മാഞ്ചസ്റ്റർ സിറ്റി കളിച്ചത് പൗരാണിക കാലത്തെ പ്രതിരോധഫുട്ബോൾ, ഗ്വാർഡിയോളക്കെതിരെ തിരിച്ചടിച്ച് അത്ലറ്റികോ പ്രസിഡന്റ്


മാഞ്ചസ്റ്റർ സിറ്റിയും അത്ലറ്റികോ മാഡ്രിഡും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ആദ്യപാദ മത്സരത്തിനു ശേഷം അത്ലറ്റികോ മാഡ്രിഡിന്റെ പ്രതിരോധ ശൈലിയെ പുരാതനകാലത്തെ ഫുട്ബോൾ എന്നു വിശേഷിപ്പിച്ച ഗ്വാർഡിയോളക്ക് അതെ നാണയത്തിൽ മറുപടി നൽകി അത്ലറ്റികോ മാഡ്രിഡ് പ്രസിഡന്റ് എൻറിക്വ സെറെസോ.
അത്ലറ്റികോ മാഡ്രിഡിന്റെ മൈതാനത്തു നടന്ന രണ്ടാംപാദ മത്സരത്തിൽ അതേ പൗരാണിക, പ്രതിരോധ ഫുട്ബോൾ തന്നെയാണ് മാഞ്ചസ്റ്റർ സിറ്റി കളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യപാദത്തിൽ നേടിയ ഒരു ഗോളിന്റെ വിജയത്തിൽ കടിച്ചു തൂങ്ങിയ മാഞ്ചസ്റ്റർ സിറ്റി രണ്ടാംപാദത്തിൽ ഗോൾരഹിത സമനില നേടി സെമി ഫൈനലിലേക്ക് മുന്നേറിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു സെറെസോ.
Atletico's president accused Man City of playing 'defensively' and putting 'a wall in front of their goal' ? pic.twitter.com/HrfsBsfwrF
— B/R Football (@brfootball) April 14, 2022
"ഞങ്ങൾ മികച്ച പദവിയിലുള്ള ഒരു ടീമാണ്, അതിനാൽ തന്നെ ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ പലർക്കും കഴിയും. എന്നാൽ അവസാനം എല്ലാവർക്കും ഒരു പൗരാണിക ചരിത്രമുണ്ടെന്ന് കാണിച്ചു തന്നു. ഞങ്ങൾ ആക്രണമത്തിലൂന്നി മികച്ചൊരു മത്സരമാണ് കളിച്ചത്, എന്നാൽ സിറ്റി പുരാതനമായ രീതിയിൽ പ്രതിരോധിച്ച്, ഗോളിനു മുന്നിൽ ഒരു മതിൽ കെട്ടി ഗോൾ നേടാൻ ഞങ്ങളെ അനുവദിച്ചില്ല."
"എല്ലാവരും അതു കണ്ടു, സിറ്റി പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞ ഒരു ടീമായിരുന്നു. രണ്ടാം പകുതിയിൽ സിറ്റി ഗോളിലേക്ക് ഒരു തവണ മാത്രമാണ് ഷോട്ടുതിർത്തത്. എല്ലാ ടീമുകൾക്കും ഒരു പൗരാണിക ചരിത്രമുണ്ടെന്ന് അതു കാണിച്ചു തന്നു. ചെറിയൊരു ഭാഗ്യം ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ സെമി ഫൈനലിൽ എത്തേണ്ട മത്സരമായിരുന്നു അത്. എന്നാൽ ഒരു ഗോൾ നേടാനുള്ള ഭാഗ്യം ഇല്ലാതിരുന്നതിനാൽ എക്സ്ട്രാ ടൈമിലേക്ക് മത്സരം നീട്ടാൻ ഞങ്ങൾക്കായില്ല." സെറെസോ റേഡിയോ മാർക്കയോട് പറഞ്ഞു.
മത്സരത്തിനു ശേഷം അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണിയും പെപ് ഗ്വാർഡിയോളയെ വിമർശിച്ചിരുന്നു. ചിലയാളുകൾക്ക് വളരെയധികം പദസമ്പത്തുണ്ടെന്നും അവർ പ്രശംസക്കിടയിലൂടെ അധിക്ഷേപം നടത്തുമെന്നുമാണ് ഡീഗോ സിമിയോണി മത്സരത്തിനു ശേഷം പറഞ്ഞത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.