ഓൾഡ് ട്രാഫോഡിൽ ചുവന്ന ചെകുത്താന്മാരെ വീഴ്ത്തി അത്ലറ്റിക്കോ; മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്

ഓൾഡ് ട്രാഫോഡിൽ നടന്ന പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി അത്ലറ്റിക്കോ മാഡ്രിഡ്.
1-1ന്റെ സമനിലയിൽ കലാശിച്ച ആദ്യ പാദത്തിന് ശേഷം നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അത്ലറ്റിക്കോ വിജയം കരസ്ഥമാക്കിയത്. സ്പാനിഷ് ക്ലബിന് വേണ്ടി മത്സരത്തിന്റെ 41ആം മത്സരത്തിൽ റെനാൻ ലോഡിയാണ് ഗോൾ നേടിയത്.
വിജയം അനിവാര്യമായ മത്സരത്തിൽ ശക്തമായി തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിനാണ് ആദ്യ അവസരം ലഭിച്ചത്. പക്ഷെ, മത്സരത്തിന്റെ 13ആം മിനുറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ക്രോസ് ഗോൾമുഖത്തേക്ക് തിരിച്ചുവിടാൻ ആന്റണി എലാങ്കക്ക് കഴിഞ്ഞില്ലെങ്കിലും, താരത്തിന്റെ ഗോൾശ്രമം അത്ലറ്റികോ ഗോൾകീപ്പർ ജാൻ ഒബ്ലാക്കിന്റെ മുഖത്ത് തട്ടി തെറിക്കുകയായിരുന്നു.
തൊട്ടു പിന്നാലെ, മത്സരത്തിന്റെ 16ആം മിനുറ്റിൽ, റോഡ്രിഗോ ഡി പോൾ ഒരു മനോഹര ലോങ്ങ് റേഞ്ചർ തൊടുത്തെങ്കിലും, ഒരു മികച്ച സേവിലൂടെ ഡേവിഡ് ഡി ഹിയ യുണൈറ്റഡിനെ രക്ഷപ്പെടുത്തി.
34ആം മിനുറ്റിൽ ലോറെന്റെയുടെ പാസ് സ്വീകരിച്ച ജോവോ ഫെലിക്സ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾവല കുലുക്കിയെങ്കിലും, ലോറെന്റെ ഓഫ്‌സൈഡ് ആയിരുന്നതിനാൽ ഗോൾ നിഷേധിക്കപ്പെട്ടു.
ഏഴ് മിനിറ്റുകൾക്ക് ശേഷം അത്ലറ്റിക്കോ തങ്ങളുടെ ഗോൾ നേടി. ബോക്സിനുള്ളിൽ നിന്ന് അന്റോയിൻ ഗ്രീസ്മാൻ നൽകിയ ക്രോസിൽ നിന്ന് ഹെഡറിലൂടെ ലോഡിയാണ് അത്ലറ്റിക്കോക്ക് വേണ്ടി ഗോൾ നേടിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മികച്ച അവസരം സൃഷ്ടിച്ചെങ്കിലും, ഗോൾ കണ്ടെത്താനായില്ല. ബ്രൂണോ ഫെർണാണ്ടസിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ എലാങ്ക തൊടുത്തു വിട്ട ഷോട്ടിന് ലക്ഷ്യം കാണാനായില്ല.
53ആം മിനുറ്റിൽ വീണ്ടുമൊരു ലോങ്ങ് റേഞ്ച് ഡി പോൾ തൊടുത്തെങ്കിലും, ഇത്തവണയും ഡേവിഡ് ഡി ഹിയയെ മറികടക്കാൻ ആയില്ല.
സമനില ഗോൾ കണ്ടെത്താൻ 60ആം മിനുറ്റിൽ ജേഡൻ സാഞ്ചോക്ക് അവസരം ലഭിച്ചെങ്കിലും, ഡാലോട്ടിന്റെ ക്രോസിൽ നിന്നുള്ള താരത്തിന് ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെയാണ് പോയത്.
70ആം മിനുറ്റിൽ ടെല്ലസിന്റെ ഫ്രീകിക്കിൽ നിന്ന് വരാനെ ഉതിർത്ത ഹെഡർ ഒബ്ലാക്ക് സേവ് ചെയ്യുകയും, റീബൗണ്ടിൽ നിന്നുള്ള റൊണാൾഡോയുടെ അക്രോബാറ്റിക് ഷോട്ട് ഗോൾകീപ്പർ കൈപ്പിടിയിലൊതുക്കുകയും ചെയ്‌തു.
ഗോൾ കണ്ടെത്താൻ യുണൈറ്റഡ് ഏറെ പരിശ്രമിച്ചെങ്കിലും, പാറപോലെ ഉറച്ച് നിന്ന അത്ലറ്റിക്കോ പ്രതിരോധത്തെ മറികടക്കാൻ ചുവന്ന ചെകുത്താന്മാർക്കായില്ല. ഇതോടെ, മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തും, അത്ലറ്റിക്കോ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയും ചെയ്‌തു
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.