ക്രിസ്റ്റ്യാനോ റൊണാൾഡോ അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറാൻ സാധ്യത


മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള സാധ്യത വർധിച്ചതോടെ റൊണാൾഡൊക്കു വേണ്ടി നിരവധി ക്ലബുകളാണ് രംഗത്തു വന്നിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം ചെൽസി, നാപ്പോളി, ബാഴ്സലോണ എന്നീ ക്ലബുകളാണ് താരത്തെ സ്വന്തമാക്കുന്ന കാര്യം പരിഗണിക്കുന്നത്. എന്നാൽ അവർക്കൊപ്പം മറ്റൊരു ക്ലബ് കൂടി താരത്തെ ടീമിലെത്തിക്കാൻ സാധ്യതയുണ്ടെന്ന് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കാറ്റലൻ മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോ ചരിത്രമെഴുതിയ ക്ലബായ റയൽ മാഡ്രിഡിന്റെ നഗരവൈരികളായ അത്ലറ്റികോ മാഡ്രിഡാണ് താരത്തെ സ്വന്തമാക്കാൻ സാധ്യതയുള്ളത്. ലൂയിസ് സുവാരസ് ക്ലബ് വിട്ടതിനു പകരക്കാരനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത അത്ലറ്റികോ മാഡ്രിഡ് റൊണാൾഡോയെ ടീമിലെത്തിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Could Cristiano go to Atletico? https://t.co/aPlIJ29Y9g
— SPORT English (@Sport_EN) July 6, 2022
അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കുക എന്നതാണ് റൊണാൾഡോയെ സംബന്ധിച്ച് പ്രധാന ലക്ഷ്യം. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം അതിനു കഴിയില്ലെന്നതും കിരീടങ്ങൾ നേടാനുള്ള സാധ്യത കുറയുമെന്നതും ക്ലബ് വിടാൻ പോർച്ചുഗൽ താരത്തെ പ്രേരിപ്പിക്കുന്നു. അത്ലറ്റികോ മാഡ്രിഡിൽ കളിക്കുകയാണെങ്കിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ കഴിയുന്ന റൊണാൾഡോക്ക് കിരീടങ്ങൾ നേടാനും സാധ്യതയുണ്ട്.
നിലവിൽ ചെൽസിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്കു വേണ്ടി സജീവമായ ശ്രമങ്ങൾ നടത്തുന്നതെങ്കിലും പ്രീമിയർ ലീഗിൽ തന്നെയുള്ള ഒരു ക്ലബ്ബിനു താരത്തെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് താൽപര്യമില്ല. അതുകൊണ്ടു തന്നെ അത്ലറ്റികോ മാഡ്രിഡിന് റൊണാൾഡോയെ സ്വന്തമാക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ അതിനായി അവർ മറ്റു ക്ലബുകളുടെ കടുത്ത മത്സരത്തെ മറികടക്കേണ്ടത് അനിവാര്യമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.