Transfers

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാനുള്ള നീക്കത്തിൽ നിന്നും അത്ലറ്റികോ മാഡ്രിഡ് പിൻവാങ്ങുന്നു

Sreejith N
Atletico Madrid Believe Signing Ronaldo Is Not Possible
Atletico Madrid Believe Signing Ronaldo Is Not Possible / James Gill - Danehouse/GettyImages
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാനുള്ള നീക്കത്തിൽ നിന്നും സ്‌പാനിഷ്‌ ക്ലബായ അത്ലറ്റികോ മാഡ്രിഡ് പിൻവാങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പോർച്ചുഗീസ് താരത്തെ ടീമിന്റെ ഭാഗമാക്കാൻ അത്ലറ്റികോ മാഡ്രിഡിന് താൽപര്യമുണ്ടെങ്കിലും ക്ലബിന്റെ സാമ്പത്തിക സാഹചര്യങ്ങളാണ് അതിൽ നിന്നും പിന്മാറാൻ അവരെ പ്രേരിപ്പിക്കുന്നത്.

റൊണാൾഡോയെ വിട്ടുകൊടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് താൽപര്യമില്ലാത്തതിനാൽ തന്നെ താരത്തെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡ് നിശ്ചിത ഫീസ് നൽകേണ്ടി വരും. പ്രീമിയർ ലീഗിൽ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് റൊണാൾഡോ. താരത്തിന്റെ ട്രാൻസ്‌ഫർ ഫീസും വേതനവും നിലവിലെ സാഹചര്യത്തിൽ താങ്ങാൻ അത്ലറ്റികോ മാഡ്രിഡിന് കഴിയില്ലെന്ന് മാർക്ക റിപ്പോർട്ടു ചെയ്യുന്നു.

ലൂയിസ് സുവാരസ് ടീം വിട്ടതോടെ ഒരു മികച്ച സ്‌ട്രൈക്കറെ തേടുന്ന അത്ലറ്റികോ മാഡ്രിഡിന്റെ പരിശീലകനായ ഡീഗോ സിമിയോണിക്ക് റൊണാൾഡോയിൽ താൽപര്യമുണ്ടെങ്കിലും സാമ്പത്തികസ്ഥിതി അതിന് അനുവദിച്ചേക്കില്ല. റൊണാൾഡോയെ സ്വന്തമാക്കുന്നതിനു പകരം അർജന്റീനിയൻ ഫുൾ ബാക്കായ മോളിനക്കു വേണ്ടിയുള്ള നീക്കങ്ങൾ ശക്തമാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

റൊണാൾഡോയെ സ്വന്തമാക്കാനുള്ള നീക്കത്തിൽ നിന്നും അത്ലറ്റികോ മാഡ്രിഡും പിന്മാറിയാൽ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാമെന്ന പോർച്ചുഗൽ താരത്തിന്റെ മോഹങ്ങൾ ഏറെക്കുറെ അവസാനിച്ചേക്കും. ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള മറ്റു ക്ലബുകളൊന്നും റൊണാൾഡോയെ സ്വന്തമാക്കുന്ന കാര്യം നിലവിൽ പരിഗണിക്കുന്നില്ലെന്നതാണ് ഇതിനു കാരണം.

അതേസമയം റൊണാൾഡോയെ വിൽക്കാനില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. അടുത്ത സീസണിലെ തന്റെ പദ്ധതികളിൽ താരവുമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit