ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് അത്ലറ്റികോ മാഡ്രിഡ് പ്രസിഡന്റ്


ക്രിസ്റ്റ്യാനോ റൊണാൾഡോയെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കാൻ പദ്ധതിയുണ്ടെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് അത്ലറ്റികോ മാഡ്രിഡ് പ്രസിഡന്റ് എൻറികെ സെറെസോ. നിലവിലെ അഭ്യൂഹങ്ങൾ എവിടെ നിന്നുമാണ് ഉണ്ടാകുന്നത് എന്നറിയില്ലെന്നും താരത്തെ സ്വന്തമാക്കുക അസാധ്യമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ചേക്കേറാൻ സാധ്യതയുള്ള ക്ലബായി നിലവിൽ പരിഗണിക്കപ്പെട്ടിരുന്നത് അത്ലറ്റികോ മാഡ്രിഡായിരുന്നു. ലൂയിസ് സുവാറസിനു പകരക്കാരനായി ഒരു സ്ട്രൈക്കറെ ആവശ്യമുള്ള അത്ലറ്റികോ മാഡ്രിഡ് റൊണാൾഡോയെ പരിഗണിക്കുന്നുണ്ട് എന്നായിരുന്നു അഭ്യൂഹങ്ങൾ.
"ആരാണ് ഈ അഭ്യൂഹങ്ങൾ ഉണ്ടാക്കുന്നതെന്ന് എനിക്കറിയില്ല. എന്നാൽ താരം ക്ലബിലേക്കെത്തുകയെന്നത് പ്രായോഗികമായി അസാധ്യമായ കാര്യമാണ്." സെറെസോ കഴിഞ്ഞ ദിവസം പറഞ്ഞു. ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങളുള്ള അന്റോയിൻ ഗ്രീസ്മനെ സംബന്ധിച്ചും സെറെസോ പ്രതികരിച്ചു.
അന്റോയിൻ ഗ്രീസ്മൻ ക്ലബ് വിടാനുള്ള സാധ്യതയില്ലെന്നാണ് അദ്ദേഹം പറയുന്നത്. നാൽപതു മില്യൺ യൂറോ താരങ്ങളുടെ വിൽപ്പനയിൽ നിന്നും ഉണ്ടാക്കേണ്ടത് അത്ലറ്റികോ മാഡ്രിഡിന് ആവശ്യമാണെങ്കിലും അതിനുള്ള മറ്റു വഴികൾ നടപ്പിലാക്കും എന്ന് സെറെസോ വ്യക്തമാക്കി.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ അത്ലറ്റികോ മാഡ്രിഡ് ആരാധകർ മികച്ച രീതിയിലല്ല സ്വീകരിച്ചത്. ട്രാൻസ്ഫറിനെതിരെ അവർ സോഷ്യൽ മീഡിയ ക്യാമ്പയിൻ നടത്തിയിരുന്നു.