Football in Malayalam

ഗ്രീസ്‌മാൻ-സൗൾ കൈമാറ്റക്കരാറിനുള്ള സാധ്യത തള്ളിക്കളയാതെ അത്ലറ്റികോ മാഡ്രിഡ് പ്രസിഡന്റ്

Sreejith N
Club Atletico de Madrid v Real Valladolid CF - La Liga
Club Atletico de Madrid v Real Valladolid CF - La Liga / Quality Sport Images/Getty Images
facebooktwitterreddit

ബാഴ്‌സലോണ താരമായ അന്റോയിൻ ഗ്രീസ്‌മാനെ ടീമിലെത്തിച്ച് സൗളിനെ തിരിച്ചു നൽകിയുള്ള കൈമാറ്റക്കരാറിന്റെ സാധ്യതകൾ തള്ളിക്കളയാതെ അത്ലറ്റികോ മാഡ്രിഡ് പ്രസിഡന്റ് എൻറിക്‌ സെറെസോ. ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാ വിഷയമായി മാറിയ ട്രാൻസ്‌ഫറിനുള്ള സാധ്യതകൾ തള്ളിക്കളയാതിരുന്ന സെറെസോ "എന്തും സാധ്യമായ കാര്യമാണ്" എന്നാണു ഇതു സംബന്ധിച്ചു മാധ്യമങ്ങളോടു പ്രതികരിച്ചത്.

കഴിഞ്ഞ സീസണിലെ ലാ ലിഗ കിരീടം സ്വന്തമാക്കിയ അത്ലറ്റികോ മാഡ്രിഡ് ഇത്തവണ അതു നിലനിർത്താൻ വേണ്ടി ഇറങ്ങുമ്പോൾ ട്രാൻസ്‌ഫർ മാർക്കറ്റിൽ വേണ്ടത്ര ഇടപെടലുകൾ നടത്താനും പദ്ധതിയിട്ടുണ്ട്. അതേസമയം ഗ്രീസ്‌മാൻ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ഇതുവരെ തനിക്കൊരു വിവരവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

"അതേക്കുറിച്ച് എനിക്കൊരു ഐഡിയയുമില്ല, അവർ എന്നോട് ഒന്നും പറഞ്ഞിട്ടുമില്ല. ചർച്ചകൾ തന്നെ അതെങ്ങിനെ മുന്നോട്ടു പോകുന്നു എന്നെനിക്കറിയില്ല. എന്നാൽ എന്താണ് സംഭവിക്കുകയെന്നു നിങ്ങൾക്കറിയാൻ ഇനിയും സമയം ബാക്കി കിടക്കുന്നുണ്ട്. ഫുട്ബോളിൽ എന്തും സംഭവിക്കാം, എന്നാൽ ഗ്രീസ്മാന്റെ കാര്യത്തിൽ എനിക്കൊന്നുമറിയില്ല. ഞാൻ ചോദിച്ചിട്ടുമില്ല." സെറെസോ പറഞ്ഞു.

ലയണൽ മെസിയടക്കമുള്ള താരങ്ങളുടെ കരാർ പുതുക്കാനും ടീമിലെത്തിച്ച താരങ്ങളുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കാനും വേതനബിൽ കുറക്കേണ്ട ബാഴ്‌സലോണ അതിനു വേണ്ടിയാണ് ക്ലബിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായ ഗ്രീസ്‌മാനെ ഒഴിവാക്കി പകരം സൗളിനെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. അത്ലറ്റികോ പരിശീലകൻ സിമിയോണിക്ക് ഈ ട്രാൻസ്ഫറിൽ താല്പര്യമുണ്ടെന്നാണ് സൂചനകൾ.

അതേസമയം പോർച്ചുഗൽ താരമായ ജോവ ഫെലിക്‌സ് അത്ലറ്റികോ മാഡ്രിഡിൽ തന്നെ തുടരുമെന്ന് സെറെസോ വ്യക്തമാക്കി. ഗ്രീസ്‌മാനുമായി യുവതാരമായ ഫെലിക്‌സിനെ കൈമാറ്റം ചെയ്യുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടി പറയുമ്പോഴാണ് അദ്ദേഹം അതിനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞത്.

facebooktwitterreddit