Transfers

ട്രിപ്പിയറിനു പകരക്കാരനായി അത്ലറ്റികോ മാഡ്രിഡ് അർജന്റീന താരത്തെ സ്വന്തമാക്കുന്നു

Sreejith N
Atletico Madrid Close To Sign Nahuel Molina
Atletico Madrid Close To Sign Nahuel Molina / Jonathan Moscrop/GettyImages
facebooktwitterreddit

കഴിഞ്ഞ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ന്യൂകാസിൽ യുണൈറ്റഡിലേക്ക് ചേക്കേറിയ ഇംഗ്ലണ്ട് റൈറ്റ് ബാക്ക് കീറോൺ ട്രിപ്പിയറിനു പകരക്കാരനെ കണ്ടെത്തി അത്ലറ്റികോ മാഡ്രിഡ്. ഇറ്റാലിയൻ ക്ലബായ യുഡിനസിന്റെ റൈറ്റ് ബാക്കായ നാഹ്വൽ മോളിനയെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിലാണ് അത്ലറ്റികോ മാഡ്രിഡെന്ന് സ്കൈ സ്പോർട്സ് ഇറ്റാലിയ ഉൾപ്പെടെ ഇറ്റലിയിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

നേരത്തെ വലൻസിയയുടെ ഡാനിഷ് താരമായ ഡാനിയൽ വാസിനെ ട്രിപ്പിയർക്കു പകരക്കാരനായി അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. ഫുൾ ബാക്കായും മിഡ്‌ഫീൽഡിലും കളിക്കാൻ കഴിയുന്ന വാസിനൊപ്പം ഒരു പ്രോപ്പർ റൈറ്റ് ബാക്ക് ആവശ്യമാണെന്നു തോന്നിയതു കൊണ്ടാണ് അത്ലറ്റികോ മാഡ്രിഡ് അർജന്റീനിയൻ താരമായ നാഹ്വൽ മോളിനയെക്കൂടി ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്.

കഴിഞ്ഞ സീസണിൽ ഏഴു ഗോളുകളും അഞ്ച് അസിസ്റ്റുകളും ഇറ്റാലിയൻ ക്ലബിനു വേണ്ടി നേടി മികച്ച പ്രകടനം നടത്താൻ മോളിനക്കു കഴിഞ്ഞിരുന്നു. സ്‌കലോണിയുടെ അർജന്റീന സ്‌ക്വാഡിൽ സ്ഥിരമായി ഇടം പിടിക്കാറുള്ള ഇരുപത്തിനാല് വയസുള്ള താരം തന്റെ പദ്ധതികൾക്ക് അനുയോജ്യനാണെന്നാണ് അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ സിമിയോണി കരുതുന്നത്.

നാഹ്വൽ മോളിനക്കായി ഒരു നിശ്ചിതതുകയും ഒരു താരത്തെയും വിട്ടു കൊടുക്കാനാണ് അത്ലറ്റികോ മാഡ്രിഡ് ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ സീസണിൽ യുഡിനെസിൽ ലോണിൽ കളിച്ച താരമായ നാഹ്വവൻ പെരസിനെയാണ് അത്ലറ്റികോ മാഡ്രിഡ് പകരം നൽകുക. ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ അത്ലറ്റികോ മാഡ്രിഡിന് കഴിഞ്ഞാൽ മോളിനയെ സ്വന്തമാക്കാമെന്ന യുവന്റസിന്റെ മോഹം പൊലിയും.

2020-21 സീസണിൽ ലാ ലിഗ കിരീടം നേടിയ അത്ലറ്റികോ മാഡ്രിഡിനു പക്ഷെ കഴിഞ്ഞ സീസണിൽ അത്ര മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലായിരുന്നു. ലീഗിൽ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്‌ത ടീം അടുത്ത സീസണിൽ കൂടുതൽ കരുത്തരാവാനുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit