന് 7 ഗോളുകളായിരുന്നു താരത്തിന്റെ സമ്പാദ്യം. അതേ സമയം ക്യൂനയെ ടീമിലെത്തിക്കാനായാൽ ഇക്കുറി അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കിയ വിദേശ താരങ്ങളുടെ എണ്ണം നാലായി മാറും. റോഡ്രിഗോ ഡി പോൾ, ബെഞ്ചമിൻ ലെകോംറ്റെ, മാർക്കസ് പോളോ എന്നിവരാണ് ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഇതിനോടകം അത്ലറ്റിക്കോയിലെത്തിയ താരങ്ങൾ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.