ഫ്രീ ഏജന്റാകുന്ന ഡിബാലക്കായി മത്സരം മുറുകുന്നു, ബാഴ്സക്കു പുറമെ ഇന്ററും അത്ലറ്റികോ മാഡ്രിഡും താരത്തിനായി രംഗത്ത്


ഈ സീസൺ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റാകുന്ന യുവന്റസ് താരം പൗളോ ഡിബാലക്കു വേണ്ടിയുള്ള പോരാട്ടം മുറുകുന്നതായി റിപ്പോർട്ടുകൾ. അർജന്റീനിയൻ താരവുമായി പുതിയ കരാറിലെത്താൻ യുവന്റസിനു കഴിഞ്ഞില്ലെങ്കിൽ ദിബാലയെ സ്വന്തമാക്കാൻ ബാഴ്സ രംഗത്തുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നതിനു പുറമെ അത്ലറ്റികോ മാഡ്രിഡും ഇന്റർ മിലാനും താരത്തിനായി രംഗത്തുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.
ട്രാൻസ്ഫർ മാർക്കറ്റ് എക്സ്പെർട്ടും ജേർണലിസ്റ്റുമായ നിക്കോളോ ഷിറായാണ് ഡിബാലക്കായി മൂന്നു ക്ലബുകൾ നിലവിൽ രംഗത്തു വന്നിട്ടുണ്ടെന്നു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിബാലയുടെ ഏജന്റായ ജോർജ് ആന്റുനുമായി ഇക്കാര്യവുമായി ബന്ധപ്പെട്ട് ഈ ക്ലബുകൾ പ്രാഥമികാന്വേഷണം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. താരത്തിന്റെ ഭാവിയെക്കുറിച്ച് കൃത്യമായി അറിയാൻ ഈ ക്ലബുകൾ കുറച്ചു കൂടി കാത്തിരിക്കേണ്ടി വരുമെന്നും ഷിറ പറയുന്നു.
Paulo #Dybala’s agent (Jorge Antun) landed in Turin in the next hours. Timing confirmed. Expected a meeting with #Juventus in the next days to discuss the contract extension and try to reach an agreement. #transfers https://t.co/7hl4bema8U
— Nicolò Schira (@NicoSchira) March 5, 2022
അടുത്ത ദിവസങ്ങളിൽ തന്നെ ഡിബാലയുടെ കരാർ പുതുക്കുന്ന കാര്യത്തിൽ യുവന്റസും ഏജന്റും തമ്മിൽ ചർച്ചകൾ നടക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. കരാർ പുതുക്കാൻ ഒരു സീസണിൽ ഏഴു മില്യൺ യൂറോയും 1.5 മില്യൺ ബോണസുകളും എന്ന ഓഫറാണ് യുവന്റസ് ഇപ്പോൾ മുന്നോട്ടു വെച്ചിരിക്കുന്നത്. ഒക്ടോബറിൽ നൽകിയ ഓഫറിനേക്കാൾ കുറഞ്ഞ തുകയാണ് ഇതെന്നതിനാൽ ഡിബാല ഭാവിയെക്കുറിച്ച് മാറിചിന്തിക്കാൻ സാധ്യത നിലനിൽക്കുന്നുണ്ട്.
യുവന്റസ് വിടാനാണ് ഡിബാലയുടെ തീരുമാനമെങ്കിൽ ഏതു ക്ലബിനെയാവും താരം തിരഞ്ഞെടുക്കുക എന്നു വ്യക്തമല്ല. യുവന്റസിന്റെ എതിരാളികളായ ഇന്റർ മിലാനിലേക്ക് താരം ചേക്കേറാൻ സാധ്യത കുറവാണ്. ബാഴ്സയുടെ ഓഫർ മികച്ചതാണെങ്കിൽ താരം കാറ്റലൻ ക്ലബിൽ തന്നെയെത്താനാണ് സാധ്യത. അർജന്റീനിയൻ പരിശീലകനായ സിമിയോണിയുടെ അത്ലറ്റികോ മാഡ്രിഡും ഡിബാലയെ ആകർഷിക്കാൻ സാധ്യത ഉണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.